തൃശൂര്‍: ഭക്ഷ്യ സുരക്ഷാ വകുപ്പ് ജില്ലയില്‍ മൂന്ന് ദിവസമായി നടത്തിയ പരിശോധയില്‍ രജിസ്‌ട്രേഷനും ലൈസന്‍സും ഇല്ലാതെ പ്രവര്‍ത്തിച്ച ചെറുതും വലുതുമായ 228 കടകള്‍ അടപ്പിച്ചു. ഓണക്കാലത്ത് കൃത്രിമം തടയാനാണ് പരിശോധന നടത്തിയത്. ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ ബൈജു പി. ജോസഫിന്റെ നേതൃത്വത്തില്‍ 13 സര്‍ക്കിളുകളിലായി 12 സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്.
ചെറുകിട രജിസ്‌ട്രേഷനെടുത്തു വന്‍കിട രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന 108 സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുള്ള ലൈസന്‍സ് എടുക്കാന്‍ നോട്ടീസ് നല്‍കി. അടച്ച കടകള്‍ നിയമാനുസൃതം ലൈസന്‍സ് എടുത്താല്‍ മാത്രമെ തുറക്കാന്‍ അനുവദിക്കൂ. മൂന്ന് ദിവസങ്ങളിലായി 904 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. സ്ഥാപനങ്ങളിലെ വീഴ്ചകള്‍ പരിഹരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും പരിശോധന തുടരും. മായം കലര്‍ത്തുന്നുണ്ടെന്ന് വിവരം ലഭിച്ച സ്ഥലങ്ങളിലും പരിശോധന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: