തൊടുപുഴ: കാലവര്‍ഷം പിന്‍വലിഞ്ഞു. കേരളത്തില്‍ ചൂട് കൂടുന്നു. 2018 മുതല്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി കനത്ത മഴ ലഭിച്ചെങ്കിലും ഇത്തവണ കാര്യമായി ലഭിച്ചിട്ടില്ല.
ജൂണില്‍ തുടങ്ങിയ കാലവര്‍ഷം ആഗസ്ത് ആദ്യവാരം പിന്നിടുമ്പോള്‍ മഴക്കുറവ് 39 ശതമാനമായി കൂടി. വിവിധ കാരണങ്ങളാല്‍ പത്തില്‍ താഴെ ദിവസങ്ങളില്‍ മാത്രമാണ് ഭേദപ്പെട്ട മഴ ലഭിച്ചത്. ഇടതോരാതെ മഴ ലഭിക്കേണ്ട കര്‍ക്കടക മാസത്തില്‍ വേനലിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ചൂട്.
താപനില മിക്കയിടത്തും 30 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി. അന്തരീക്ഷത്തില്‍ ജലകണങ്ങള്‍ ഇല്ലാത്തതിനാല്‍ താപസൂചികയും ഉയരുകയാണ്. ഇന്നലെ പലയിടത്തും 40 ഡിഗ്രി വരെയായിരുന്നു താപസൂചിക. ഇതിനൊപ്പം അള്‍ട്രാവയലറ്റ് ഇന്‍ഡക്സിലും കാര്യമായ വര്‍ധനയുണ്ട്. കഴിഞ്ഞ മെയ്, ഏപ്രില്‍ മാസത്തിന് സമാനമായാണ് ഇതിന്റെ മൂല്യം കൂടിയത്.
രാത്രി താപനിലയും ശരാശരി 24 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണിപ്പോള്‍. ഹൈറേഞ്ച് മേഖലകളില്‍ മാത്രമാണ് താപനിലയില്‍ കുറവുള്ളത്. ഈ മാസം ഒരിടത്ത് പോലും ഭേദപ്പെട്ട മഴ ലഭിച്ചിട്ടില്ല. മഴ ഏറ്റവും കുറഞ്ഞത് ഇടുക്കിയിലാണ് 57 ശതമാനം.
ഭൂമധ്യരേഖയോട് അടുത്തുള്ള പസഫിക്ക് മേഖലയിലെ എല്‍നിനോ വീണ്ടും ശക്തമാകുന്നതിനാല്‍ തുലാമഴയിലും കുറവുണ്ടാകുമെന്നാണ് സൂചനകള്‍. അടുത്ത ആഴ്ച മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും കൂടുതല്‍ ശക്തമാകില്ലെന്നാണ് നിഗമനം.
2016-2017ലാണ് സമാനമായ അവസ്ഥയുണ്ടായത്. അന്ന് ഗണ്യമായി മഴ കുറഞ്ഞത് ജലസേചന പദ്ധതികള്‍ക്കൊപ്പം വൈദ്യുതി ഉത്പാദനത്തെയും സാരമായി ബാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയം 80 ശതമാനമായിരുന്ന കെഎസ്ഇബിയുടെ കീഴിലുള്ള സംഭരണികളിലെ ജലശേഖരം നിലവില്‍ 38 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: