ശ്രീനഗര്‍: കല്ലെറിഞ്ഞവര്‍ കൈകളില്‍ തിരംഗയേന്തി ഭാരതത്തിന് ജയഘോഷം മുഴക്കുന്നു. കശ്മീരിലെവിടെയും തിരംഗ റാലികള്‍. ആവേശത്തോടെ അണിനിരന്ന് ആയിരങ്ങള്‍. അദ്ഭുതത്തോടെയാണ് ലോകം കശ്മീരിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളെ കാണുന്നത്. ദാല്‍ തടാകക്കരയില്‍ നിന്ന് കഴിഞ്ഞ ദിവസം ആരംഭിച്ച മഹാതിരംഗ റാലിയില്‍ പങ്കെടുത്തവരില്‍ ഒരുകാലത്ത് കശ്മീരിനെ വിമോചിപ്പിക്കാന്‍ മുദ്രാവാക്യം മുഴക്കിയവരുമുണ്ടെന്ന് അറിയുമ്പോഴാണ് മാറ്റത്തിന്റെ കരുത്ത് ബോധ്യമാകുക. തീവ്രവാദ സംഘടനയായ ജമ്മു-കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ സ്വയംപ്രഖ്യാപിത കമാന്‍ഡര്‍ ജാവിദ് മിര്‍, വിഘടന വാദമുയര്‍ത്തിയ ബുദ്ധിജീവി ഗുലാം നബി ഷഹീന്‍ എന്നിവര്‍ മഹാതിരംഗ റാലിയില്‍ ദേശീയപതാകയേന്തി പങ്കെടുത്തതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഹര്‍ ഘര്‍ തിരംഗ അഭിയാന്‍ ആഹ്വാനം ചെയ്തപ്പോള്‍ ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ ഓഫീസില്‍ ജനങ്ങള്‍ പതാക ഉയര്‍ത്തിയിരുന്നു. ഇക്കുറി പഴയ ഹുറിയത്ത് നേതാക്കള്‍ വീടുകളില്‍ ദേശീയപതാക ആദ്യ ദിവസം തന്നെ ഉയര്‍ത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. 1990ലെ റിപ്പബ്ലിക് ദിനത്തലേന്ന് ശ്രീനഗറില്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കു നേരേ ജെകെഎല്‍എഫ് നടത്തിയ ആക്രമണത്തില്‍ യാസിന്‍ മാലിക്കിനൊപ്പം പ്രതിപ്പട്ടികയില്‍ പേരു വന്നയാളാണ് തിരംഗ റാലിയില്‍ പങ്കെടുത്ത ജാവിദ് മിര്‍.
ഭയം മാറിയ ജനതയുടെ ആത്മവിശ്വാസത്തിന്റെ പ്രകടനമാണ് തിരംഗ റാലിയെന്ന് എന്‍ജിനീയറിങ് വിദ്യാര്‍ഥി മുഹമ്മദ് ഇദ്രിസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കശ്മീരില്‍ ദേശീയപതാക ഉയര്‍ത്തുന്നത് ഒരു പതിറ്റാണ്ട് മുമ്പു വരെ വിവാദ വിഷയമായിരുന്നു. ഇപ്പോള്‍ എവിടെ നോക്കിയാലും നിങ്ങള്‍ക്ക് ദേശീയപതാക കാണാം. ഇത് ഈ നാടിനും നാട്ടുകാര്‍ക്കും വന്ന മാനസിക പരിവര്‍ത്തനത്തിന്റെ ഫലമാണ്, ഇദ്രിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: