തിരുവനന്തപുരം : സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ഗണപതി പരാമര്‍ശത്തിനെതിരേ നാമജപയാത്ര സംഘടിപ്പിച്ചതിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍എസ്എസ് ഹൈക്കോടതിയില്‍. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതില്‍ മുഖ്യപ്രതിയാണ് സംഗീത് കുമാര്‍.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരാണ് ഹൈക്കോടതിയെ സമീപിച്ച കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി കൂട്ടം കൂടിയതിനും ഗതാഗത തടസ്സം ഉണ്ടാക്കിയെന്നും ആരോപിച്ച് കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്. . സംഗീത് കുമാറിനെ കൂടാതെ നാമജപ യാത്രയില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന ആയിരത്തിലധികം എന്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മിത്ത് പരാമര്‍ശത്തില്‍ തിരുവനന്തപുരം പാളയം ഗണപതിക്ഷേത്രം മുതല്‍ പഴവങ്ങാടി വരെയാണ് എന്‍എസ്എസ് കഴിഞ്ഞദിവസം നാമജപയാത്ര സംഘടിപ്പിച്ചത്. വിശ്വാസികളുടെ പ്രശ്‌നത്തില്‍ ഇടത് സര്‍ക്കാര്‍ നിഷേധ നിലപാടാണ് സ്വീകരിക്കുന്നത്. എ.എന്‍. ഷംസീര്‍ നടത്തിയ പ്രസ്താവന തിരുത്താന്‍ തയ്യാറാകണം. അല്ലാതെ പിന്നോട്ടില്ലെന്നുമാണ് എന്‍എസ്എസിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: