കോട്ടയം: മിത്ത് വിവാദത്തില്‍ സ്പീക്കറുടെ ഗണപതി പരാർമശം സര്‍ക്കാര്‍ ഇടപെട്ട് തിരുത്തിയില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് നീങ്ങുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു. കൂടുതല്‍ പരസ്യപ്രതിഷേധത്തിനില്ലെന്നും ഷംസീര്‍ മാപ്പ് പറയണമെന്നും ഇന്ന് ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗത്തിനുശേഷം പുറത്തിറക്കിയ വാർത്താകുറിപ്പിൽ സുകുമാരൻ നായർ വ്യക്തമാക്കി.
വിഷയത്തിൽ സർക്കാർ പ്രതികരിക്കാത്തതിൽ എൻഎസ്എസ് യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തുടർസമരം പ്രഖ്യാപിച്ചിട്ടില്ല. പ്രശ്നം കൂടുതൽ വഷളാക്കാതെ ഇരിക്കാൻ സർക്കാർ നടപടി ഉണ്ടാകുന്നില്ലെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടി. ഷംസീറിന്റെ പ്രതികരണം ഉരുണ്ടുകളിയാണെന്നും എൻഎസ്എസ് പ്രതികരിച്ചു. എം.വി ഗോവിന്ദന്റെ പ്രതികരണങ്ങളൊന്നും വിശ്വാസികളുടെ വേദനയ്‌ക്ക് പരിഹാരം ആകുന്നില്ലെന്നും എൻഎസ്എസ് വ്യക്തമാക്കി.
എൻഎസ്എസ് എടുത്തത് അന്തസ്സുള്ള തീരുമാനമാണെന്ന് കെ ബി ഗണേഷ് കുമാർ പറഞ്ഞു. മുതലെടുപ്പ് രാഷ്‌ട്രീയത്തിന് നിന്നു കൊടുക്കാതെ നിയമപരമായി നേരിടും എന്നതാണ് എൻഎസ്എസ് നിലപാട്. കൂടുതൽ സമരങ്ങൾ പ്രഖ്യാപിക്കാത്തതും അതുകൊണ്ടാണെന്ന് ഗണേഷ് വ്യക്തമാക്കി. ഷംസീറിന്റെ പരാമർശത്തിൽ ഇവിടെ പ്രതികരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: