ഓക്ക്‌ലന്‍ഡ്: തുല്യശക്തികളുടെ കരുത്തന്‍ പോരാട്ടമാണ് ജപ്പാന്‍-സ്വീഡന്‍ ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടറില്‍ കണ്ടത്. അന്തിമ വിജയം സ്വീഡിഷ് കരുത്തിനൊപ്പം നിന്നു. ജപ്പാന്‍ മികച്ച കളി പുറത്തെടുത്തെങ്കിലും ഗോളവസരങ്ങള്‍ സൃഷ്ടിച്ചത് കളിയുടെ അവസാനത്തോടടുത്തപ്പോഴാണ്. അത്യുഗ്രന്‍ ബുള്ളറ്റ് ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും സ്വീഡന്‍ ഗോളിയും ക്രോസ് ബാറും അവയെല്ലാം നിഷേധിച്ചു. ഇതിനിടെ വീണുകിട്ടിയ ഒരു പെനല്‍റ്റിയും മുതലാക്കാനായില്ല. ഫലം 2-1ന്റെ തോല്‍വി.
അവസാന സമയം ജപ്പാന്റെ കളി കണ്ടാല്‍ ഈ ടീമിന് ശരിക്കും ഭാഗ്യക്കേടുണ്ടെന്ന് തോന്നിപോകും. പലവട്ടം ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. 76-ാം മിനിറ്റില്‍ കിട്ടിയ പെനല്‍റ്റി ജപ്പാന്‍ താരം റിക്കോ യുവേക്കി ആണ് തൊടുത്തത്. ഗോള്‍ കീപ്പര്‍ സെകിറ മുസോവിച്ചിന്റെ ദേഹത്ത് തട്ടി ക്രോസ് ബാറില്‍ ഇടിച്ചു. പിന്നെ താഴേക്ക് പതിച്ച പന്ത് ഗോള്‍ലൈന് പുറത്ത് കുത്തി ഔട്ടായി പരിണമിക്കുകയായിരുന്നു. നിര്‍ഭാഗ്യത്തിന്റെ ദിനത്തില്‍ ജപ്പാന് ഒന്നും ചെയ്യാനില്ലായിരുന്നു.
നേരത്തെ കളിയുടെ 32-ാം മിനിറ്റില്‍ അമാന്‍ഡാ ഇലെസ്റ്റെഡ്റ്റ് നേടിയ ഗോളില്‍ സ്വീഡന്‍ മുന്നിലെത്തി. രണ്ടാം പകുതി തുടങ്ങി അല്‍പം കഴിഞ്ഞപ്പോള്‍ സ്വീഡന് ലഭിച്ച കോര്‍ണര്‍കിക്കിനെ ഗോള്‍ പോസ്റ്റിന് മുന്നില്‍ നിന്ന് തട്ടികയറ്റാന്‍ ശ്രമിച്ച ജപ്പാന്‍ മദ്ധ്യനിരതാരം ഫുകാ നഗാനോയുടെ കൈയില്‍ കൊണ്ടു. വാര്‍ പരിശോധനയ്‌ക്കൊടുവില്‍ പെനല്‍റ്റി വിധിച്ചു. സ്വീഡന്‍ ലീഡ് ഇരട്ടിപ്പിച്ചു.
പിന്നീടാണ് മുന്നേറ്റങ്ങള്‍ ഗോളാക്കിമാറ്റുന്ന കാര്യത്തില്‍ ജപ്പാന്‍ ജാഗരൂകരായത്. പെനല്‍റ്റി അടക്കമുള്ള പല ശ്രമങ്ങളും വിഫലമായി ഒടുവില്‍ 87-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. ഹോനാക്ക ഹയാഷിയിലൂടെ. പക്ഷെ ആ വീര്യം സ്വീഡനെ മറികടക്കാന്‍ മതിയായിരുന്നില്ല. 2023 വനിതാ ലോകകപ്പ് ഫുട്‌ബോളിലെ ഏഷ്യന്‍ കുതിപ്പ് നിലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: