കോട്ടയം : സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ ഹൈന്ദവ വിരോധമാണ്. സ്പീക്കറുടെ പരാമര്‍ശങ്ങള്‍ ഹൈന്ദവ ജനതയുടെ ചങ്കില് തറച്ചു. എല്ലാ മതങ്ങളെയും അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഹിന്ദുക്കള്‍. ഹൈന്ദവരെ ആക്ഷേപിച്ചാല്‍ വിട്ടുവീഴ്ച്ച ഇല്ലാത്ത എതിര്‍പ്പ് നേരിടേണ്ടി വരും. ഹിന്ദു സംഘടനകള്‍ക്കൊപ്പം യോജിച്ചു പ്രവര്‍ത്തിക്കുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. കോട്ടയം വാഴപ്പിള്ളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്പീക്കര്‍ക്കെതിരായി അരങ്ങേറിയ പ്രതിഷേധം ശബരിമല പ്രക്ഷോഭത്തിന് സമാനമാണ്. ബുധനാഴ്ചത്തെ പ്രതിഷേധം സൂചനയാണ്. തിരുവനന്തപുരം പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി ഗണപതി ക്ഷേത്രം വരെ നാമജപഘോഷയാത്രയ്ക്കും എന്‍എസ്എസ് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധമാണെങ്കിലും തങ്ങള്‍ ആരേയും ആക്രമിക്കുന്നില്ല. പ്രാര്‍ത്ഥന മാത്രമാണ് നടത്തുന്നത്. മറ്റു തീരുമാനങ്ങള്‍ പിന്നീട് അറിയിക്കും.
ഷംസീറിന്റെ പരാമര്‍ശത്തില്‍ സ്പീക്കര്‍ പദവിയില്‍ നിന്നും രാജി വെക്കണമെന്നാവശ്യപ്പെടുന്നില്ല. ഇത്രയും മോശമായരീതിയില്‍ സംസാരിച്ച ആള് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് മുമ്പും പറഞ്ഞിട്ടുണ്ട്. ഗണപതി പരാമര്‍ശത്തില്‍ ഷംസീര്‍ ഹൈന്ദവ വിശ്വാസികളോട് മാപ്പ് പറയണം. തനിക്ക് അബദ്ധം പറ്റി എന്ന് സമ്മതിച്ചു കൊണ്ട് മാപ്പു പറയണം. ഇങ്ങനെ ചെയ്യില്ലെങ്കില്‍ സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കണം.
വിശ്വാസത്തില്‍ കവിഞ്ഞുള്ള ഒരു ശാസ്ത്രവും നില നില്ക്കുന്നില്ല. ശാസ്ത്രത്തിന് അടിസ്ഥാനം പറയാന്‍ ഗണപതിയുടെ കാര്യത്തില്‍ മാത്രമേയുള്ളോ. തങ്ങള്‍ ബിജെപിക്ക് എതിരല്ല. ബിജെപി ഈ വിഷയത്തില്‍ നല്ല സമീപനം എടുത്തു. വിശ്വാസ സംരക്ഷണത്തില്‍ തങ്ങള്‍ ആര്‍എസ്എസിനും ബിജെപിക്കും ഒപ്പം നില്‍ക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
അതേസമയം നായര്‍ സമുദായം സുകുമാരന്‍ നായരുടെ കീശയിലാണെന്ന് കരുതേണ്ടെന്ന് പറഞ്ഞ മുതിര്‍ന്ന സിപിഎം നേതാവ് എ.കെ. ബാലനെയും അദ്ദേഹം പരിഹസിച്ചു. ബാലന് ആര് മറുപടി പറയാനാണ്. അയാള്‍ക്ക് തുണ്ടുവിലയല്ലേ ഉള്ളൂവെന്നും പറഞ്ഞു. നായന്മാരായ ബിജെപിക്കാരാണ് തന്നെ സ്വീകരിക്കാന്‍ വന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും കോണ്‍ഗ്രസിലും നായന്മാരുണ്ട്. ഇത്ര നാളായി ഷംസിറിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ല. മുസ്ലിം സഹോദരങ്ങളെ ഞങ്ങള്‍ സ്നേഹിക്കുന്നുണ്ട്. നല്ല ആളുകളാണ് അവരില്‍ ഏറെയും, ചില പുഴുക്കുത്തുകള്‍ ഉണ്ട്. അവരുടെ ലക്ഷ്യം രാഷ്ട്രീയമോ മറ്റെന്തെങ്കിലുമോ ആകാമെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: