അധ്യാപകനും വിദ്യാര്‍ത്ഥികളും ഒരുമിച്ച് താമസിച്ച് വേദപാഠങ്ങള്‍ പഠിക്കുന്ന സ്ഥലമാണ് ഗുരുകുലം. അറിവ് പകരാനുള്ള ഏറ്റവും നല്ല സംവിധാനമായ ഗുരുകുലം തിരുവനന്തപുരത്ത് ഉണ്ട്. ജനക ജനനീ കൃപാ ഗുരുകുലം. വേദം പഠിപ്പിക്കുക എന്നതിലുപരി, സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസവും പാര്‍പ്പിടവും നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മാതൃകാ സ്ഥാപനം. വേദാന്ത തത്വശാസ്ത്രത്തിന്റെ ലോകപ്രശസ്ത പാരമ്പര്യ ആചാര്യനായ സ്വാമി ദയാനന്ദ സരസ്വതി സ്ഥാപച്ച ഗുരുകുലം യോഗ, വേദാന്തം, സംസ്കൃതം എന്നിവ പഠിപ്പിക്കുന്ന അപൂര്‍വ സ്ഥലങ്ങളില്‍ ഒന്നാണ്. രക്ഷകര്‍ത്താക്കള്‍ ഇല്ലാതവരോ ആവശ്യമായ പരിചരണവും ശരിയായ വിദ്യാഭ്യാസവും നല്കാന് കുടുംബത്തിന് കഴിയാത്ത വിധം ദുരിതത്തിലാകുകയോ ചെയ്യുന്ന പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളെയാണ് ഇവിടേക്ക് തെരഞ്ഞെടുക്കുന്നത്. 5 മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലേക്കാണ് പ്രവേശനം.
പാര്‍പ്പിടം, വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍, ഭക്ഷണം എന്നിവയ്ക്ക് പുറമേ മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും നല്കുന്നു. കുട്ടികളെ അടുത്തുള്ള പബ്ലിക് സ്കൂളിലേക്കാണ് അയക്കുന്നത്. ഗുരുകുലത്തിലെ പ്രതിദിന കാര്യക്രമത്തില്‍ യോഗ ക്ലാസ്, വിഷ്ണുസഹസ്രനാമം, സംസ്കൃതം, ഭഗവദ്ഗീത, ലളിതാ സഹസ്രനാമം, പുരുഷ സൂക്തം, ശ്രീസൂക്തം തുടങ്ങിയ മറ്റ് വേദമന്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം കണക്കിലെടുത്ത് വായിക്കാനും എഴുതാനും ആശയവിനിമയം നടത്താനും കഴിയുന്ന തരത്തില്‍ ഇംഗ്ലീഷ് ട്യൂഷനും നല്‍കുന്നുണ്ട്. കുട്ടികള്‍ക്ക് കുടുംബങ്ങളുമായി നിരന്തരം ബന്ധപ്പെടാനും സ്കൂള്‍ അവധി ദിനങ്ങള്‍ വീടുകളില്‍ ചെലവഴിക്കുന്നതിനും അവസരം നല്‍കുന്നുണ്ട്.
വട്ടിയൂര്‍ക്കാവ് ഗുരുഗോപിനാഥ് നടന കലാകേന്ദ്രത്തിനു സമീപത്തുള്ള ഗുരുകുലത്തിന്റെ അന്തരീക്ഷം വളരെ മനോഹരമാണ്. 2003ല്‍ സ്വാമി ദയാനന്ദ സരസ്വതി ആരംഭിച്ച ഓള് ഇന്ത്യ മൂവ്മെന്റ് ഫോര്‍ സേവ ( എഐഎം ഫോര്‍ സേവ) യുടെ തുടര്‍ച്ചയാണ് ഗുരുകുലം. എയിം ഫോര്‍ സേവയുടെ തിരുവനന്തപുരം ചാപ്റ്ററിന്റെ ചുമതല ശിഷ്യന് സ്വാമി തത്ത്വരൂപാനന്ദ സരസ്വതിക്കായിരുന്നു. ഗുരു ഗോപിനാഥിന്റെ മകളും സ്വാമി ദയാനന്ദയുടെ ഭക്തയുമായ വാസന്തി ജയസ്വാള്‍ തന്റെ സ്ഥലവും കെട്ടിടവും എയിം ഫോര്‍ സേവയ്ക്ക് സംഭാവന ചെയ്തു. സ്വാമി തത്ത്വരൂപാനന്ദയെ ഈ സ്ഥലം പരിപാലിക്കുന്നതിനും ഒരു വിദ്യാര്‍ത്ഥി ഭവനം നടത്തുന്നതിനും ചുമതലപ്പെടുത്തി. 2006 ഏപ്രില്‍ 16ന് തിരുവിതാംകൂര്‍ മഹാരാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ സാന്നിധ്യത്തില്‍ സ്വാമി ദയാനന്ദ സരസ്വതി ജനക ജനനി കൃപ ഗുരുകുലം ഉദ്ഘാടനം ചെയ്തു. അന്നുമുതല്‍ സ്വാമി തത്ത്വരൂപാനന്ദ സരസ്വതിയാണ് ഇവിടം പരിപാലിക്കുന്നത്.
പതിനെട്ടാം വയസ്സില്‍ തൃശ്ശൂരിലെ നാരായണ ആശ്രമമായ തപോവനത്തില്‍ ചേരുകയും സ്വാമി ഭൂമാനന്ദ തീര്‍ത്ഥയുടെ മാര്‍ഗനിര്‍ദേശപ്രകാരം വേദപഠനം ആരംഭിക്കുകയും ചെയ്ത ആളാണ് സ്വാമി തത്ത്വരൂപാനന്ദ പിന്നീട് നിരവധി ഹിമാലയന്‍ ആത്മീയ ഗുരുക്കന്മാരുടെ കൂട്ടായ്മയില്‍ കഠിനമായ ആത്മീയ പരിശീലനങ്ങള്‍ നടത്തി. ഉപനിഷത്തുക്കള്‍, ഭഗവദ്ഗീത, ബ്രഹ്മസൂത്രം, വേദഗ്രന്ഥങ്ങള്‍ എന്നിവ പഠിപ്പിക്കുന്നതിനുള്ള പരമ്പരാഗത രീതിശാസ്ത്രവും പഠിച്ചു. സ്വാമി ദയാനന്ദ സരസ്വതിയാണ് സ്വാമി തത്ത്വരൂപാനന്ദ സരസ്വതിയെ സന്യാസത്തിന്റെ പരമ്പരാഗത ക്രമത്തിലേക്ക് സ്വീകരിച്ചത്.
ഏറെ പ്രശംസ പിടിച്ചുപറ്റിയ ലളിതവും നര്‍മ്മവും നേരിട്ടുള്ളതുമായ അധ്യാപനരീതിയാണ് സ്വാമിയുടെ പ്രത്യേകത. ഇന്ത്യയിലെ ശിവാനന്ദ യോഗ വിദ്യാപീഠം, ജര്‍മ്മനിയിലെ ഹൗസ് യോഗ വിദ്യാ കേന്ദ്രങ്ങള്‍, ഫ്രാന്‍സ്, ഡെന്മാര്ക്ക്, ചെക്ക് റിപ്പബ്ലിക്, പോര്‍ച്ചുഗല്‍, ജപ്പാന്, തായ്ലന്ഡ്, റഷ്യ എന്നിവിടങ്ങളിലെ വിവിധ ആത്മീയ ഗ്രൂപ്പുകള്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ സ്വാമി തത്ത്വരൂപാനന്ദ സരസ്വതി വേദപാഠങ്ങള്‍ പഠിപ്പിക്കുന്നു. അത്തരമൊരു ആചാര്യന്റെ കീഴില്‍ പഠിക്കാനൂള്ള അവസരമാണ് ജനക ജനനീ കൃപാ ഗുരുകുലം ഒരുക്കുന്നത്.
”20 കുട്ടികള്‍ക്ക് വരെ താമസിച്ചു പഠിക്കാനുള്ള സൗകര്യമാണ് ഇപ്പോള്‍ ഉള്ളത്. നേരത്തെ എവിടെനിന്നുള്ള കുട്ടികള്‍ക്കും പഠിക്കാന്‍ എത്താമായിരുന്നു. ഇപ്പോള്‍ ഇത്തരം സ്ഥാപനങ്ങളില്‍ അതാത് ജില്ലകളില്‍ ഉള്ളവരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന് സര്‍ക്കാര്‍ നിബന്ധന വന്നു. അതിനാല്‍ ഇപ്പോള്‍ പകുതി കുട്ടികള്‍ മാത്രമേ ഉള്ളു. അര്‍ഹരായ കുട്ടികളുണ്ടെങ്കില്‍ പ്രവേശനം നല്കാന് സന്തോഷമേയുള്ളു’സ്വാമി തത്ത്വരൂപാനന്ദ സരസ്വതി ജന്മഭൂമിയോട് പറഞ്ഞു.
‘ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ എല്ലാ നിയമങ്ങളും പാലിച്ച് മാത്രമാണ് ഗുരുകുലം പ്രവര്‍ത്തിക്കുന്നത്. പഠിച്ചിറങ്ങിയ കുട്ടികള്‍ പലരും നല്ല നിലയില്‍ എത്തി എന്നതാണ് വലിയ സന്തോഷം. അമേരിക്കയില്‍ പ്രശസ്തയമായ ടൂണ്‍സ് ആനിമേഷനില്‍ ഒരു വിഭാഗത്തിന്റെ മേധാവിയായ രഞ്ജിത് ഉള്‍പ്പെടെ സര്‍ക്കാര്‍ സര്‍വീസിലും ബിസിനസ്സിലും ഒക്കെ വിജയം വരിച്ച പൂര്‍വിദ്യാര്‍ത്ഥികള്‍ മാതൃസ്ഥാപനത്തിലേക്കുള്ള വരവ് മുടക്കാറില്ല’ സ്വാമി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 94461 77085, 96200 53425 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: