തിരുവനന്തപുരം: മർദനമേറ്റ പരിക്കുകളുമായി പരാതി പറയാൻ എത്തിയ യുവാവ് പോലീസ് സ്‌റ്റേഷന്റെ മുൻവശത്തെ ഗേറ്റ് താഴിട്ടു പൂട്ടിയശേഷം കടന്നു. അമ്പൂരി സ്വദേശി നോബി തോമസാണ്(40) വെള്ളറട പോലീസ് സ്‌റ്റേഷന്റെ ഗേറ്റ് പൂട്ടിയത്.
ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. അമ്പൂരിയിൽ വച്ച് രണ്ടുപേർ തന്നെ ആക്രമിച്ച് പരിക്കേൽപ്പിച്ചുവെന്ന പരാതി പറയാനായി ശനിയാഴ്ച രാവിലെ നോബി വെള്ളറട പോലീസ് സ്‌റ്റേഷനിൽ എത്തിയിരുന്നു. മുറിവുകളുമായി എത്തിയ ഇയാളോട് ആശുപത്രിയിൽ ചികിത്സതേടാൻ പോലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചു.
എന്നാൽ, ഉടനെ കേസെടുക്കണമെന്നും ആശുപത്രിയിൽ പോലീസുകാർ കൂടി വരണമെന്നും പരസ്പരവിരുദ്ധമായി ഇയാൾ പറഞ്ഞു. കേസെടുക്കാൻ സാധിച്ചില്ലെങ്കിൽ സ്‌റ്റേഷൻ പൂട്ടിയിട്ടു പോകാൻ ഇയാൾ പോലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞശേഷം പുറത്തിറങ്ങി.
ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ പോകാൻ പോലീസ് നോബിയോടു പറഞ്ഞെങ്കിലും ഇതു വകവയ്‌ക്കാതെ റോഡിലെത്തിയ ഇയാൾ ഗേറ്റ് വലിച്ചടച്ചശേഷം ബൈക്കിൽ ആശുപത്രിയിലേക്കു പോയി. പിന്നീട് വൈകീട്ടോടെ പോലീസ് സ്‌റ്റേഷനിൽ എത്തിയ ഇയാൾ പുതിയ താഴ് ഉപയോഗിച്ച് സ്‌റ്റേഷന്റെ മുൻവശത്തെ ഗേറ്റ് പൂട്ടിയശേഷം ബൈക്കിൽ കടന്നു.
അരമണിക്കൂറോളം ഗേറ്റ് അടഞ്ഞുകിടന്നതിനാൽ സ്‌റ്റേഷനിൽ എത്തിയവർക്ക് അകത്തു കടക്കാൻ സാധിച്ചില്ല. ഗേറ്റ് പൂട്ടിയ കാര്യം പോലീസുകാർ അറിഞ്ഞതുമില്ല. നാട്ടുകാരാണ് പോലീസുകാരെ വിവരമറിയിച്ചത്. തുടർന്ന് നാട്ടുകാർതന്നെ ചുറ്റിക ഉപയോഗിച്ച് താഴ് തകർത്തു.നോബിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും അമ്പൂരിയിൽ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനു മർദനമേറ്റതായും പിന്നീടുള്ള അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: