ചെന്നൈ: ഗ്രെയ്ഗ് ഫുള്‍ട്ടണിന്റെ ടീം മറക്കാന്‍ മാത്രം ദിവസമായില്ല ആ മത്സരം കഴിഞ്ഞിട്ട്. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ലീഗ് റൗണ്ടില്‍ ഇന്ത്യന്‍ മുന്നേറ്റത്തിന്റെ കരുത്ത് നിഷ്പ്രഭമാക്കിയ ജപ്പാന്റെ കളി കണ്ട ദിവസം. മികച്ച കളി പുറത്തെടുത്തിട്ടും മത്സരം സമനിലയിലായി പോയതിന്റെ നിരാശ ഫുള്‍ട്ടനും സംഘത്തിനും ്അതിവേഗം മറക്കണം. അന്നത്തെ വിജയതടസ്സം നീക്കലാണ് ഇന്നത്തെ ഇന്ത്യയുടെ പ്രധാന ഉദ്യമം.
രണ്ടാം സെമിയില്‍ രാത്രി 8.30നാണ് ഇന്ത്യ-ജപ്പാന്‍ ഏറ്റുമുട്ടല്‍. തോല്‍വി അറിയാതെ ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയ്‌ക്ക് മേല്‍ കറുത്ത നിഴലായി രണ്ടാം മത്സരത്തിലെ സമനില കിടപ്പുണ്ട്. ഇന്ത്യന്‍ മുന്നേറ്റങ്ങളെ ചെറുത്തുതോല്‍പ്പിക്കുന്ന ജപ്പാന്‍ കരുത്തിനെ മറികടക്കാനുള്ള ഫുള്‍ട്ടന്റെ വിദ്യ ശക്തമായി പരീക്ഷിക്കപ്പെടുന്ന ദിവസം കൂടിയാകും ഇന്ന്. ജപ്പാനെതിരായ മത്സരത്തിന് ശേഷം തുടരെയുള്ള മൂന്ന് ജയത്തോടെ ഇന്ത്യ ആത്മവിശ്വാസം വീണ്ടെടുത്തു കഴിഞ്ഞു. കിട്ടിയ ഇടവേളയില്‍ സെമിയിലെ എതിരാളികള്‍ ജപ്പാനായിരിക്കുമെന്നും മനസ്സിലാക്കിയിട്ടുണ്ട്. ഫൈനലിലേക്കൊരുങ്ങാന്‍ ഇന്ത്യ എന്തെല്ലാം ചെയ്‌തെന്ന് കണ്ടറിയാം.
ലീഗ് റൗണ്ടില്‍ ഒരേയൊരു ജയം മാത്രം നേടി നാലാം സ്ഥാനക്കാരായി സെമിയിലേക്ക് അര്‍ഹത നേടിയ ടീമാണ് ജപ്പാന്‍. ഇന്ത്യയെ ജയിക്കാനനുവദിക്കാതിരുന്നതിലും പാകിസ്ഥാനെതിരായ മിന്നും ജയത്തിലും അവരുടെ കരുത്ത് ഉള്‍ചേര്‍ന്നിരിക്കുന്നുണ്ട്.
ഇന്ന് മൂന്ന് കളികളാണ് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലുള്ളത്. ആദ്യ സെമിയില്‍ കരുത്തരായ മലേഷ്യ കൊറിയയെ നേരിടും. വൈകീട്ട് അഞ്ചരയ്‌ക്കുള്ള മത്സരം പാകിസ്ഥാനും ചൈനയും തമ്മിലാണ്. ടൂര്‍ണമെന്റില്‍ നിന്ന് രണ്ട് ടീമും പുറത്തായെങ്കിലും അഞ്ചാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: