ന്യൂദല്‍ഹി: മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രണ്ടു വര്‍ഷം ശിക്ഷ വിധിച്ച വിചാരണ കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. സൂററ്റ് കോടതിയുടെ വിധി ഗുജറാത്ത് ഹൈക്കോടതി വിധി ശരിവച്ചിരുന്നു. ഇതിനെതിരേയാണ് രാഹുല്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ബി ആര് ഗവായ്, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ച് സ്റ്റേ അനുവദിച്ചത്. സ്റ്റേ അനുവദിച്ചതോടെ അയോഗ്യത മാറി രാഹുലിന് വയനാട് എംപിയായി തുടരാം. കേസിന്റെ മറ്റു മെറിറ്റിലേക്ക് പോകുന്നില്ലെന്നും പരമാവധി ശിക്ഷയായ രണ്ടു വര്‍ഷം വിധിക്കാന്‍ തക്കതായ കാരണങ്ങള്‍ ശിക്ഷ വിധിച്ച ജഡ്ജി വ്യക്തമാക്കിയിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ, കേസ് സെഷന്‍സ് കോടതിയിലേക്ക് വീണ്ടും മാറും.
വിചാരണക്കോടതിയുടെ ഉത്തരവിന്റെ അനന്തരഫലങ്ങള്‍ വിശാലമാണെന്ന് സുപ്രീം കോടതി പറഞ്ഞു. പൊതുജീവിതത്തില്‍ തുടരാനുള്ള ഗാന്ധിയുടെ അവകാശത്തെ മാത്രമല്ല, അദ്ദേഹത്തെ തിരഞ്ഞെടുത്ത വോട്ടര്‍മാരുടെയും അവകാശത്തെയും വിധി ബാധിച്ചുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
മനു അഭിഷേക് സിങ്വിയാണ് രാഹുല്‍ ഗാന്ധിക്കായി ഹാജരായത്. പരാതിക്കാരനും ഗുജറാത്ത് എംഎല്‍എയുമായി പൂര്‍ണേഷ് മോദിക്കായി മഹേഷ് ജഠ്മലാനി ഹാജരായി. കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ താന്‍ മാപ്പു പറയില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയിരുന്നു.
രാഹുല്‍ ഗാന്ധി ഒരു ക്രിമിനല്‍ അല്ലെന്നും ഒരു കേസുമായി ബന്ധപ്പെട്ട് അതിനു ലഭിക്കാവുന്ന പരമാവധി ശിക്ഷ കിട്ടാന്‍ കൊലക്കേസോ ബലാത്സംഗക്കേസോ അല്ല ഇത്. അയോഘ്യത നല്തി എട്ടു വര്‍ഷത്തേക്ക് ഒരു ജനപ്രതിനിധയെ നിശബ്ദനാക്കാനാണ് ശ്രമിക്കുന്നതെന്നും സിങ്വി വാദിച്ചു. പരാതിക്കാര്‍ ബിജെപിക്കാര്‍ ആണെന്നും പത്രക്കട്ടിങ്ങുകള്‍ മാത്രമാണ് തെളിവായി ഉള്ളത്. ജനാധിപത്യപരമായ വിജോയിപ്പ് മാത്രമാണ് രാഹുല്‍ നടത്തിയത്, അല്ലാതെ മോദി സമുദായത്തെ അപമാനിച്ചില്ലെന്നും സിങ് വാദിച്ചു.
അതേസമയം, രാഹുല്‍ മനഃപൂര്‍വം നടത്തിയ പ്രസ്താവനയാണെന്നു ജഠ്മലാനി വാദിച്ചു. പ്രധാനമന്ത്രിയോടുള്ള വിരോധം ഒരു സമുദായത്തെ അധിക്ഷേപിക്കാന്‍ ഉപയോഗിച്ചു. മോദി എന്നു പേരുള്ള എല്ലാവരെയും അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കേസില്‍ തെളിവുണ്ട്. പ്രസംഗം നേരിട്ടുകേട്ടയാളാണ് പരാതിക്കാരനെന്നും ജഠ്മലാനി വാദിച്ചു.
2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ വച്ച് ‘എല്ലാ കള്ളന്മാര്ക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്’ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. തുടര്‍ന്ന് ഗുജറാത്തിലെ ബിജെപി നേതാവ് പൂര്‍ണേഷ് മോദി നല്കിയ അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി പരമാവധി ശിക്ഷയായ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. കേസില്‍ ജില്ലാ കോടതിയെയാണ് രാഹുല്‍ ഗാന്ധി ആദ്യം സമീപിച്ചത്. അപ്പീല്‍ തള്ളിയതോടെ രാഹുല്‍ ഗുജറാത്ത് ഹൈക്കോടതിയിലെത്തി. അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതിയും കഴിഞ്ഞ ദിവസം തള്ളിയതോടെയാണ് സുപ്രിം കോടതിയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: