ബ്രിസ്‌ബേന്‍: ദക്ഷിണകൊറിയ സമനിലയില്‍ പിടിച്ചുകെട്ടിയ ജര്‍മനി വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ നോക്കൗട്ട് കാണാതെ പുറത്തായി. ജയം അനിവാര്യമായിരുന്ന നിര്‍ണായക പോരാട്ടത്തില്‍ 1-1ന്റെ സമനിലയിലാണ് ജര്‍മന്‍ പെണ്‍ പട കുരുങ്ങിയത്.
കളിയുടെ തുടക്കത്തിലേ കൊറിയ ഗോള്‍ നേടി. ആറാം മിനിറ്റില്‍ കോ സോ ഹ്യൂണിലൂടെ ജര്‍മനിയെ ഞെട്ടിച്ച് നേരത്തെ തന്നെ കൊറിയ ലീഡെടുത്തു. ഇതിനെതിരെ ജര്‍മനി ആവുന്നതെല്ലാം ശ്രമിച്ചിട്ടും ഗോള്‍ മാത്രം നേടിയില്ല.
കൊറിയന്‍ പ്രതിരോധത്തില്‍ വലഞ്ഞ ജര്‍മനി 42-ാം മിനിറ്റില്‍ ലഭിച്ച അവസരത്തില്‍ സ്‌കോര്‍ ചെയ്തു. അലക്‌സാന്ദ്ര പോപ്പ് ആണ് ഗോള്‍ നേടിയത്. ആദ്യപകുതി 1-1ല്‍ കലാശിച്ചു.
രണ്ടാം പകുതിയിലും ജര്‍മനി പന്തിന് മേല്‍ വലിയ ആധിപത്യത്തോടെ നിലകൊണ്ടെങ്കിലും എതിര്‍ വലയില്‍ പന്തെത്തിക്കാന്‍ മാത്രം ടീമിന് ഒരുവിധത്തിലും സാധിച്ചില്ല. മത്സരം അവസാനത്തോടടുക്കുമ്പോഴും പല വിധ സമ്മര്‍ദ്ദങ്ങള്‍ പയറ്റിയെങ്കിലും ജര്‍മനിക്ക് കാര്യങ്ങള്‍ അപ്രാപ്യമായി. ഗ്രൂപ്പ് എച്ചിലെ അവസാന പോരാട്ടമായിരുന്നു ഇത്. ഈ സമയംതന്നെ ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മൊറോക്കോ കൊളംബിയ തോല്‍പ്പിച്ചു. അവസാനത്തെ നിര്‍ണായക മത്സരത്തില്‍ നേടിയ ജയത്തോടെ ടീമിന് ആറ് പോയിന്റായി. അവര്‍ നോക്കൗട്ടിനും യോഗ്യരായി. മൊറോക്കോയുടെ വിജയമാണ് ജര്‍മനിക്ക് ഫൈനല്‍ നിഷേധിച്ചത്.
കൊളംബിയക്കെതിരെ ആദ്യപകുതി പിരിയുന്നതിന് തൊട്ടുമുമ്പ് ഇന്‍ജുറി ടൈമില്‍ നേടിയ ഏക ഗോളിലാണ് മൊറോക്കോ ജയിച്ച് നോക്കൗട്ട് ബെര്‍ത്ത് ഉറപ്പിച്ചത്. അനിസ്സ ലഹ്മാരി ആണ് മൊറോക്കോയുടെ ഏക ഗോള്‍ നേടിയത്.
ഫിഫ വനിതാ ലോകകപ്പില്‍ ഗ്രൂപ്പ് പോരാട്ടങ്ങള്‍ അവസാനിച്ചതോടെ പ്രീക്വാര്‍ട്ടര്‍ ചിത്രങ്ങല്‍ വ്യക്തമായി. നാളെ മുതല്‍ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കും. ആദ്യ പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സ്‌പെയിനെ നേരിടും. നാളെ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ജപ്പാന്‍ നോര്‍വേയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: