വടക്കാഞ്ചേരി: പാറുക്കുട്ടിയെന്നാല്‍ ലക്ഷ്മിക്കുട്ടിക്ക് പ്രാണനാണ്. പൂമല സ്വദേശിയായ വയോധികയുടെ കൂടെ കുഞ്ഞുടുപ്പും മുത്തുമാലയുമൊക്കെയിട്ട് എപ്പോഴും സുന്ദരിയായ പാറുക്കുട്ടിയുമുണ്ടാവും. ഒരു കൊച്ചുകുഞ്ഞിന്റെയും അമ്മൂമ്മയുടെയും കഥയല്ല പറഞ്ഞുവരുന്നത്.
ഒരു കുഞ്ഞുപാവയെ ജീവനുതുല്യം സ്നേഹിക്കുന്ന വയോധികയാണ് ജനശ്രദ്ധ നേടുന്നത്. പൂമല പുതുകുളങ്ങര വീട്ടില്‍ ലക്ഷ്മിക്കുട്ടി (72) യുടെ ഊണിലും ഉറക്കത്തിലും യാത്രകളിലുമെല്ലാം സന്തത സഹചാരിയാണ് പാറുക്കുട്ടിയെന്ന പാവ. യാത്രകളിലുട നീളം മാറോട് ചേര്‍ന്ന് പാവയുമുണ്ടാകും. അവിവാഹിതയായ വയോധിക തനിച്ചാണു താമസം. പെന്ഷന് തുകയാണ് ഏക വരുമാനമാര്‍ഗം. വീട്ടുജോലിയെടുത്തായിരുന്നു യൗവന കാലത്ത് ഉപജീവനം നടത്തിയിരുന്നത്.
ഇപ്പോള്‍ തനിക്ക് കൂട്ടിനാകെയുള്ളത് ഈ പാവയാണെന്ന് വയോധിക പറയുന്നു. തനിച്ചിരിക്കുമ്പോള്‍ കുഞ്ഞുടുപ്പുകളും മുത്തുമാലകളും ധരിപ്പിച്ച് സുന്ദരിപ്പാവക്ക് അമ്മൂമ്മ കഥകള്‍ പറഞ്ഞുകൊടുക്കും. പാട്ടുകള്‍ പാടി നല്‍കും. ടിവി കാണുന്നതും ഉറങ്ങുന്നതുമെല്ലാം പാറുവിന് ഒപ്പം തന്നെ. കുഞ്ഞിനെപ്പോലെ താലോലിക്കുന്ന പാവ തനിക്ക് നല്കുന്ന സന്തോഷം ചെറുതല്ലെന്നും പല്ലില്ലാത്ത മോണ കാട്ടി നിറചിരിയോടെ ലക്ഷ്മിക്കുട്ടി പറയുന്നു.
ബസിലും മറ്റും യാത്രകള്‍ ചെയ്യുമ്പോഴും പാവയെ ഒഴിവാക്കില്ല. താനെവിടെയാണോ അവിടെ പാറുക്കുട്ടിയും ഉണ്ടാവണമെന്നത് വയോധികക്ക് നിര്‍ബന്ധമാണ്. 10 വര്‍ഷം മുമ്പ് പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ സുഹൃത്തുക്കളില്‍ ആരോ സമ്മാനിച്ചതാണ് പാറുക്കുട്ടിയെ. തുടര്‍ന്നിങ്ങോട്ട് വയോധികയുടെ അരുമയാണ് ഈ കുഞ്ഞുപാവ. ഒരു നിമിഷം കൊണ്ട് മനുഷ്യബന്ധങ്ങളുടെ ചിറകറ്റു വീഴുന്ന വര്‍ത്തമാന കാലത്ത് ലക്ഷ്മിക്കുട്ടിയും കുഞ്ഞുപാവയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഇഴയടുപ്പം ആരിലും സന്തോഷം പകരുന്നതാണ്. ജീവിതയാത്രയില്‍ അവസാന ശ്വാസം വരെ പാറുക്കുട്ടിയുമുണ്ടാകും തന്റെ കൂടെ എന്ന് ലക്ഷ്മിക്കുട്ടി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: