തിരുവനന്തപുരം: കള്ളന്മാരുടേയും കൊള്ളക്കാരുടെയും മുന്നണിയായി കേരളത്തിലെ ഐഎന്‍ഡിഐഎ മുന്നണി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. 96 കോടി രൂപയാണ് പ്രകൃതി സമ്പത്തുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വ്യാവസായം നടത്തുന്ന വ്യക്തി ഐഎന്‍ഡിഐഎ മുന്നണിയിലെ പ്രമുഖ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയത്.
സുതാര്യമായി ബിസിനസ് സ്ഥാപനം നടത്തുന്നതാണെങ്കില്‍ എന്തിനാണ് അദ്ദേഹം പണം കൊടുത്തതെന്നും തിരുവനന്തപുരം മാറനല്ലൂരില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു. വീണാ വിജയന് കൊടുത്തതിലും കൂടുതല്‍ തുക പിണറായി വിജയന് കൊടുത്തു എന്നാണ് പുതിയ വിവരം. പിവി എന്നാല്‍ പിണറായി വിജയനാണ്.
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരോടൊപ്പം പണം കിട്ടിയവരുടെ ലിസ്റ്റില്‍ പിണറായി വിജയനുമുണ്ട്. ഇത് എല്‍ഡിഎഫ് യുഡിഎഫ് കൊടുക്കല്‍ വാങ്ങലാണ്. വലിയ അഴിമതിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 96 കോടി രൂപ കൈക്കൂലി കൊടുത്തെങ്കില്‍ ആയിരക്കണക്കിന് കോടി രൂപയുടെ ഡീലാണ് നടന്നിരിക്കുന്നതെന്ന് ഉറപ്പാണ്.
എല്ലാവരും ഒരുമിച്ച് നടത്തിയത് കൊണ്ട് പറഞ്ഞുതീര്‍ക്കാമെന്നാണ് ഭരണപ്രതിപക്ഷ കക്ഷികള്‍ കരുതുന്നത്. എന്നാല്‍ അത് നടപ്പില്ല. അഴിമതിയുടേയും സമ്പത്ത് കൊള്ളയടിക്കുന്നതിന്റെയും അവിശുദ്ധ സഖ്യമാണ് ഇന്ത്യ എന്ന് വ്യക്തമായിരിക്കുകയാണ്. കാട്ടുകള്ളന്മാരുടെ സംയുക്ത സമ്മേളനമാണ് നിയമസഭയില്‍ നടന്നത്. നിയമസഭയില്‍ വിഷയം അവതരിപ്പിക്കാന്‍ ചട്ടം അനുവദിക്കുന്നില്ലെന്നാണ് വിഡി സതീശന് പറയുന്നത്.
അദ്ദേഹം സ്വയം പരിഹാസ കഥാപാത്രമാവുകയാണ്. കള്ളന് കഞ്ഞിവെച്ചവനാണ് വിഡി സതീശന്. ഇത്രയും അധികം തെളിവുകള്‍ പുറത്ത് വന്നിട്ടും വിജിലന് എന്തുകൊണ്ടാണ് കേസെടുക്കാത്തത്? ലോകായുക്ത എന്തുകൊണ്ടാണ് ഇടപെടാത്തത്? തനിക്കും കുടുംബത്തിനും മാസപ്പടി കിട്ടിയ സംഭവത്തില്‍ അന്തസുണ്ടെങ്കില്‍ മുഖ്യമന്ത്രി മറുപടി പറയണം.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ബിജെപി നല്ല മത്സരം കാഴ്ചവെക്കും. അഴിമതി നടന്ന എല്ലാ ബാങ്കുകള്‍ക്ക് മുമ്പിലും ബിജെപി സഹകരണ അദാലത്ത് നടത്തും. രണ്ടാമത്തെ അദാലത്താണ് മാറനെല്ലൂരില്‍ നടക്കുന്നത്. തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി ബിജെപി പോരാടുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: