കെ. വിജയന് മേനോന്
ഗുരുവായൂര്‍: തൊഴുതിട്ടും, തൊഴുതിട്ടും കൊതി തീരാതെ തമിഴ്നാട് മുഖ്യമന്ത്രിയുടെ പത്നി ദുര്‍ഗാ സ്റ്റാലിന്. സ്വര്‍ണ കിരീടം, നെയ്യ്, കദളിക്കുല, കാണിക്ക എന്നീ സമര്‍പ്പണവും കഴിഞ്ഞ് നാലമ്പലത്തിനകത്തെ പ്രദക്ഷിണ വഴി പിന്നിട്ടപ്പോള്‍, കണ്ണനെ കാണാന്‍ വീണ്ടും മുഖ്യമന്ത്രിപത്നിക്ക് മോഹം. ക്ഷേത്രാധികാരികള്‍ അനുവദിച്ചതോടെ, നാലമ്പലത്തിനകത്തെ മണിക്കിണര്‍ ചുറ്റി വീണ്ടും കണ്ണന് മുന്നിലെത്തി സാഷ്ടാംഗം നമസ്കരിച്ചു. സോപാനപ്പടിക്കരികില് നിന്ന് കൈകൂപ്പിയും, കണ്ണുനീര് പൊഴിച്ചും എല്ലാംമറന്ന് ജഗദീശ്വരനോട് കരളുരുകിയ ഒരു മൗനപ്രാര്‍ത്ഥന.
ഉച്ച:പൂജ നിവേദ്യത്തിന് സമയമായെന്ന് ക്ഷേത്രം ഡെ. അഡ്മിനിസ്ട്രേറ്റര്‍ പി. മനോജ്കുമാര്‍ വിവരം ധരിപ്പിച്ചപ്പോള്‍, മനസില്ലാമനസോടെ നാലമ്പലത്തിനകത്തു നിന്നും ആദ്യ മടക്കയാത്ര. പിന്നീട് മുക്കാല്‍ മണിക്കൂറോളം പഴയ ഊട്ടുപുരയ്ക്ക് മുകളില്‍ പ്രാര്‍ത്ഥനയോടെ വിശ്രമം. ഉച്ച:പൂജ കഴിഞ്ഞ് നടതുറന്നപ്പോള്‍ വീണ്ടും കണ്ണനെ കാണാന്‍ നാലമ്പലത്തിനകത്തേക്ക് കയറി. ക്ഷേത്രം ഓതിക്കന് പൊട്ടക്കുഴി മനയ്ക്കല്‍ ആര്യന് നമ്പൂതിരി അണിയിച്ചൊരുക്കിയ ശ്രീഗുരുവായൂരപ്പന് മുന്നില്‍ എല്ലാം മറന്നുള്ള ധന്യനിമിഷം. അഞ്ചുമിനിറ്റോളം കണ്ണനെ കണ്‍കുളിര്‍ക്കെ കണ്ട്, നാലമ്പലത്തിനകത്തെ വടക്കുപടിഞ്ഞാറു ഭാഗത്തുള്ള ചെന്താമരക്കണ്ണനേയും വണങ്ങിയാണ് ദുര്‍ഗയും, സംഘവും ചെയര്‍മാനില്‍ നിന്നും പ്രസാദവും വാങ്ങി യാത്രയായത്.
ക്ഷേത്രത്തില്‍ നിന്നും പുറത്തുകടന്ന് തെക്കേ നടപ്പന്തലില്‍ എത്തിയപ്പോള്‍, നൃത്താവതരണത്തിന് അണിഞ്ഞൊരുങ്ങിയ കൊച്ചു നര്‍ത്തികയെ കണ്ട് അവര്‍ ആകാംക്ഷയോടെ നോക്കിനിന്നു. ഒപ്പം നിന്ന് ഫോട്ടോയെടുക്കണമെന്ന നര്‍ത്തകിയുടെ ആഗ്രഹം നിറപുഞ്ചരിയോടെ സഫലമാക്കി. കെട്ടിപ്പിടിച്ചും, കുശലാന്വേഷണം നടത്തിയും ആഗ്രഹം നിറവേറ്റിയപ്പോള്‍ കാല്ക്കല് വീണ് അനുഗ്രഹവും വാങ്ങി നര്‍ത്തകി മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: