ഡോ. കെ.മുരളീധരന്‍ നായര്‍
കുട്ടികളുടെ പഠനം, അവരുടെ ആരോഗ്യം എന്നിവ നിലനിര്‍ത്തുന്നതിന് ഒരു ഗൃഹത്തില്‍ പാലിക്കേണ്ട കാര്യങ്ങള്‍?
കുട്ടികളുടെ പഠന മുറികള്‍ കിഴക്കുവശത്തോ, പടിഞ്ഞാറു വശത്തോ വരുന്നതാണ് ഉത്തമം. പഠനത്തിനുള്ള മേശയും കസേരയും ഒന്നുകില്‍ കിഴക്കോട്ടു നോക്കി ഇടണം. അല്ലെങ്കില്‍ പടിഞ്ഞാറോട്ടു നോക്കി ഇടണം. കിഴക്കോട്ടുനോക്കിയിരുന്ന് പഠിക്കുന്നത് പുലര്‍ച്ചെ വളരെ നല്ലതാണ്. പടിഞ്ഞാറോട്ടു നോക്കിയിരുന്ന് പഠിക്കുന്നതു സന്ധ്യയ്‌ക്കു ശേഷം നല്ലതാണ്. ഇവരുടെ മുറി രൂപകല്‍പന ചെയ്യുമ്പോള്‍ സമചതുരമായി ഇരിക്കുന്നതു നല്ലതാണ്. കട്ടില്‍ ഇടുന്നത് കിഴക്കോട്ടു തല വച്ചു കിടക്കുന്ന രീതിയിലായിരിക്കണം. ഡോര്‍ തുറക്കുന്ന ദിശയില്‍ തലവച്ചു കിടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളുടെ അലമാരകള്‍ വടക്കോട്ട് അല്ലെങ്കില്‍ കിഴക്കോട്ട് തുറക്കുന്ന രീതിയില്‍ ക്രമീകരിക്കണം. എട്ടു വയസ്സ് പ്രായം ചെന്നാല്‍ കുട്ടികള്‍ ആണായാലും പെണ്ണായാലും പ്രത്യേകം മുറിയില്‍ കിടത്തി ശീലിപ്പിക്കേണ്ടതാണ്. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേല്പിച്ചു പഠിപ്പിക്കുന്നത് ഏറ്റവും ഉത്തമമാണ്.
ജീവിതത്തില്‍ വിജയം കൈവരിക്കുവാന്‍ ഒരു വീട്ടില്‍ വാസ്തുപരമായി എന്തൊക്കെ അനുഷ്ഠിക്കണം?
ഒരു ഗൃഹത്തില്‍ താമസിക്കുന്നവര്‍ ആ വീടു വളരെ ശുചിത്വത്തോടുകൂടി പരിപാലിക്കേണ്ടതാണ്. മുറ്റം ഉള്ള വീടുകളാണെങ്കില്‍ എല്ലാ ദിവസവും തൂത്തു വൃത്തിയാക്കണം. വീടിനകത്തു ചിലന്തി വലകള്‍ കെട്ടാന്‍ അനുവദിക്കരുത്. വീടിനകം എല്ലാ ദിവസവും തുടച്ചു വൃത്തിയാക്കണം. രാവിലെയും വൈകുന്നേരവും വിളക്കു കത്തിക്കണം. വീടിന്റെ മുന്‍വശത്തെ വാതിലിനു മുന്നില്‍ ചെരിപ്പുകള്‍ കൂട്ടി ഇടരുത്. വിഴുപ്പു തുണികള്‍ മുറികളില്‍ കൂട്ടി ഇടരുത്. അടുക്കള വളരെ ശുചിത്വമായി സൂക്ഷിക്കണം. പഴകിയ ആഹാരസാധനങ്ങള്‍ ഒരു കാരണവശാലും അടുക്കളയില്‍ സൂക്ഷിക്കുന്നതു നന്നല്ല. ഡൈനിംഗ് ടേബിളില്‍ ആഹാരം കഴിക്കുന്നതു കിഴക്കോട്ട് നോക്കിയും പടിഞ്ഞാറോട്ടു നോക്കിയും തെക്കോട്ടു നോക്കിയും ആയിരിക്കണം. മാസത്തില്‍ ഒരു ദിവസം ഡോര്‍ കര്‍ട്ടന്‍ എല്ലാം കഴുകി ഇടുന്നത് ഊര്‍ജപ്രവാഹം വര്‍ധിക്കുവാന്‍ സഹായിക്കും.
പഴയ വീടിന്റെ രണ്ടാമത്തെ നില പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
പഴയ കെട്ടിടത്തിന്റെ രണ്ടാമത്തെ നില പണിയുമ്പോള്‍ ആ കെട്ടിടത്തിന്റെ അസ്ഥി വാരത്തെപ്പറ്റി അറിവുണ്ടായിരിക്കണം. താമസിച്ചു കൊണ്ടിരിക്കുന്ന ഗൃഹം വാസ്തു നിയമപ്രകാരമാണെങ്കില്‍ രണ്ടാമത്തെ നില പണിയുവാന്‍ എളുപ്പമാണ്. അല്ലെങ്കില്‍ വാസ്തുനിയമപ്രകാരം താമസിച്ചുകൊണ്ടിരിക്കുന്ന ഭാഗം ക്രമീകരിച്ച ശേഷം മാത്രമേ രണ്ടാമത്തെ നില പണിയാവൂ. രണ്ടാമത്തെ നില പണിയുമ്പോള്‍ തെക്കുപടിഞ്ഞാറ് കന്നിമൂല ഭാഗം മുതല്‍ കെട്ടിത്തുടങ്ങണം. വടക്കു കിഴക്കേ ഭാഗം കെട്ടിടത്തിന്റെ ബാല്‍ക്കണിയായിട്ടോ ഓപ്പണ്‍സ്‌പേസ് ആയിട്ടോ ഇടുന്നത് ഉത്തമമാണ്. താഴത്തെ നിലയുടെ പൊക്കത്തേക്കാള്‍ മൂന്നിരട്ടിയെങ്കിലും രണ്ടാമത്തെ നില പൊക്കക്കുറവുണ്ടായിരിക്കണം. പുറത്താണ് സ്റ്റെയര്‍കെയ്‌സ് എങ്കില്‍ മൂലചേര്‍ത്ത് പടിക്കെട്ട് ആരംഭിക്കരുത്. വീട്ടിനകത്താണെങ്കില്‍ മധ്യഭാഗത്തു നിന്നും ആരംഭിക്കരുത്. ഈ വക കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രണ്ടാമത്തെ നിലയ്‌ക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകും.
നിലവിലുള്ള സ്ഥലത്തിനോടും വീടിനോടും ചേര്‍ന്ന് സ്ഥലം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
താമസിച്ചുകൊണ്ടിരിക്കുന്ന വീടിനോടു ചേര്‍ത്ത് സ്ഥലം വാങ്ങുമ്പോള്‍ ഒന്നുകില്‍ വടക്കു ഭാഗത്ത് വരുന്ന ഭൂമിയോ അല്ലെങ്കില്‍ കിഴക്കു ഭാഗത്ത് വരുന്ന ഭൂമിയോ വാങ്ങുന്നത് നല്ലതാണ്. ഇങ്ങനെ ഭൂമി വാങ്ങിയിരുന്നാലും നിലവിലുള്ള വീടിന്റെ കോമ്പൗണ്ട് ഇടിച്ചു മറ്റതിനോടു ചേര്‍ത്തു ദീര്‍ഘിപ്പിക്കുമ്പോള്‍ അളവുകളുടെ കണക്ക് പ്രത്യേകം ശ്രദ്ധിക്കണം. അതല്ലെങ്കില്‍ നിലവില്‍ ഉണ്ടായിരുന്ന ഊര്‍ജലെവലിനു മാറ്റം സംഭവിക്കുകയും അത് ആ ഗൃഹത്തില്‍ വസിക്കുന്നവരെ ബാധിക്കുകയും ചെയ്യും. തെക്കും പടിഞ്ഞാറും നമ്മുടെ കോമ്പൗണ്ട് മതില്‍ ഇടിച്ചു സ്ഥലം വാങ്ങി എക്സ്റ്റന്റ് ചെയ്യുന്നത് അപകടകരമാണ്. നല്ല ഭൂമി ആണെങ്കില്‍ കിഴക്കും വടക്കും വാങ്ങി ചേര്‍ക്കുന്നതില്‍ തെറ്റില്ല. വീട്ടു കോമ്പൗണ്ടിനോടു ചേര്‍ത്ത് റബ്ബര്‍ മരങ്ങള്‍ വളര്‍ത്തുന്നതു നല്ലതല്ല. പണ്ടു കാലത്ത് പറഞ്ഞിട്ടുള്ള വൃക്ഷങ്ങള്‍ തന്നെയാണു വീടിനു ചുറ്റും കോമ്പൗണ്ടിനകത്തും നിലനിര്‍ത്തേണ്ടത്.
വീടു പണിയുന്ന സ്ഥലത്തിന്റെ ഗുണകരമായ കാര്യങ്ങള്‍?
വീടു പണിയുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് രത്‌നക്കല്ലുകളുടെ ഉറവിടം ഉണ്ടെങ്കില്‍ ആ ഭൂമി നല്ലതാണ്. പരിസരത്ത് തോടോ ചെറിയ നദികളോ പടിഞ്ഞാറു നിന്ന് കിഴക്കോട്ടും തെക്കു നിന്ന് വടക്കോട്ടും ഒഴുകുന്ന ഭൂമി നല്ലതാണ്. സസ്യജാലങ്ങളെല്ലാം വളരുന്ന ഭൂമിയും ഈര്‍പ്പം കലര്‍ന്ന മണ്ണുള്ളതും നല്ലതാണ്. കൂടാതെ വീട് വയ്‌ക്കുന്ന സ്ഥലത്തു രാവിലെ സൂര്യകിരണങ്ങള്‍ പതിയുന്നതും നല്ലതാണ്. ഒരു വര്‍ഷത്തില്‍ കേരളത്തില്‍ ഒമ്പതു മാസം തെക്കു പടിഞ്ഞാറന്‍ കാറ്റാണു ലഭിക്കുന്നത്. ബാക്കി മൂന്നുമാസം മാത്രമാണ് മറ്റു ദിക്കുകളില്‍ നിന്നുള്ള കാറ്റ് ലഭിക്കുന്നത്. വീടുവയ്‌ക്കുവാന്‍ ഉദ്ദേശിക്കുന്ന ഭൂമിയില്‍ കാറ്റിന്റെ ഗതി അനുയോജ്യമായ രീതിയില്‍ ആയിരിക്കണം. പാറയുള്ള ഭാഗം വീടുവയ്‌ക്കാന്‍ ഉപയോഗിക്കരുത്. മണലുള്ള ഭാഗം ഉത്തമമാണ്.
വാസ്തുദോഷമുള്ള വീടു എങ്ങനെ തിരിച്ചറിയാന്‍ കഴിയും?
വാസ്തുദോഷമുള്ള വീട്ടില്‍ ഒരു വാസ്തു പണ്ഡിതന്‍ പ്രവേശിക്കുമ്പോള്‍ തന്നെ ആ വീടിന്റെ സന്തുലനാവസ്ഥയെപ്പറ്റി ഗ്രഹിക്കുവാന്‍ സാധിക്കും. നെഗറ്റീവ് എനര്‍ജി തളം കെട്ടിനില്‍ക്കുന്ന വീടാണെങ്കില്‍ ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ തന്നെ മനസ്സിലാക്കാന്‍ സാധി ക്കും. വീടിനു വാസ്തുദോഷം സംഭവിക്കാവുന്ന ഭാഗങ്ങള്‍ പൂമുഖ വാതില്‍, അടുക്കള, പൂജാമുറി, സ്റ്റെയര്‍കെയ്‌സ്, അസ്ഥാനത്തുള്ള ബെഡ്‌റൂമുകള്‍, സ്ഥാനം തെറ്റിയുള്ള ബാത്ത് റൂമുകള്‍, ഇടനാഴികകള്‍, ആവശ്യത്തിന് ജനലും വാതിലും ഇല്ലാതെയിരിക്കുന്നത്, ദിക്കുകള്‍ മാറി ഇരിക്കുന്ന വീട് മുതലായവയാണ്.
ഒരു വീടിനെ സംബന്ധിച്ച് അതില്‍ വസിക്കുന്നവരുടെ ആരോഗ്യത്തിനാണു മുന്‍തൂക്കം കൊടുക്കേണ്ടത്. ക്രമമായ രീതിയിലുള്ള ഊര്‍ജപ്രവാഹം ഇല്ലാത്ത വീടുകളില്‍ വസിക്കു ന്നവര്‍ക്ക് ഒരിക്കലും തന്നെ ആരോഗ്യം ഉണ്ടായിരിക്കില്ല. മാത്രമല്ല അവരെന്നും നിത്യരോ ഗികളുമായിരിക്കും. ഭൂമിയില്‍ നിന്നു വമിക്കുന്ന ഭൗമോര്‍ജവും പ്രപഞ്ചത്തില്‍ നിന്ന് കിട്ടുന്ന പ്രാപഞ്ചികോര്‍ജവും ഒരു വീടിനെ സംബന്ധിച്ചിടത്തോളം പ്രാണവായു തന്നെയാണ്.
ഇതിനു തടസ്സം വന്നാല്‍ ആ വീട്ടില്‍ വസിക്കുന്നവരുടെ ജീവിതത്തിന്നെ പ്രതികൂലമായി ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: