ന്യൂദല്‍ഹി: ദല്‍ഹി കേന്ദ്രമായ ന്യൂസ് ക്ലിക്ക് എന്ന ഓണ്‍ ലൈന്‍ മാധ്യമത്തിന്റെ കൂടുതല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്ത്. ചൈനയില്‍ നിന്ന് യുഎസ് കോടീശ്വരന് നെവില്‍ റോയി സിംഘാം വഴി കോടികള്‍ വാങ്ങിയ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കായസ്ഥ, ഇതില്‍ നിന്ന് ടീസ്റ്റ സെതല്‍വാദിന് 40 ലക്ഷം രൂപയും മാധ്യമപ്രവര്‍ത്തകനായ പരഞ്ജയ് ഗുഹ തകൂര്ത്തയ്ക്ക് 72 ലക്ഷം രൂപയും നല്കി. ഭീം കൊറേഗാവ് കേസിലെ പ്രതിയും നഗര മാവോയിസ്റ്റുമായ ഗൗതം നവ്ലാഖയ്ക്ക് ഇയാള്‍ 17 ലക്ഷത്തിലേറെ രൂപയും സിപിഎം ഐടി സെല്‍ അംഗമായ ബപ്പാദിത്യ സിന്‍ഹയ്ക്ക് 97.32 ലക്ഷം രൂപയും നല്‍കിയതായും ഇ ഡി കണ്ടെത്തി.
ഗുജറാത്ത് കലാപത്തിന്റെ പേരില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും വ്യാജതെളിവുകള്‍ സൃഷ്ടിക്കുകയും ചെയ്തയാളാണ് ടീസ്റ്റ. ഇതിന്റെ പേരില്‍ സുപ്രീം കോടതി നിര്‍ദേശപ്രകാരമെടുത്ത കേസില്‍ അവര്‍ അല്പനാള് മുന്‍പു വരെ ജയിലിലായിരുന്നു. ഭാരത സര്‍ക്കാരിനെതിരെ പോരാടാനാണ് ഇവര്‍ക്ക് ചൈന പുര്‍കായസ്ഥ വഴി 40 ലക്ഷം നല്‍കിയതെന്നാണ് ഇ ഡി കരുതുന്നത്.
കേന്ദ്ര വിരുദ്ധ പ്രചാരണത്തിനാണ്, മാധ്യമപ്രവര്ത്തകന് 72 ലക്ഷം നല്‍കിയത്. ന്യൂസ് ക്ലിക്കിലെ ചില ഉദ്യോഗസ്ഥരും ചില സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരും പണം കൈപ്പറ്റിയിട്ടുണ്ട്.
അതിനിടെ നെവില്‍ റോയി സിംഘാമും സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും തമ്മിലുള്ള ഇ മെയില്‍ സന്ദേശങ്ങളും ഇ ഡി അന്വേഷിക്കുന്നുണ്ട്. ഇന്ത്യയില്‍ ചൈനാ വിരുദ്ധ വികാരം ശക്തമാകുന്നുണ്ടെന്നും ഇന്ത്യ ചൈനക്കെതിരെ കൈക്കൊള്ളുന്ന നടപടികള്‍ ‘നമ്മുടെ രാജ്യത്തെ (ചൈനയെ)’ ബാധിക്കുമെന്ന ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടി കാരാട്ട് സിംഘാമിന് അയച്ച ഈ മെയിലുകള്‍ ഇ ഡിക്ക് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: