കോട്ടയം: റബ്ബര്‍വില താഴുന്ന സാഹചര്യത്തില്‍ ആഭ്യന്തര റബ്ബര്‍വിപണി സുസ്ഥിരപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി റബ്ബര്‍ബോര്‍ഡ് ടയര്നിര്മ്മാതാക്കളുടെയും ഇന്ത്യന്‍ റബ്ബര്‍ ഡീലേഴ്സ് ഫെഡറേഷന്റെയും പ്രതിനിധികളുമായി ചര്‍ച്ച നടത്തി. റബ്ബര്‍ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ യോഗത്തില്‍ അധ്യക്ഷനായി. റബ്ബര്‍വിപണിയില്‍ ഇപ്പോഴുള്ള പ്രധാനപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചും വില താഴുന്ന സാഹചര്യത്തില്‍ കൈക്കൊള്ളേണ്ട നയങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
ഉത്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍-മെയ് കാലയളവില്‍ ഉണ്ടായിരുന്ന അതേ പ്രവണത തന്നെയാണ് തുടരുന്നതെങ്കിലും മെയ്മാസം മുതല്‍ റബ്ബര്‍വില താഴ്ന്നുകൊണ്ടിരിക്കുന്നതില് ബോര്‍ഡിന് ആശങ്കയുണ്ടെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു.
ഏപ്രില്‍-മെയ് മാസങ്ങളില്‍ റബ്ബറിന്റെ വരവ് കുറഞ്ഞതുമൂലം ആഭ്യന്തരവിപണിയിലെ കമ്മി നികത്തുന്നതിന് ഇറക്കുമതി നടത്താന്‍ നിര്‍ബന്ധിതമായിട്ടുണ്ടെന്ന് ടയര്‍ കമ്പനികളുടെ പ്രതിനിധികള്‍ പറഞ്ഞു.
പ്രധാന റബ്ബറുപഭോക്താക്കള് വിപണിയില്‍ സജീവമാകാത്തതിനാല്‍ റബ്ബര്‍ വിറ്റഴിക്കപ്പെടാതെ കെട്ടിക്കിടക്കുന്നുണ്ടെന്നും അതുവഴി വലിയ സാമ്പത്തികനഷ്ടം ഉണ്ടാകുന്നതായും ഇന്ത്യന്‍ റബ്ബര്‍ ഡീലേഴ്സ് ഫെഡറേഷന്റെ പ്രതിനിധികള്‍ യോഗത്തെ അറിയിച്ചു. ഉത്പാദനം കൂടുന്ന മാസങ്ങളാണ് മുന്നിലുള്ളത്. കൈവശമുള്ള റബ്ബര്‍ വിറ്റഴിച്ചെങ്കില്‍ മാത്രമേ പുതുതായി സംഭരണം തുടങ്ങാന്‍ കഴിയൂ. അതിനാല്‍ കൂടുതല്‍ സജീവമായി ഓര്‍ഡറുകള്‍ നല്കാന് ടയര്‍നിര്‍മ്മാതാക്കള്‍ തയ്യാറാകണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.
അടിയന്തിരമായി ആഭ്യന്തരവിപണിയില്‍ നിന്ന് കൂടുതല്‍ റബ്ബര്‍ വാങ്ങിക്കൊണ്ട് കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഉണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടം ഒഴിവാക്കുന്നതിന് സഹായകമായ നിലപാട് എടുക്കണമെന്നും ടയര്‍ നിര്‍മ്മാതാക്കളുടെ പ്രതിനിധികളോട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.
കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ യുക്തിരഹിതമായി വില താഴ്ത്തുന്നത് ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അനൂപ് ജോണ്‍, എല്‍ദോ ചാക്കോ, ദിലീപ് ജോസ്, മുരളി ഗോപാല്‍, ഹരി എന്നിവരാണ് വിവിധ ടയര്നിര്മ്മാതാക്കളെ പ്രതിനിധാനം ചെയ്ത് യോഗത്തില്‍ പങ്കെടുത്തത്. ഇന്ത്യന്‍ റബ്ബര്‍ ഡീലേഴ്സ് ഫെഡറേഷനുവേണ്ടി പ്രസിഡന്റ് ജോര്‍ജ് വാലി, ജനറല്‍ സെക്രട്ടറി ബിജു പി. തോമസ്, ട്രഷറര്‍ ലിയാക്കത്ത് അലി ഖാന്, റബ്ബര്‍ബോര്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബിനോയ് കുര്യന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: