ശബരിമല: പുതുവര്ഷപ്പുലരിയില് അയ്യപ്പസ്വാമിയെകൈവണങ്ങിആത്മസായൂജ്യം നേടാന്‍ ഭക്തസഹസ്രങ്ങള്‍ സന്നിധാനത്ത് എത്തി. ഇന്നലെ പുലര്‍ച്ചെ നടതുറക്കുന്നതിനുമുമ്പുതന്നെ ശബരിമലയിലെ നടപ്പന്തല്‍ അയ്യപ്പഭക്തരെക്കൊണ്ട് നിറഞ്ഞിരുന്നു.
ചിങ്ങം ഒന്നായ ഇന്നലെ പുലര്‍ച്ചെ അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ. ജയരാമന് നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്ന് നിര്‍മ്മാല്യവും പതിവ് അഭിഷേകവും നെയ്യഭിഷേകവും നടന്നു. ശേഷം മണ്ഡപത്തില്‍ മഹാഗണപതി ഹോമവും നടത്തി. ഇന്നലെ സന്നിധാനത്ത് ലക്ഷാര്‍ച്ചനയും കളഭാഭിഷേകവും ഉണ്ടായിരുന്നു.
ഇന്നലെ ഉഷപൂജയ്ക്ക് ശേഷം ശബരിമല പുതിയ കീഴ്ശാന്തിയുടെ നറുക്കെടുപ്പ് നടന്നു. തിരുവനന്തപുരം ഗ്രൂപ്പില്‍ പെട്ട വലിയ ഉദയാദിച്ചപുരം ദേവസ്വത്തിലെ നാരായണന്‍പോറ്റി. എസ്സ്,ആണ് പുതിയ ശബരിമല ഉള്‍ക്കഴകം. ചെന്നൈയില്‍ നിന്നെത്തിയ അങ്കിത് എന്ന കുഞ്ഞയ്യപ്പനാണ് കീഴ്ശാന്തിയെ നറുക്കെടുത്തത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍, ബോര്‍ഡ് അംഗങ്ങളായ അഡ്വ. എസ്.എസ്. ജീവന്, ജി. സുന്ദരേശന്, ദേവസ്വം സെക്രട്ടറി ജി. ബൈജു എന്നിവര്‍ നറുക്കെടുപ്പിന് സന്നിഹിതരായിരുന്നു.
പമ്പ ത്രിവേണിയ്ക്കു മുന്നിലായി സ്ഥാപിച്ച പുലിവാഹനനായ അയ്യപ്പന്റെ പ്രതിമയുടെ ഉദ്ഘാടനവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ നിര്‍വ്വഹിച്ചു. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. എസ്.എസ്. ജീവന്, ജി. സുന്ദരേശന്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍,ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബി.എസ്. പ്രകാശ്, ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജി. ബൈജു., പ്രതിമ സ്പോണ്സര് ചെയ്ത ബൈജു അമ്പലക്കര, ശില്പി ശന്തനു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: