ന്യൂദല്‍ഹി: ഇന്ത്യന്‍ ശിക്ഷാനിയമത്തിലും ക്രിമിനല്‍ നിയമത്തിലും മാറ്റം വരുത്താന്‍ പോവകുയാണെന്ന് ഈയിടെ ലോക് സഭയില്‍ പ്രഖ്യാപിച്ച അമിത് ഷാ ഒരുകാര്യം പറഞ്ഞു: “പുതിയ നിയമങ്ങള്‍ പ്രകാരം, കുറ്റം ചെയ്ത ശേഷം ഒരു കുറ്റവാളി ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ട് വിദേശത്തേക്ക് പോയാലും അയാളെ ഇന്ത്യയില്‍ വിചാരണ ചെയ്യുകയും ശിക്ഷ നടപ്പാക്കുകയും ലോകത്തിന്റെ ഏത് മൂലയില്‍ ഒളിച്ചിരുന്നാലും കണ്ടെത്തി ഇന്ത്യയില്‍ കൊണ്ടുവന്ന് ശിക്ഷ നല്‍കുകയും ചെയ്യും “. ഇതിന്റെ ഭാഗമായി മുംബൈ ഭീകരാക്രമണത്തിലെ പ്രതിയായ തഹാവൂര്‍ റാണയെയും ദാവൂദ് ഇബ്രാഹിമിനെയും ഇന്ത്യയില്‍ എത്തിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങള്‍ കഴിയുമ്പോഴേയ്‌ക്കും തഹാവൂര്‍ റാണയുടെ കാര്യത്തില്‍ തീരുമാനമായി.
തഹാവൂര്‍ റാണയെ ഇന്ത്യയിലേക്കെത്തിക്കാന്‍ വഴിയൊരുങ്ങി
അമേരിക്കയില്‍ ഒളിച്ചുകഴിയുന്ന തഹാവൂര്‍ റാണയെ ഇന്ത്യയ്‌ക്ക് വിട്ടുനല്‍കുന്നതിനെതിരെ തഹൂവൂര്‍ റാണ സമര്‍പ്പിച്ച അപ്പീല്‍ അമേരിക്കയിലെ കോടതി തള്ളിക്കളഞ്ഞിരിക്കുകയാണ്. കാലിഫോർണിയയിലെ സെൻട്രൽ ഡിസ്ട്രിക്ട് കോടതിയാണ് വർഷങ്ങളായി തുടരുന്ന കേസില്‍ വിധി പറഞ്ഞത്. ഇതോടെ തഹാവൂര്‍ റാണയെ ഇന്ത്യയ്‌ക്ക് വിട്ടുകിട്ടാന്‍ വഴി ഒരുങ്ങിയിരിക്കുകയാണ്. പാകിസ്ഥാനിലെ ഭീകരസംഘടനയായ ലഷ്കര്‍ ഇ ത്വയിബയുമായി ചേര്‍ന്ന് ഈ ആക്രമണം ആസൂത്രണം ചെയ്തത് തഹാവൂര്‍ റാണയാണെന്നാണ് ഇന്ത്യയുടെ നിഗമനം.
2008-ലെ മുംബൈ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് ഇന്ത്യ കരുതുന്ന പാക് വംശജനാണ് റാണ. നിലവിൽ ഇയാൾക്ക് കാനഡ പൗരത്വവുമുണ്ട്. ഇന്ത്യയിലെത്തിയാൽ തന്നെ പ്രേസിക്യൂട്ട് ചെയ്യുമെന്നും ഇത് ഇന്ത്യ- അമേരിക്ക ഉടമ്പടിക്ക് വിരുദ്ധമാണെന്നും തന്റെ പേരിൽ ആരോപിക്കുന്ന കുറ്റം തനിക്ക് അറിവുള്ളതല്ല. എന്നീ റാണയുടെ വാദങ്ങളെല്ലാം കോടതി തള്ളി. ഇതോടെ റാണയെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങൾ കേന്ദ്രസർക്കാർ ആരംഭിച്ചു.അമേരിക്കയിലെ ബൈഡന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയാല്‍ റാണ ഇന്ത്യയിലേക്ക് വരേണ്ടി വരും. ഇപ്പോൾ ലോസ് ആഞ്ചൽസിലെ മെട്രോപോളിറ്റിയൻ ഡിറ്റൻഷൻ സെന്‍ററില്‍ കഴിയുകയാണ് തഹാവൂര്‍ റാണ.
ഷായുടെ രണ്ടാമത്തെ പ്രവചനവും ഫലിയ്‌ക്കുമോ?
ദാവൂദ് ഇബ്രാഹിം എവിടെ ഒളിച്ചാലും അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ഇന്ത്യയിലെ കേസുകളില്‍ വിചാരണ നടത്തുമെന്നും (ട്രയല്‍ ഇന്‍ ഏബ് സന്‍ഷ്യ-Trial in absentia ) ശിക്ഷ വിധിച്ചാല്‍ അദ്ദേഹത്തെ ലോകത്തിന്റെ ഏത് കോണില്‍ ഒളിച്ചിരുന്നാലും ഇന്ത്യയിലേക്ക് കൊണ്ട് വരുമെന്നും അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. തഹാവൂര്‍ റാണയെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് വഴിയൊരുങ്ങിയതോടെ, ദാവൂദിനെ ഇന്ത്യയില്‍ എത്തിക്കുക എന്ന അമിത് ഷായുടെ ദൗത്യവും നടപ്പാകുമെന്ന് ഒട്ടേറെപ്പേര്‍ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: