ആലപ്പുഴ: സംസ്ഥാന നേതൃത്വം അച്ചടക്കത്തിന്റെ വാള് വീശിയിട്ടും ആലപ്പുഴയിലെ സിപിഎമ്മില്‍ വിഭാഗീയതയുടെ കനല് അണയുന്നില്ല. ജില്ലാ നേതൃത്വം ഏകപക്ഷീയമായ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ താഴെത്തട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. ആലപ്പുഴ ഏരിയയിലെ അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് പരാതി നല്കി.
ലോക്കല്‍ സെക്രട്ടറിയുടെ വീട്ടില്‍നിന്ന് കഞ്ചാവ് പിടിച്ചതടക്കമുള്ള ആരോപണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരാതി. ജില്ലാ നേതൃത്വത്തിന് ഇതു സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഉണ്ടായിട്ടും നടപടി എടുക്കാതെ ഒഴിഞ്ഞുമാറുകയാണെന്നാണ് ഇവരുടെ വിമര്‍ശനം. കഴിഞ്ഞ സമ്മേളന കാലയളവില്‍ തന്നെ ജില്ലയിലെ വിഭാഗീയത മറനീക്കി പുറത്തു വന്നിരുന്നു. പിന്നീട് പാര്‍ട്ടി സംസ്ഥാന നേതൃത്വം അടക്കം ഇടപെട്ട് വിവിധ ലോക്കല്‍ കമ്മിറ്റികളില്‍ നടക്കുന്ന പുനഃസംഘടനയിലും വിഭാഗീയതയുണ്ടെന്നാണ് ആക്ഷേപം.
പാര്‍ട്ടി അന്വേഷണ കമ്മിഷന് ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ തിരുത്തുന്നില്ല എന്നാണ് പരാതിയിലെ പ്രധാന ആക്ഷേപം. ഔദ്യോഗിക പാനലില്‍ തോല്‍പ്പിക്കപ്പെട്ടവരെ പുതിയതായി പുനഃസംഘടിപ്പിക്കപ്പെട്ട കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന ആരോപണവും ഉയരുന്നുണ്ട്. സംസ്ഥാന സെക്രേട്ടറിയറ്റംഗമായ മന്ത്രിയുമായി ചേര്‍ന്ന് ഒരുവിഭാഗം നേതാക്കള്‍ ഗൂഢാലോചന നടത്തുകയും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകുകയും ചെയ്തു എന്നാണ് മറ്റൊരു ആരോപണം.
എംഎല്‍എ ഓഫീസില്‍ ജോലി നല്കാന് ഒരു യുവതിയില്‍നിന്ന് പണം വാങ്ങി. പണം വാങ്ങിയ നേതാവ് പോലീസ് സ്റ്റേഷനില്‍ ഇടനിലക്കാരനായി. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാത്ത ഒരാളെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: