രാജ്യതലസ്ഥാനമെന്ന നിലയ്ക്ക് ദല്‍ഹി സംസ്ഥാന ഭരണത്തിലെ സുപ്രധാന അധികാരങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ നിലനിര്‍ത്തുന്ന ദല്‍ഹി സര്‍വീസ് ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയതോടെ നിയമമായിരിക്കുകയാണല്ലോ. ഈ അധികാരങ്ങള്‍ ദല്‍ഹിയിലെ എഎപി സര്‍ക്കാരിന് നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയെതുടര്‍ന്ന് ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മറ്റും പ്രതിക്കൂട്ടില്‍ നില്ക്കുന്ന മദ്യ ലൈസന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട രേഖകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് തിരക്കിട്ട് സ്ഥലംമാറ്റിയിരുന്നു. കേസില്‍ ജാമ്യം കിട്ടാതെ ജയിലില്‍ കിടക്കുന്ന സിസോദിയയെയും മറ്റും രക്ഷപ്പെടുത്താനാണ് ഇതെന്ന വിമര്‍ശനം ഉയരുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ഇതിന് തടയിടുന്ന ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. ഓര്‍ഡിനന്‍സിനെതിരെ എഎപി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ഇടപെടാന്‍ തയ്യാറായില്ല. ഓര്‍ഡിനന്‍സിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നതും നിയമമായിരിക്കുന്നതും. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്ല് അവതരിപ്പിച്ചതും, ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞതും ആഭ്യന്തര മന്ത്രി അമിത് ഷായാണ്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നതും, അവരുടെ സങ്കുചിത രാഷ്ട്രീയത്തെ തുറന്നുകാട്ടുന്നതുമായിരുന്നു അമിത്ഷായുടെ പ്രസംഗം. ബില്ലിനെ അനുകൂലിച്ച് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് രാജ്യസഭയില്‍ നടത്തിയ കന്നിപ്രസംഗം ശ്രദ്ധേയമായിരുന്നു.
സുപ്രീംകോടതി ഉത്തരവിനെ ഒരുതരത്തിലും ലംഘിക്കാത്തതാണ് ഈ നിയമനിര്‍മാണമെന്നു പറഞ്ഞ അമിത്ഷാ, രാജ്യതലസ്ഥാനത്ത് ഫലപ്രദവും അഴിമതിരഹിതവുമായ ഭരണം നിലനിര്‍ത്തുന്നതിനാണ് ഇതെന്ന് വ്യക്തമാക്കുകയുമുണ്ടായി. കോണ്‍ഗ്രസ് നേതൃത്വം നല്കിയ സംസ്ഥാന സര്‍ക്കാരിന്റെ ഭരണകാലം മുതലുള്ള ഒരു നിയമവ്യവസ്ഥയും മാറ്റിയിട്ടില്ലെന്നു പറഞ്ഞ ഷാ, മോദി സര്‍ക്കാരിന്റെ ഏകാധിപത്യ സ്വഭാവമാണ് നിയമനിര്‍മാണത്തിനു പിന്നിലെന്ന ആരോപണത്തിന് ചുട്ടമറുപടിയും നല്കി. ബില്ല് കൊണ്ടുവന്നത് അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കാനോ ജനങ്ങളുടെ അവകാശങ്ങള്‍ കവരാനോ അല്ലെന്നു ഷാ പരിഹസിച്ചത് കോണ്‍ഗ്രസ്സിന്റെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായിരുന്നു. ഇതിനു മുന്‍പ് ദല്‍ഹി സംസ്ഥാനം ഭരിച്ചിരുന്ന ഒരു മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ച് യാതൊരു പരാതിയുമില്ലായിരുന്നുവെന്നും, അവര്‍ കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടലിനു വന്നില്ലായിരുന്നുവെന്നും ഷാ ചൂണ്ടിക്കാട്ടി. 2015 ല്‍ ഒരു ‘വിപ്ലവത്തിനുശേഷം’ അധികാരത്തില്‍ വന്ന സര്‍ക്കാരാണ്, കേന്ദ്രം തങ്ങളുടെ അധികാരം കവരുകയാണെന്ന് മുറവിളി കൂട്ടാന്‍ തുടങ്ങിയതെന്നും, എന്നാല്‍ ഇത് ശരിയല്ലെന്നും, രാജ്യത്തെ ജനങ്ങള്‍ തങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടെന്നും ഷാ പറഞ്ഞത് എഎപിയുടെ തനിനിറം തുറന്നുകാട്ടി. കേന്ദ്ര സര്‍ക്കാര്‍ ദല്‍ഹി സംസ്ഥാനത്ത് ഭരണസ്തംഭനം സൃഷ്ടിക്കുകയാണെന്ന എഎപി അംഗങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴായിരുന്നു ഇത്. ദല്‍ഹിക്ക് സമ്പൂര്‍ണ അധികാരം നല്‍കുന്നതിനെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുപോലും അനുകൂലിച്ചിരുന്നില്ലെന്ന് അമിത് ഷാ പറഞ്ഞത് കോണ്‍ഗ്രസ് അംഗങ്ങളെ നിരായുധരാക്കി.
ദല്‍ഹി സംസ്ഥാനത്തെ സുപ്രധാന അധികാരങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്ന ബില്‍ നിയമമായതോടെ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഒന്നിക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. പ്രതിപക്ഷപാര്‍ട്ടികളുടെ മഹാസഖ്യത്തിനുള്ള ഉപാധികളിലൊന്നുപോലും ഈ ബില്ലിനെതിരെ ഒന്നിക്കുകയെന്നതായിരുന്നു. ബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് തങ്ങളെ പിന്തുണച്ചില്ലെങ്കില്‍ പ്രതിപക്ഷസഖ്യത്തിനില്ലെന്ന് അരവിന്ദ് കേജ്രിവാള് മുന്നറിയിപ്പ് നല്കി. പിന്തുണയില്ലെങ്കില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്നും കേജ്രിവാള് ഭീഷണി മുഴക്കി. കേജ്രിവാളിന് പിന്തുണ നല്‍കുന്നതിനെ കോണ്‍ഗ്രസ്സിന്റെ ദല്‍ഹി ഘടകവും പഞ്ചാബ് ഘടകവും ശക്തിയായി എതിര്‍ത്തു. ഇതു തള്ളിയാണ് കോണ്‍ഗ്രസ് എഎപിയെ പിന്തുണച്ചത്. കോണ്‍ഗ്രസ്സിന്റെ കൂടി പിന്തുണ ലഭിച്ചാല്‍ രാജ്യസഭയില്‍ ബില്ല് പാസ്സാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രചാരണം. എന്നാല്‍ ഈ അവകാശവാദങ്ങള്‍ മുഴുവന്‍ പൊളിക്കുന്നതായിരുന്നു പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്ലിനു ലഭിച്ച പിന്തുണ. പ്രതിപക്ഷത്തെ ബിജെഡിയുടെയും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും പിന്തുണ സര്‍ക്കാരിന് ലഭിച്ചു. നവീന്‍ പട്നായിക് നേതൃത്വം നല്കുന്ന ബിജെഡിയുടെ രാജ്യസഭാ നേതാവ് ബില്ലിനെ ശക്തമായി അനുകൂലിച്ച് പ്രസംഗിക്കുകയും ചെയ്തു. സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ബില്ലിന് അപ്രതീക്ഷിതമായ പിന്തുണ ലഭിച്ചെന്നു മാത്രമല്ല, പ്രതിപക്ഷത്തിന് പ്രതീക്ഷിച്ച വോട്ട് ലഭിക്കുകയും ചെയ്തില്ല. കേന്ദ്ര സര്‍ക്കാരിന് പിന്തുണയില്ലെന്ന് വരുത്താനാണ് പ്രതിപക്ഷം ശ്രമിച്ചതെങ്കിലും സര്‍ക്കാര്‍ ഒന്നുകൂടി കരുത്താര്‍ജിക്കുകയാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: