ഒരു കായിക താരം തന്റെ കരിയറില്‍ നേടുവാന്‍ കൊതിക്കുന്നതെല്ലാം ഇരുപത്തിഅഞ്ച് വയസ്സ് തികയുന്നതിന് മുന്‍പ് സ്വന്തമാക്കിയാണ് ഭാരതത്തിന്റെ അഭിമാനതാരമായ നീരജ് ചോപ്ര ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നിന്നും മടങ്ങുന്നത്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനത്തില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് സ്വര്ണ്ണദൂരം കണ്ടെത്തുമ്പോള്‍ നമ്മുടെ രാജ്യത്തിനത്, കന്നി സ്വര്‍ണ്ണമെഡലായിരുന്നു. 88.17 മീറ്റര്‍ അകലെ ജാവലിന്റെ മുനപതിപ്പിച്ച നീരജ് ഭാരതത്തിന്റെ കായിക ചരിത്രത്തില്‍ തന്റെ സുവര്‍ണ്ണ അദ്ധ്യായത്തില്‍ മറ്റൊരു ഖണ്ഡിക കൂടി എഴുതി ചേര്‍ത്തു.
2016ല്‍ ഗൂവാഹത്തിയില്‍ നടന്ന സൗത്ത് ഏഷ്യഗെയിംസില് ഒന്നാമതായെത്തിയ നീരജിന് പിന്നിടൊരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2016ല്‍ പോളണ്ടിന്റെ ബൈഡഗോസില് അണ്ടര്‍ 20 ലോക ചാമ്പ്യന്‍ഷിപ്പില്‍ 86.46 മീറ്ററോടെ ലോക റിക്കാര്‍ഡ് കുറിച്ച നീരജ് 2017ല്‍ ഭുവനേശ്വറില്‍ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും, 2018ല്‍ ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണ്ണനേട്ടം ആവര്‍ത്തിച്ചു. 2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യല്‍ ഗെയിംസില്‍ 88.05 മീറ്റര്‍ ദൂരത്തോടെ നീരജ് തന്റെ കരിയറിന്റെ ഏറ്റവും മികച്ച നേട്ടം കൈവരിച്ചു. 2021 ഓഗസ്റ്റ് 7ന് ടോക്കിയോ ഒളിംപിക്സ് വിശ്വകായിക മേളയിലാണ് 87.58 മീറ്റര്‍ ദൂരത്തോടെ ഭാരതത്തിന് ആദ്യമായി അത്ലറ്റിക്സില് ഒരു ഒളിമ്പിക് സ്വര്‍ണമെന്ന നൂറ്റാണ്ടു നീണ്ട സ്വപ്നം നീരജ് യാഥാര്‍ത്ഥമാക്കിയത്. ടോക്കിയോ ഗെയിംസില്‍, ലോക റിക്കാര്ഡുകാരനായ ജര്‍മനിയുടെ ജൊഹാനസ് വെട്ടര്ക്ക് പിന്നില്‍ ഒരു വള്ളിമെഡലാണ് അത്ലറ്റിക് വിദഗ്ധര്‍ നീരജിന് പ്രവചിച്ചിരുന്നത്. ബുഡാപെസ്റ്റിലെ നാഷണല്‍ അത്ലറ്റിക് സെന്ററില്‍ യോഗ്യത റൗണ്ടില്‍ ആദ്യശ്രമത്തില്‍ തന്നെ കടമ്പ കടന്ന നീരജ് ഫൈനലില്‍ 140 കോടി ഭാരതീയരുടെ പ്രതീക്ഷകള്‍ക്ക് ഒപ്പമുയരുകതന്നെ ചെയ്തു. ഫൈനലില്‍ മത്സരിച്ച പന്ത്രണ്ട് പേരില്‍, രണ്ടാം ശ്രമത്തില്‍ 88.17 മീറ്റര്‍ ദൂരത്തോടെ മുന്നിലെത്തിയ നീരജിന് വെല്ലുവിളി ഉയര്‍ത്താനായത് പാകിസ്ഥാന് താരം അര്‍ഷാദ് നദീമിന് മാത്രമാണ്. അവസാന നാലു ത്രോകളിലും ലീഡു കൈവിടാതെ മുന്നേറിയ നീരജ് ലോകചാമ്പ്യന്‍ഷിപ്പില്‍ പോയ വര്‍ഷം നേടിയ വെള്ളി മെഡല്‍ സ്വര്‍ണ്ണമാക്കി മാറ്റി. അത്ലറ്റിക് ചരിത്രത്തില്‍ ഒരേ സമയം ഒളിമ്പിക്, ലോക ചാമ്പ്യന്‍ഷിപ്പ് വിജയങ്ങള്‍ സ്വന്തമാക്കിയ നീരജിന് ജാവലിന്‍ ത്രോയില്‍ എല്ലാ പ്രധാന കൈവരിക്കുവാന്‍ കഴഞ്ഞു. നീരജ് ഇനി ലക്ഷ്യമിടേണ്ടത് ജാവലിന്‍ ത്രോയില്‍ 90 മീറ്റര്‍ കടമ്പ കടക്കുയെന്നതാണ്. 98.48 മീറ്റിന്റെ യാന്‍ സെലെസ്നിയുടെ ലോക റിക്കോര്‍ഡ് ഭേദിക്കാനാകാതെ നിലകൊള്ളുന്നു. 3 ഒളിമ്പിക്സുകളിലും 3 ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയിട്ടുള്ള താരമാണ് സെെലന്സ്നി. 1996ലാണ് ജര്‍മനിയില്‍ യാന്‍ സെലെസ്നി ജാവലിനില്‍ ലോക റിക്കോര്‍ഡു കുറിച്ചിട്ടുള്ളത്.
സ്ഥിരോത്സാഹവും, കഠിനാദ്ധ്വാനവും, ലക്ഷ്യങ്ങള്‍ നേടാനുള്ള അതിയായ മോഹവും ചിട്ടയോടെയുള്ള പരിശീലനവുമാണ് നീരജ് ചോപ്രയില്‍ താന്‍ കണ്ടിട്ടുള്ള ഗുണങ്ങളെന്നും, ഈ കായിക താരംവരും നാളുകളില്‍ കൂടുതല്‍ ഔന്നത്യങ്ങളിലെത്തുമെന്നതിന് സംശയം വേണ്ട എന്നുമാണ്, കഴിഞ്ഞ ടോക്കിയോ ഒളിംപിക്സില്‍ നീരജിന്റെ മികച്ച പ്രകടനം നേരില്‍ കണ്ട ഇന്ത്യന്‍ താരങ്ങളെ കൊവിഡിന്റെ ഭീതിയില്‍ നിന്നും സംരക്ഷിക്കുവാന്‍ അഹോരാത്രം പ്രവര്‍ത്തിച്ച, ചീഫ് എക്സ്പോര്‍ട്ട് സ്പെഷ്യലിസ്റ്റ് ഡോക്ടര്‍, മലയാളിയായ ഡോ. അരുണ്‍ ബേസില്‍ മാത്യു രാവിലെ അയച്ച മേസേജില് കുറിച്ചിരുന്നത്. കായിക താരങ്ങള്‍ക്ക് നീരജ് ഒരു മാതൃകയാണെന്നാണ് അരുണ്‍ മാത്യു പറയുന്നത്.
സ്പോര്‍ട്സില്‍, കേള്‍ക്കുന്ന ഒരു ചുരുക്കെഴുത്താണ് ഏഛഅഠ (ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം). ഇരുപത്തിഅഞ്ചാം വസയ്യില് നീരജിനെ നമുക്ക് ആ പദവിയിലേക്ക് ഉയര്‍ത്തേണ്ട. പക്ഷെ മില്ഖാസിങ്ങിലും, പി.ടി. ഉഷയിലും നമ്മുടെ രാജ്യത്തിന് തലനാരിഴയ്ക്ക് നഷ്ടപ്പെട്ട ഒളിംപിക് മെഡലുകളെക്കുറിച്ച് ഇനി മറക്കാം. നീരജിന്റെ ചെറുപ്രായത്തിലെ വലിയ നേട്ടങ്ങള്‍ ഭാരതത്തിലെ കായികരംഗത്തിന് ഉണര്‍വും, ഉന്മേഷവും പകരുക തന്നെ ചെയ്യും. വരും നാളുകളില്‍ നീരജിനെപ്പോലെയുള്ള താരങ്ങളെ നമുക്ക് ലോകവേദികളില്‍ അവതരിപ്പിക്കാന്‍ കഴിയുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: