വടക്കാഞ്ചേരി: ഷൊര്‍ണൂര്‍ – കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ മുളങ്കുന്നത്തുകാവ് അമ്പലനടയില്‍ ചരക്ക് ലോറി ഇടിച്ചു തകര്‍ത്ത ബസ് കാത്തിരിപ്പ് കേന്ദ്രം പുന:നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ ധര്‍ണ നടത്തി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പ്രതിദിനം നൂറുകണക്കിന് പേര് ആശ്രയിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ഒരു മാസം മുമ്പാണ് നിയന്ത്രണം വിട്ട ചരക്ക്ലോറി ഇടിച്ചു തകര്‍ത്തത്.
കെട്ടിടം പുനര്‍നിര്‍മിക്കാന്‍ നാളിതുവരെയും നടപടിയെടുക്കാത്ത അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് ജനകീയ കൂട്ടായ്മ രംഗത്തെത്തിയത്. മുളങ്കുന്നത്തുകാവ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങുന്നവരുള്പ്പെടെ നിരവധി പേര് വിശ്രമിക്കാന്‍ ആശ്രയിക്കുന്ന കേന്ദ്രം കൂടിയായിരുന്നു ഇവിടം. ജനകീയ കൂട്ടായ്മ താല്‍ക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം ഒരുക്കിയിട്ടുണ്ടെങ്കിലും ശാസ്ത്രീയമായ രീതിയില്‍ പുതിയ കെട്ടിടം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയതായും പ്രദേശവാസികള്‍ അറിയിച്ചു.
അമ്പലനടയില്‍ നടന്ന ധര്‍ണയില്‍ ജനകീയ കൂട്ടായ്മ കണ്‍വീനര്‍ എന്‍.ടി. മോഹനന്, ചെയര്മാന് പി. സുരേഷ് ബാബു, വൈസ് ചെയര്മാന് രാമചന്ദ്രന് കല്ലാറ്റില്‍, എം. കെ. ശ്രീധരന്, കെ. ആര്. സുധാകരന്, എം. കെ. വനജ, മേലെപറമ്പില്‍ ശങ്കുണ്ണി നായര്‍, പി.കെ. വേലായുധന്, കെ. സുരേഷ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: