പിന്തിരിയരുത്, ഷംസീര്‍മാര്‍ നിര്‍ത്തരുത്, ഗോവിന്ദന്മാര് തുടരണം. കാരണം, അത് സമൂഹത്തിന് ഗുണം ചെയ്യും. ആത്യന്തികമായി ‘നമ്മള്’ (വീ, ദ് പീപ്പിള്‍) ആണല്ലോ മാറ്റേണ്ടത്, ‘നമ്മള്’ ആണല്ലോ മാറ്റേണ്ടത്. ആ ‘നമ്മളെ’ പൂര്‍ണമായും നിയന്ത്രിക്കാനും നിര്‍വചിക്കാനും ഒരു ഭരണഘനയ്ക്കും കഴിയില്ലല്ലോ; ശരീരത്തിനപ്പുറമുള്ള മനസ്സുണ്ടല്ലോ, ഇനി അതും ഒരു മിത്താണെന്ന് പറഞ്ഞാല്‍പ്പോലും!
ഭരണകൂടം കൊഴിഞ്ഞുപോകും (ദ് സ്റ്റേറ്റ് വില്‍ വിതര് എവേ) എന്നു പറയുന്നതും സര്‍ക്കാരല്ല ജനതയാണ് സമൂഹത്തെയും രാഷ്ട്രത്തെയും സൃഷ്ടിക്കുന്നതെന്നു പറയുന്നതും അന്യോന്യം സംരക്ഷിക്കപ്പെടുന്ന സ്ഥിതിവിശേഷം (രക്ഷന്തിസ്മ പരസ്പരം) എന്നു പറയുന്നതും അങ്ങനെയാണ് സംഭവിക്കുക. അതിലേക്കുള്ള വഴി തുറക്കാന്‍ ചുമതലപ്പെട്ടവരെന്ന നിലയിലാണ് ഭരണകൂടം ഉണ്ടാകുന്നത്, ഉണ്ടാക്കുന്നത്. പക്ഷേ, അവര്‍ ആ ജോലി കൃത്യമായും വ്യക്തമായും ചെയ്യാതെവരുമ്പോള്‍ സമൂഹം വിഘടിക്കും. അപ്പോള്‍ പ്രകൃതിയെപ്പോലെ, സാഹചര്യവും ലോകക്രമത്തില്‍ പുതിയ വഴികള്‍ ഒരുക്കും. കാരണം സമൂഹവും ജൈവികമാണ്. സമൂഹത്തിന് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയും. അതിന് കാരണം അതിന്റെ ഏറ്റവും അടിസ്ഥാനം വ്യക്തിയും വ്യക്തിയുടെ ചിന്തകള്‍ നിയന്ത്രിക്കുന്ന മനസ്സുമായതാണ്. അതുകൊണ്ടാണ് ഷംസീറുമാരും ഗോവിന്ദന്മാരും മതിയാക്കിപ്പോകരുതെന്ന് പറയാന്‍ കാരണം.
എ.എന്‍. ഷംസീറിന് ശാസ്ത്രീയതയുടെ പോഷണത്തിനും യുക്തിചിന്താ പരിശീലനത്തിനും ഹിന്ദു ദൈവമായ ഗണപതിയെക്കുറിച്ച് പരാമാര്‍ശിക്കാം, വിമര്‍ശിക്കാം. അതല്ല വിഷയം. ഹിന്ദു വിശ്വാസവും ധര്‍മ്മവും ഇതിഹാസ പുരാണാദികളും ജീവിതക്രമവും ചേര്‍ന്ന ഹൈന്ദവ സംസ്കാരം, ഒരുകോടി ഷംസീര്‍മാരും ഗോവിന്ദന്മാരും ചേര്‍ന്നാലുണ്ടാകുന്ന പ്രതിഭയേക്കാള്‍ ഉയര്‍ന്ന ചിന്താബോധമുള്ള ചാര്‍വാക മുനിയുടെ വിമര്‍ശനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമായിട്ടും ആയിരക്കണക്കിന് വര്‍ഷമായി, എന്നല്ല അനാദിയെന്ന് വിശേഷിപ്പിക്കാവുന്ന കാലം മുതല്‍ തുടര്‍ന്നുപോരുന്നതും നിലനില്ക്കുന്നതുമാണ്. അതിനെ വിശ്വാസമെന്നോ സങ്കല്‍പ്പമെന്നോ ഒക്കെ വിശേഷിപ്പിക്കുന്നതുപോലും അബദ്ധമാണ്. ഇവിടെ ഷംസീര്‍ വിവാദവിഷയമാകുന്നത് അയാളുടെ വിമര്‍ശനത്തിന്റെ, പരാമര്‍ശത്തിന്റെ ഉദ്ദേശ്യ ശുദ്ധിയുടെ പേരിലാണ്.
ആ ഉദ്ദേശ്യം പിഴച്ചു, നിയമസഭാ സ്പീക്കറായ ഷംസീര്‍ ചെയ്തത് അബദ്ധമായെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹത്തെ തിരുത്തേണ്ട സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന് ഷംസീറിനെ ഒരു ഡിവൈഎഫ്ഐ നേതാവായിക്കണ്ട് സംരക്ഷിക്കാനും പിന്തുണയ്ക്കാനും ഇറങ്ങിയതാണ് രണ്ടാം പിഴവ്. ഷംസീര്‍ നിയമസഭാ സ്പീക്കറാണ്, അതിനാല്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായ ഞാന്‍ ‘മാവിലായിക്കാര’നാണെന്ന മട്ടില്‍, അകലം പാലിച്ച് മിണ്ടാതിരുന്ന പിണറായി വിജയന് ചെയ്തതാണ് മൂന്നാം പിഴവ്. ഈ നേതാക്കളെയെല്ലാം അവര്‍ എന്തു കൊള്ളരുതായ്മ കാണിച്ചാലും പിന്തുണയ്ക്കാനും ന്യായീകരിക്കാനും ഇറങ്ങിയ അണികളെന്നോ അടിമകളെന്നോ വിളിക്കാവുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെയ്തതാണ് നാലാം പിഴവ്. എല്ലാം കണ്ടിട്ടും പഞ്ചപുച്ഛമടക്കിയിരിക്കുന്ന, സാധാരണ ഏത് വിഷയത്തിലും ശബ്ദമുണ്ടാക്കി പ്രതികരിക്കുന്ന, ഒരുകൂട്ടം സാംസ്കാരിക നായകര്‍ ചെയ്തതാണ് അഞ്ചാമത്തെ പിഴവ്.
ഏറെനാളായി കേരള സമൂഹത്തില്‍ മത ധ്രുവീകരണത്തിനും സാമുദായിക അനൈക്യത്തിനും അതുവഴി അസ്വസ്ഥതയ്ക്കും അറ്റകൈക്ക് വര്‍ഗ്ഗീയ കലാപത്തിനും ചിലര്‍ കോപ്പുകൂട്ടുന്നുണ്ട്. സാധാരണ ഇത്തരം ഘട്ടത്തില്‍ ഭരണകൂടമാണ് അത് മുന്നറിഞ്ഞ് തടയേണ്ടത്. പക്ഷേ കേരളത്തില്‍ ‘വേലിതന്നെയാണ് വിളവു തിന്നുന്നത്’ എന്നാണ് പലരുടെയും നിരീക്ഷണം. സി.വി. രാമന്‍പിള്ളയുടെ പ്രസിദ്ധമായ നോവല്‍ ‘മാര്‍ത്താണ്ഡവര്‍മ്മ’യിലെ കഥാപാത്രത്തെപ്പോലെ ‘അടിയന് ലച്ചിപ്പോം’ എന്ന് വിളിച്ചു പറഞ്ഞ്, ചാടിയെത്തി, അപകടത്തിലായവരെ രക്ഷിക്കാന്‍ അവസരം ഉണ്ടാക്കിയെടുക്കുകയാണ് ഭരണം നിയന്ത്രിക്കുന്ന ചിലരും ചില ഭരണപ്രതിപക്ഷ പാര്‍ട്ടികളും. അതിന് അവര്‍ക്ക് വേണ്ടത്, അവര്‍ക്ക് രക്ഷിക്കാന്‍ ഒരു വിഭാഗം ജനതയില്‍ അരക്ഷിത ബോധം ഉണ്ടാക്കുകയാണ്. അതിന് അവര്‍ കണ്ടുവെച്ചിരിക്കുന്നത് കേരളത്തിലെ ചില മതന്യൂനപക്ഷവിഭാഗങ്ങളെയാണ്. അവരെ തിരഞ്ഞെടുക്കാന്‍ കാരണം അവരുടെ സംഘടിത വോട്ടുശക്തിയാണ്.
ഈ വിഭാഗത്തെ മറ്റൊരു വിഭാഗത്തെ ചൂണ്ടിക്കാട്ടി, അവര്‍ക്കെതിരേ ഇല്ലാത്ത ആക്ഷേപങ്ങളും ആരോപണങ്ങളും പറഞ്ഞുപരത്തി, എപ്പോഴും പേടിപ്പിക്കുന്നു. ഒപ്പം അവര്‍ക്ക് സംരക്ഷണം നല്കാന് ഞങ്ങളേ ഉള്ളുവെന്ന് തെറ്റിദ്ധരിപ്പിക്കുന്നു. ഏറെക്കാലമായ ഈ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയാണ്, വിദ്യാര്‍ത്ഥികള്‍ക്കുമുന്നില്‍ ഒരു മതവിഭാഗത്തിന്റെ വിശ്വാസവും സങ്കല്‍പ്പവും മാത്രം നടപ്പില്‍ വരുത്താന്‍ ശ്രമിക്കുകയാണ് രാജ്യത്തെ ഭരണകൂടവും അത് നയിക്കുന്നവരുമെന്ന കുപ്രചാരണം. അത് പൗരത്വ നിയമ പരിഷ്കരണത്തിന്റെ കാര്യത്തിലായാലും പൊതു സിവില്‍ നിയമത്തിന്റെ പേരിലായാലും 370-ാം വകുപ്പ് മരവിപ്പിക്കലിന്റെ പേരിലോ പുതു വിദ്യാഭ്യാസ നയത്തിന്റെ പേരിലോ പാര്‍ലമെന്റിന് പുതിയ കെട്ടിമോ പട്ടേല്‍ പ്രതിമയോ നിര്‍മ്മിക്കുന്നതിന്റെ പേരിലോ ആയാലും ഒരേ ലക്ഷ്യമാണ്. അങ്ങനെയാണ് ശാസ്ത്രവും വിശ്വാസവും ഗണപതിയും മിത്തും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമുന്നില്‍, ‘ഞാന്‍ നിയമസഭാ സ്പീക്കറാണ്’ എന്നത് മറന്ന് വെറും പാര്‍ട്ടിയുടെ ‘ലൗഡ് സ്പീക്കറായി’ എ.എന്‍. ഷംസീര്‍ വിളമ്പിയത്.
ബ്രിട്ടീഷ് ഭരണകൂടം ഭാരതം ഭരിച്ചത് ഇവിടത്തെ വിവിധ മതങ്ങളേയും ജാതി വിഭാഗങ്ങളേയും തമ്മില്‍ അകറ്റിക്കൊണ്ടും അടിപ്പിച്ചുകൊണ്ടുമായിരുന്നു. അവര്‍ ഭാരതം വിട്ടുപോയപ്പോള്‍ രാഷ്ട്രം വിഭജിച്ചത് മതാടിസ്ഥാനത്തിലായിരുന്നു. ഭാരത ചരിത്രത്തിലെ ഏറ്റവും വലിയ, (10 ലക്ഷം പേര് കൊല്ലപ്പെട്ടതും മറ്റൊരു പത്തുലക്ഷത്തോളം നിരാലംബരായിപ്പോയതുമായ) മനുഷ്യഹത്യക്ക് ആ വിഭജനം കാരണമായി.
അതിന് പ്രേരണക്കാരും സഹായികളും നടത്തിപ്പുകാരുമായത് ആരെന്ന ചര്‍ച്ച നില്ക്കട്ടെ. ആ സ്ഥിതിസാഹചര്യത്തിലേക്ക് പിന്തിരിഞ്ഞു നോക്കിയാല്‍ രാഷ്ട്രത്തിന്റെ സാംസ്കാരിക ഭാവനയുടെ, ഒരുകാലത്ത് വിദേശ സര്‍വാധിപത്യത്തിന്റെ സിംഹാസനങ്ങളെ വിറപ്പിക്കാന്‍ ഒരു ജനതയ്ക്ക് ആത്മവീര്യം നല്കിയ ‘വന്ദേമാതര ഗീത’ത്തോടുള്ള ചിലരുടെ വിയോജിപ്പെന്ന സംഭവത്തില്‍ നാം എത്തിച്ചേരും. വന്ദേമാതരം ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ‘ആനന്ദമഠം’ എന്ന നോവലിലെഴുതിയ ഗീതം മാത്രമല്ല, സഹസ്രാബ്ദങ്ങളായി തുടര്‍ന്നുവന്ന ഒരു സംസ്കൃതിയുടെ വിശ്വാസാശ്വാസസങ്കല്‍പ്പങ്ങളുടെ അക്ഷര മൂര്‍ത്തീകരണവുമായിരുന്നു. അതിനെ എതിര്‍ത്തപ്പോള്‍ ഉണ്ടായ ‘എതിര്‍പ്പ്’ രാഷ്ട്രത്തിലാകെയും സമൂഹത്തിലെമ്പാടും പ്രകടമായിരുന്നു. അതുണ്ടാക്കിയ രാഷ്ട്രീയസാമൂഹ്യ പ്രശ്നങ്ങള്‍ ചെറുതല്ലായിരുന്നു. അതു തടയാന്‍ ഒരു ഭരണകൂടത്തിനും കഴിയാതെവന്നത് അതുകൊണ്ടുകൂടിയായിരുന്നു. അതിന് കാരണം അത് വ്യക്തിമനസ്സുകളില്‍ ഉണ്ടാക്കിയ സ്വാധീനങ്ങളായിരുന്നു. അത് ഒരു ഭരണകൂടത്തിനും ഭരണഘടനയ്ക്കും കണ്ടുപിടിക്കാന്‍ ആകാത്തതുമായിരുന്നു. അത് ‘നമ്മുടെ’ രാജ്യം മതേതരമാണ് എന്ന് എഴുതിച്ചേര്‍ത്താല്‍ മാത്രം നിയന്ത്രണ വിധേയമാകുകയില്ലതന്നെ.
ഇവിടെയാണ് ഷംസീര്‍മാര്‍ ഉണ്ടാക്കിയെടുക്കുന്ന അപകടകരമായ സ്ഥിതിവിശേഷങ്ങളുടെ ഗൗരവം. വര്‍ഗ്ഗസംഘര്‍ഷങ്ങളുടെ ആശയാടിത്തറയിലുള്ള ഒരു രാഷ്ട്രീയപ്പാര്‍ട്ടി, സായധ സംഘര്‍ഷങ്ങളിലൂടെക്കടന്ന് അവ നേരിട്ട് വളര്‍ന്ന ചരിത്രമുള്ള, അതില്‍ അഭിമാനിക്കുകയും ചെയ്യുന്ന ഒരു സമുദായസമൂഹത്തെ കൂട്ടുപിടിക്കാനും കൂടെ നിര്‍ത്താനും നടത്തുന്ന അതിതീവ്ര പരിശ്രമത്തില്‍ സാമൂഹ്യ സംതുലനം വീണ്ടും തെറ്റിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടി ഭരണത്തിലിരിക്കെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും നടത്തിയത് അതാണ്. അവശേഷിക്കുന്ന ഏക ഭരണസംസ്ഥാനമായ കേരളത്തില്‍ വര്‍ഷങ്ങളായി കമ്മ്യൂണിസ്റ്റുകള്‍ ചെയ്യുന്നതും അതാണ്. കേന്ദ്ര സര്‍ക്കാരിന്റെ അത്ഭുതകരമായ നേട്ടങ്ങളായി സാമാന്യജനങ്ങളും പറയുന്ന മൂന്നു കാര്യങ്ങളില്‍ ഒന്ന്, അഴിമതിയില്ലാത്ത ഭരണവും രണ്ട്, വര്‍ഗ്ഗീയ കലാപങ്ങളില്ലാത്ത സംസ്ഥാനങ്ങളും മൂന്ന്, സമാധാനപൂര്‍ണമായ കശ്മീരുമാണ്. എന്നാല്‍ ഇതിലെ ‘വര്‍ഗ്ഗീയ കലാപങ്ങള്‍’ ”സൃഷ്ടിക്കാന്‍” ചിലര്‍ക്ക് എളുപ്പമാണ്. അതിന് കുപ്രചാരണം മാത്രം മതി. അതാണ് മണിപ്പൂരിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രാഷ്ട്രീയ വിരുദ്ധര്‍ നടത്തുന്നത്. അതാണ് ഹരിയാനയിലെ വാര്‍ത്തകളില്‍നിന്ന് ചികഞ്ഞെടുക്കുന്നത്. അത്തരമൊന്ന് കേരളത്തില്‍ ഉണ്ടാകാതെ നോക്കേണ്ടവരാണ് എം.വി. ഗോവിന്ദനും എ.എന്‍. ഷംസീറും. പക്ഷേ, കുറ്റകൃത്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ റെയ്ഡുകളും ഭീകരരെ പിടികൂടലും ഭീകര സംഘനകളെ നിരോധിക്കലും ഏറ്റവും ബാധിക്കുന്ന കേരളത്തില്‍, സാമൂഹ്യവിരുദ്ധരെ സഹായിക്കുന്നവര്‍ക്ക് ‘കൂട്ടിരിപ്പു’കാരാണ് ഞങ്ങളെന്ന് വരുത്താന്‍ ചിലര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഒപ്പമാണ് ഗോവിന്ദനും മറ്റും എന്ന ആക്ഷേപങ്ങള്‍ ശരിയെന്നു തോന്നിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവഗതികള്‍.
പക്ഷേ, ‘മാധ്യമ വിചാരണ’ പലപ്പോഴും അതിരുകടക്കുന്നുവെന്ന ആക്ഷേപങ്ങള്‍ ഉള്ളപ്പോഴും ചില മാധ്യമങ്ങളെങ്കിലും വിളിച്ചുപറയുന്ന സത്യവും സാമൂഹ്യ മാധ്യമങ്ങളില്‍ സ്വതന്ത്ര ചിന്തകര്‍ നടത്തുന അഭിപ്രായ പ്രകടനങ്ങളും സമൂഹം അറിയുന്നുണ്ട്. അവര്‍ അങ്ങനെ നേതാക്കളില്‍ പലരുടെയും ഉള്ളിലിരിപ്പ് തിരിച്ചറിയുന്നുണ്ട്. അവരെ കരുക്കളാക്കുന്നവരുടെ ദുരുദ്ദേശ്യം സമൂഹം മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പണ്ടത്തെപ്പോലെ കണ്ണുംകെട്ടി പിന്നാലെ പോയി കുഴിയില്‍ വീഴുന്നവരുടെ എണ്ണവും കുറയുന്നുണ്ട്. സഹായിക്കാനെന്ന പേരില്‍, ”തന്തചമഞ്ഞ് വരേണ്ടെന്ന്” പറയാന്‍ സമുദായം തയാറാകുന്നുണ്ട്. അതുകൊണ്ടുതന്നെ ചുരുക്കം ചില വിധ്വംസക ശക്തികളൊഴികെ, സമുദായം ഒന്നടങ്കം ഒരു പ്രചാരണത്തിന്റെ പിന്നാലെ പോകുന്നില്ല. അതാണ് വ്യക്തികളുടെ മനസ്സ് മറ്റൊരാളുടെയോ നിയമങ്ങളുടെയോ ഭരണഘടനയുടെയോ പോലും നിയന്ത്രണങ്ങള്‍ക്ക് അപ്പുറമാണെന്ന് പറയാന്‍ കാരണം. അവര്‍ പൗരധര്‍മ്മത്തില്‍ ഭരണഘടന അനുസരിക്കും. സാമൂഹ്യധര്‍മ്മത്തില്‍ മനസ്സാക്ഷിയേയും. അതുകൊണ്ടാണ് ഭാരതം മുടിഞ്ഞുപോകാന്‍ മതാടിസ്ഥാനത്തില്‍ വിഭജനം നടത്തിപ്പോയിട്ട് ഇതുവരെ ‘ഇന്ത്യ’ വിഭജിച്ചുകാണാന്‍ കാത്തിരിക്കുന്നവര്‍ക്ക് മുക്കാല്‍ നൂറ്റാണ്ടുകഴിഞ്ഞിട്ടും സാധിക്കാത്തതത്.
അതിനാല്‍ ഷംസീര്‍മാരും ഗോവിന്ദനും ഗണപതിയെ അധിക്ഷേപിക്കണം. ശ്രീനാരായണ ഗുരുവിന്റെ കഴുത്തില്‍ ‘കൊലക്കയര്‍’ ഇടണം. വീര സവര്‍ക്കറെ ആക്ഷേപിക്കണം. മണിപ്പൂരില്‍ പള്ളിപൊളിച്ചെന്ന് പ്രസംഗിക്കണം. കശ്മീരില്‍ മനുഷ്യാവകാശ ലംഘനമെന്ന് ആക്രോശിക്കണം. ഹിന്ദുദൈവങ്ങളെ വിമര്‍ശിക്കണം. ഹിന്ദുക്കളെന്നും ക്രിസ്ത്യാനികളെന്നും മുസ്ലിങ്ങളെന്നും വിഭജിച്ച് ഭരണാനുകൂല്യങ്ങള്‍ നല്‍കണം. മതഭീകരതയ്ക്ക് സംരക്ഷണം നല്‍കണം. മദനി മഹാത്മാഗാന്ധിയെന്ന് വാഴ്ത്തണം. ശബരിമലയില്‍ യുവതികളെ കയറ്റണം. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ രക്തസാക്ഷി മണ്ഡപം പണിയണം. സര്‍വ്വ ക്ഷേത്രങ്ങളും കമ്മ്യൂണിസ്റ്റ് ഭരണത്തിലാക്കണം. സകല ക്രിസ്ത്യന്‍ പള്ളികളും വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം തടഞ്ഞ് അടച്ചിടീക്കണം. സാമുദായിക കലഹങ്ങള്‍ക്ക് വഴിയൊരുക്കുന്നവര്‍ക്ക് കൂട്ടുനില്ക്കണം. ഈശ്വര വിശ്വാസികളെ വിലങ്ങുവെക്കണം.
കാരണം, ഇതൊക്കെ ദുരുദ്ദേശ്യപൂര്‍വമാണെന്ന് സാധാരണക്കാര്‍വരെ തിരിച്ചറിയുന്നുണ്ട്. അവര്‍ സമാധാന കാംക്ഷികളായി ജനാധിപത്യ വിശ്വാസികളായി ഭരണഘടനാപരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. നിങ്ങള്‍ക്കൊപ്പമല്ല, ആയിരുന്നവര്‍ ഇനി ആകില്ല.
പിന്കുറിപ്പ്:
രാഹുല്‍ ഗാന്ധിക്ക്, ജാതിമത വിഭാഗങ്ങളെ ആക്ഷേപിച്ച മാനനഷ്ടക്കേസില്‍ കീഴ്ക്കോടതി നല്കിയ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. പക്ഷേ, കേസെടുക്കാതെതന്നെ പരമോന്നത കോടതി വിധി പറഞ്ഞു: രാഹുല്‍ ഉപയോഗിച്ച വാക്കുകള്‍ ദുരര്‍ത്ഥത്തിലുള്ളതായി, പാടില്ലായിരുന്നു, എന്ന്. അങ്ങനെ സുപ്രീം കോടതിയും ശിക്ഷിച്ചു. പക്ഷേ, അതും രാഹുലിന്റെ വിജയമാണണത്രേ!! എന്താല്ലേ?!
പ്രതികരിക്കാൻ ഇവിടെ എഴുതുക: