കൊല്ലം: പതിറ്റാണ്ടുകളായി ജീവനക്കാര്‍ നേടിയെടുത്ത അവകാശങ്ങള്‍ ഇല്ലായ്മ ചെയ്യുന്ന ഇടതുസര്‍ക്കാരിന്റെ നെറികേടിനെതിരെ പണിമുടക്ക് അടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്ക് കേരള എന്‍ജിഒ സംഘ് നേതൃത്വം നല്‍കുമെന്ന് രാഷ്ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിഷ്ണുപ്രസാദ് വര്‍മ്മ പറഞ്ഞു. എന്‍ജിഒ സംഘ് 44-ാം സംസ്ഥാന സമ്മേളനം കൊല്ലം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ക്ഷേമ-വികസന പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുകയും നിര്‍ത്തലാക്കുകയും ചെയ്യുന്നത് സിവില്‍ സര്‍വീസിന് അഭികാമ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട 19 ശതമാനം ക്ഷാമബത്ത കുടിശികയായി കഴിഞ്ഞുവെന്നും 2021-മുതല്‍ ക്ഷാമബത്ത ഇനത്തില്‍ ഒരു രൂപപോലും അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും മുഖ്യപ്രഭാഷണം നടത്തിയ ബിഎംഎസ് ദക്ഷിണ ക്ഷേത്ര സഹ സംഘടനാ സെക്രട്ടറി എം.പി. രാജീവന് പറഞ്ഞു. പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുമെന്ന് വാഗ്ദാനം നല്കി അധികാരത്തില്‍ വന്ന ഇടത് സര്‍ക്കാര്‍ തുടര്‍ഭരണം ലഭിച്ചിട്ടും ജീവനക്കാരെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ടി.എന്‍. രമേശ് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്മാന് ഡോ. സി.എസ്. നായര്‍, ജനറല്‍ സെക്രട്ടറി എ. പ്രകാശ്, ജനറല്‍ കണ്‍വീനര്‍ കെ. രാധാകൃഷ്ണപിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
വനിതാ സമ്മേളനം ഡബ്ല്യൂ 20 കേരള ചെയര്‍പേഴ്സണ്‍. ഡോ. വി.ടി. ലക്ഷ്മി വിജയന് ഉദ്ഘാടനം ചെയ്തു. എന്‍ജിഒ സംഘ് വനിതാ വിഭാഗം പ്രസിഡന്റ് പി. ആര്യ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്. അശ്വതി, പി.സി. സിന്ധുമോള്‍ എന്നിവര്‍ സംസാരിച്ചു. സാമ്പത്തിക പ്രതിസന്ധിയും പരിഹാരവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന് ഉദ്ഘാടനം ചെയ്തു. പിഎസ്സി മുന്‍ ചെയര്മാന് കെ.എസ്. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. എന്‍ജിഒ സംഘ് വൈസ് പ്രസിഡന്റ് പി.വി. മനോജ് അധ്യക്ഷനായി. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എസ്. രാജേഷ്, ജോയിന്റ് സെക്രട്ടറിമാരായ ജെ. മഹാദേവന്, സജീവന് ചാത്തോത്ത് എന്നിവര്‍ സംസാരിച്ചു. വൈകിട്ട് കൊല്ലം ടൗണ്‍ഹാളില്‍ നിന്ന് ആരംഭിച്ച പ്രകടനം ചിന്നക്കടയില്‍ സമാപിച്ചു. പൊതുസമ്മേളനം എന്‍ജിഒ സംഘ് മുന്‍ സംസ്ഥാന പ്രസിഡന്റ് എം.എസ്. ശ്യാംകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാ രവീന്ദ്രന് അധ്യക്ഷയായി. ജോയിന്റ് സെക്രട്ടറി എ.ഇ. സന്തോഷ്, കൊല്ലം ജില്ലാ പ്രസിഡന്റ് ആര്. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: