തിരുവനന്തപുരം: ചിങ്ങം ഒന്നിന് കുറെ വിശിഷ്ടാതിഥികള്കള്ക്ക് കേരള രാജ് ഭവന് വിരുന്നൊരുക്കി. അതിഥികളും വിശിഷ്ടാതിഥികളും അതി വീശിഷ്ടാതിഥികളും രാജ് ഭവനില്‍ എത്തുന്നത് അസാധാരണമല്ല. ‘അതിഥി ദേവോ ഭവ’ എന്ന ആപ്ത വാക്യം അക്ഷരാര്‍ത്ഥത്തില്‍ ജീവിതത്തില്‍ പകര്‍ത്തുകയും അണുവിട വിട്ടുവീഴ്ച്ച കൂടാതെ പാലിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഇപ്പോഴത്തെ നമ്മുടെ ഗവര്‍ണര്‍. പുതുവര്‍ഷ സായാഹ്നത്തില്‍ രാജ് ഭവനില്‍ എത്തിയത് വളരെ ഏറെ വാര്‍ത്താ പ്രാധാന്യം ഉള്ള ആറ് സ്കൂള്‍ കുട്ടികളാണ്. സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്ക്കുന്ന, സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട കുട്ടികള്‍. അത് കൊണ്ടാണ് അവരുടെ സന്ദര്‍ശനം ഏറെ ശ്രദ്ധേയമാവുന്നത്.
കുട്ടികളെയും അവരെ അനുഗമിച്ച അധ്യാപകരെയും രക്ഷകര്‍ത്താക്കളെയും, കൂട്ടിക്കൊണ്ട് വന്ന ഉദ്യോഗസ്ഥരെയും രാജ് ഭവനില്‍ സ്നേഹാദരപൂര്‍വ്വം സ്വീകരിച്ചിരുത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കുട്ടികള്‍ക്ക് മിഠായിയും മധുര പലഹാരങ്ങളും നല്കി. ഒപ്പം സമ്മാനമായി പേനയും പുസ്തകങ്ങളും. ഓരോരുത്തരോടായി അവരുടെ പേരും മറ്റ് വിവരങ്ങളും ചോദിച്ച് അദ്ദേഹം പരിചയപ്പെട്ടു കുട്ടികളെ കൊണ്ട് പാട്ട് പാടിച്ചു. ഞങ്ങളുടെ സ്കൂളിലേക്ക് അങ്ങ് വരണം എന്ന അവരുടെ അഭ്യര്‍ഥനക്ക് അദ്ദേഹം തീര്‍ച്ചയായും വരാമെന്ന് ഉറപ്പും നല്കി.
ഇനി പറയാം എന്ത് കൊണ്ട് ഈ കുട്ടികളുടെ രാജ് ഭവന് സന്ദര്‍ശനത്തെ കുറിച്ച് ഇവിടെ കുറിക്കുന്നു എന്ന്. കോഴിക്കോട് പേരാമ്പ്ര ഗവ: വെല്‍ഫെയര്‍ എല്‍ പി സ്കൂളിലെ കുട്ടികളാണിവര്‍. അവിടെ ആകെ പഠിക്കുന്നത് ഈ ഏഴ് കുട്ടികള്‍ മാത്രം ഒന്ന് മുതല്‍ നാല് വരെയുള്ള വിവിധ ക്ലാസ്സുകളിലായി. ഭൂമി മലയാളത്തില്‍ ഇത്ര ഏറെ കുട്ടികള്‍ കുറഞ്ഞ മറ്റൊരു സ്കൂള്‍ ഉണ്ടാവില്ല എന്നുറപ്പ്.
ഇനി, എന്ത് കൊണ്ടാണ് ഈ സ്കൂളില്‍ ആറ് കുട്ടികള്‍ മാത്രമായിപ്പോയി എന്നറിയുമ്പോളാണ് ‘പ്രബുദ്ധ കേരളം’ ലജ്ജിച്ച് തല കുനിക്കേണ്ടി വരുന്നത്. ചേര്മല സാമ്പവ കോളനി നിവാസികളാണ് ഈ ഏഴ് പേരും. അവരോടൊപ്പം ഇരുന്ന് പഠിക്കാന്‍, കളിക്കാന്‍, ഈ സ്കൂളിലേക്ക് കുട്ടികളെ വിടാന്‍ ഇതര വിഭാഗങ്ങളില്‍ പെട്ടവര്‍ വിസമ്മതിക്കുന്നു എന്നത് തന്നെ കാരണം. കുറെക്കൂടി തെളിച്ചു പറഞ്ഞാല്‍ ആധുനിക കേരളത്തിലെ അയിത്തം അല്ലാതെ മറ്റൊന്നുമല്ല.
1956ല്‍ സ്ഥാപിതമായതാണത്രേ ഈ സ്കൂള്‍. പതിറ്റാണ്ടുകളായി ഈ ദുരവസ്ഥ തുടരുകയാണ് ഇവിടെ. ഈ വര്‍ഷം ഒന്നാം ക്ലാസില്‍ ചേര്‍ന്നത് ഒരേ ഒരു കുട്ടി മാത്രം. ഒറ്റപ്പെട്ടതാവാം, ഒരു പക്ഷെ ഈ പ്രതിഭാസം. എങ്കിലും ലജ്ജാവഹമല്ലേ ഈ അവസ്ഥ? എവിടെ എത്തി നില്ക്കുന്നു നമ്മുടെ നവോഥാനം?
ഹരി എസ് കര്‍ത്ത
പ്രതികരിക്കാൻ ഇവിടെ എഴുതുക: