വാരാണസി: ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സര്‍വേയക്ക് സുപ്രീം കോടതിയും അനുമതി നല്‍കിയതിലൂടെ ശ്രദ്ധേയമായ ഗ്യാന്‍വാപി മസ്ജിദില്‍ നടന്ന പരിശോധനയില്‍ ശിഥിലമായ വിഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി കേസ് നല്കിയ ഹിന്ദു സ്ത്രീകളുടെ അഭിഭാഷകന് സുധീര്‍ ത്രിപാഠി പറഞ്ഞു. പൊട്ടാത്ത വിഗ്രഹങ്ങളും കണ്ടെത്താനാകുമെന്ന പ്രതീക്ഷയാണുളളതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
മുസ്ലീങ്ങള്‍ പ്രാര്‍ത്ഥന നടത്തുന്ന വുസുഖാനയിലാണ് സര്‍വേ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്നും അഭിഭാഷകന് പറഞ്ഞു.പതിനേഴാം നൂറ്റാണ്ടിലെ മുസ്ലീം പളളി ഹിന്ദു ക്ഷേത്രത്തിന് മുകളിലാണോ നിര്‍മ്മിച്ചതെന്ന് കണ്ടെത്താനാണ് ശാസ്ത്രീയ സര്‍വേ നടത്തുന്നത്.
എഎസ്ഐ സംഘം ഇന്നത്തെ സര്‍വേ ഉച്ചയോടെ നിര്‍ത്തി. വിശ്വാസികളെ പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുവദിച്ചു. ഇതിന് ശേഷം ഉച്ചയ്ക്ക് 2.30 ന് സര്‍വേ പുനരാരംഭിച്ചു.
സെപ്തംബര്‍ രണ്ടിനകം സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വാരാണസി കോടതി എഎസ്ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്വേയക്കെതിരെ പളളി കമ്മിറ്റി അപ്പീല്‍ നല്‍കിയെങ്കിലും ജില്ലാ കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും തളളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: