മെല്‍ബണ്‍: വനിതാ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കരുത്തരായ ബ്രസീല്‍ നോക്കൗട്ട് റൗണ്ട് കാണാതെ പുറത്ത്. ഗ്രൂപ്പ് എഫിലെ നിര്‍ണായക പോരാട്ടത്തില്‍ ജമൈക്കയോട് ഗോള്‍രഹിത സമനിലയില്‍ കുരുങ്ങിയതാണ് ബ്രസീലിന് തിരിച്ചടിയായത്. സമനിലയിലൂടെ ജമൈക്ക ഗ്രൂപ്പ് ചാമ്പ്യന്മാരായ ഫ്രാന്‍സിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്തി. അവസാന കളിയില്‍ പനാമയെ മൂന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറിയത്.
ജമൈക്കയ്ക്കെതിരായ കളിയില്‍ പന്ത് കൈവശം വയ്ക്കുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ബ്രസീലിന്റെ സമ്പൂര്‍ണ മേധാവിത്വമായിരുന്നു. എന്നാല്‍ ജമൈക്കന്‍ ഗോളിയുടെയും കരുത്തുറ്റ പ്രതിരോധത്തിന്റെയും മികച്ച പ്രകടനം ബ്രസിലിന്റെ മുന്നേറ്റങ്ങള്‍ക്ക് തിരിച്ചടിയായി. നോക്കൗട്ട് റൗണ്ടിലെത്താതെ പുറത്തായതോടെ ബ്രസീലിന്റെ ഇതിഹാസ കളിക്കാരി മാര്‍ത്തയുടെ കന്നി ലോകകപ്പ് കിരീടമെന്ന സ്വപ്നവും പൊലിഞ്ഞു. ഡിയാനിയുടെ ഹാട്രിക്കാണ് പനാമക്കെതിരെ ഫ്രാന്‍സിന് മികച്ച വിജയം സമ്മാനിച്ചത്. 28-ാം മിനിറ്റിലും പിന്നീട് 37, 52 മിനിറ്റുകളില്‍ പെനാല്‍റ്റിയിലൂടെയുമായിരുന്നു താരത്തിന്റെ ഗോളുകള്‍.
ഗ്രൂപ്പ് ജിയില്‍ നിന്ന് അര്‍ജന്റീനയും പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായപ്പോള്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി സ്വീഡനും രണ്ടാം സ്ഥാനക്കാരായി ദക്ഷിണാഫ്രിക്കയും നോക്കൗട്ട് റൗണ്ടിലെത്തി. സ്വീഡന് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീനയെ പരാജയപ്പെടുത്തിയപ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കരുത്തരായ ഇറ്റലിയെ അട്ടിമറിച്ചു. പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണാഫ്രിക്ക നെതര്‍ലന്‍ഡ്സിനെയും സ്വീഡന് അമേരിക്കയെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: