ന്യൂദല്‍ഹി: ചന്ദ്രയാന്‍ 3 ചെന്നിറങ്ങിയ ചന്ദ്രനിലെ ഇടത്തിന് ശിവ ശക്തി എന്ന് വിളിക്കുന്നതില്‍ തെറ്റില്ലെന്ന് ഐഎസ് ആര്‍ഒ മേധാവി എസ് സോമനാഥ്. ഞങ്ങള്‍ക്കെല്ലാം സ്വീകാര്യമായ രീതിയിലാണ് പ്രധാനമന്ത്രി അതിന്റെ അര്‍ത്ഥം വിശദീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രയാന്‍ 2 ചെന്നിറങ്ങിയ ചന്ദ്രനിലെ ഇടത്തിന് തിരംഗ എന്ന പേരാണ് പ്രധാനമന്ത്രി നല്‍കിയത്. ഇത് രണ്ടും ഭാരതീയ നാമങ്ങളാണ്. നമ്മള്‍ ചെയ്യുന്നതില്‍ നമുക്ക് പ്രധാന്യമുണ്ട്. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന് അതിനുള്ള അവകാശമുണ്ട്. തിരുവനന്തപുരത്ത് വെങ്ങാനൂര്‍ പൗര്‍ണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ്. പ്രകാരം പ്രത്യേക പൂജയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു.
ശാസ്ത്രവും വിശ്വാസവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. അത് രണ്ടും കൂട്ടിക്കലര്‍ത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയാണ് ബെംഗളൂരുവിലെ ഐഎസ് ആര്‍ഒ ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ചന്ദ്രയാന്‍ 3, ചന്ദ്രയാന്‍ 2 എന്നിവ ചെന്നിറങ്ങിയ ചന്ദ്രനിലെ പ്രദേശങ്ങള്‍ക്ക് ശിവശക്തി, തിരംഗ എന്നീ പേരുകള്‍ നല്‍കിയത്. ഇത് ഇന്ത്യയാണെന്നും ലോകത്തിന്റെ ഇരുണ്ട പ്രദേശങ്ങളിലേക്ക് കടന്ന് ചെന്ന് അവിടെ പ്രകാശം പരത്താന്‍ ഇന്ത്യക്ക് കഴിയുമെന്നും പ്രധാനമന്ത്രി മോദി പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ശിവശക്തി, തിരംഗ എന്നീ പേരുകളെ ന്യായീകരിച്ച് എസ് സോമനാഥ് വിശദീകരണം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: