നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ കേരളത്തിലെ പ്രധാന പരിശീലന കേന്ദ്രമായ ഗ്രീന്‍വാലി അക്കാഡമി ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ കണ്ടുകെട്ടിയിരിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഏറ്റവും പഴക്കമുള്ളതും വലുതുമായ ഈ ശാരീരിക-ആയുധ പരിശീലന കേന്ദ്രത്തിനെതിരായ നടപടി ഭീകരവാദത്തിനെതിരെ എന്‍ഐഎ സ്വീകരിക്കുന്ന നിര്‍ണായക നടപടികളിലൊന്നാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുകയും, അതിന്റെ ഭീകരവാദികളായ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഈ സംഘടനയുടെ നിരവധി കേന്ദ്രങ്ങള്‍ എന്‍ഐഎ കണ്ടുകെട്ടിയിരുന്നു. മലബാര്‍ ഹൗസ്, പെരിയാര്‍വാലി, കാരുണ്യ ചാരിറ്റബിള്‍ ഹൗസ്, വള്ളുവനാട് ഹൗസ്, ട്രിവാന്‍ഡ്രം എഡ്യുക്കേഷന്‍ ആന്‍ഡ് സര്‍വീസ് ട്രസ്റ്റ് എന്നിങ്ങനെ പ്രത്യക്ഷത്തില്‍ സേവന-വിദ്യാഭ്യാസ കേന്ദ്രങ്ങളെന്ന് തോന്നിപ്പിക്കുന്ന ഭീകരകേന്ദ്രങ്ങള്‍ നേരത്തെ എന്‍ഐഎ അടച്ചുപൂട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമമായ യുഎപിഎ പ്രകാരം ഗ്രീന്‍വാലി അക്കാഡമിയും പിടിച്ചെടുത്തിരിക്കുന്നത്. ഇവയുള്‍പ്പെടെ സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ പതിനെട്ട് ആസ്തികള്‍ എന്‍ഐഎ ഇതുവരെ കണ്ടുകെട്ടിയിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനം തടയുന്ന വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി പോപ്പുലര്‍ ഫ്രണ്ടിന്റെ 59 നേതാക്കള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. ജയിലില്‍ കഴിയുന്ന ഇവര്‍ പല കാരണങ്ങള്‍ പറഞ്ഞ് ജാമ്യം തേടി പുറത്തിറങ്ങാന്‍ നടത്തിയ ശ്രമങ്ങള്‍ കോടതി തടയുകയാണുണ്ടായത്. ഇതിനിടെയാണ് ശക്തമായ നടപടികളുമായി എന്‍ഐഎ മുന്നോട്ടുപോകുന്നത്.
മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ 24 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഭീകരവാദ സങ്കേതമാണ് ഗ്രീന്‍വാലി അക്കാഡമി. പോപ്പുലര്‍ ഫ്രണ്ടിന്റെയും പൂര്‍വരൂപമായ എന്‍ഡിഎഫിന്റെയും പ്രവര്‍ത്തനം ഇവിടം കേന്ദ്രീകരിച്ചായിരുന്നു. എന്‍ഡിഎഫ് കൊലപാതകം ഉള്‍പ്പെടെയുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയതോടെ ഈ കേന്ദ്രം ശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങിയതാണ്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഗൂഢാലോചനകളുടെയും ആയുധപരിശീലനത്തിന്റെയും മതംമാറ്റത്തിന്റെയുമൊക്കെ കേന്ദ്രമാണ് ഇതെന്ന വിവരം പുറത്തുവന്നതോടെ ഗ്രീന്‍വാലി അടച്ചുപൂട്ടണമെന്ന ആവശ്യം പല കേന്ദ്രങ്ങളില്‍നിന്നും ഉയര്‍ന്നിരുന്നു. ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും മറ്റ് ദേശീയ സംഘടനകളും ഇവിടേക്ക് മാര്‍ച്ചുകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ കേരളം ഭരിച്ച ഇടതു-വലതു മുന്നണി സര്‍ക്കാരുകള്‍ നടപടിയെടുത്തില്ല. കോണ്‍ഗ്രസ്സും സിപിഎമ്മും ഈ ഭീകരസംഘടനകളുമായി ഒത്തുകളിച്ചതാണ് ഇതിനു കാരണം. എന്‍ഡിഎഫ് നിരോധിക്കപ്പെട്ടപ്പോഴും ഗ്രീന്‍വാലി അക്കാദമിയില്‍ നിര്‍ബാധം വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം നടന്നു. ഇതിനെതിരെ പ്രതികരിച്ചവര്‍ക്കെതിരെ കേസെടുക്കുകയാണ് കേരളം ഭരിച്ചവര്‍ ചെയ്തത്. സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുകയും, കൊലപാതകം നടത്തുന്നവര്‍ ഒളിത്താവളമാക്കുകയും ചെയ്തുപോന്ന ഈ കേന്ദ്രത്തില്‍ പരിശോധന നടത്താനുള്ള ധൈര്യം പോലീസ് കാണിച്ചില്ല. അതിനുള്ള അനുമതി ഭരിക്കുന്നവര്‍ നല്‍കിയില്ല. സംസ്ഥാനത്തെ ഭീകരപ്രവര്‍ത്തന ശൃംഖല ശക്തിപ്പെടുത്താന്‍ ഈ രഹസ്യ കേന്ദ്രം ഉപയോഗിക്കുകയായിരുന്നു.
കേരളം ഒരു സ്പ്രിങ് ബോര്‍ഡായി നിലനിര്‍ത്തിക്കൊണ്ടാണ് മറ്റിടങ്ങളിലേക്ക് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. കര്‍ണാടകയിലും ദല്‍ഹിയിലുമൊക്കെ അരങ്ങേറിയ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ആസൂത്രണങ്ങള്‍ പലതും കേരളത്തിലായിരുന്നു. കര്‍ണാടകയിലും ദല്‍ഹിയിലും മറ്റും ഇവര്‍ക്കെതിരെ ശക്തമായ ചില നടപടികളുണ്ടായപ്പോള്‍ കേരളം ഭരിക്കുന്നവര്‍ പലതരത്തിലുള്ള സംരക്ഷണം ഒരുക്കുകയാണുണ്ടായത്. ഇരുമുന്നണികളുമായും ഈ ഭീകരസംഘടന വിലപേശി നേട്ടങ്ങള്‍ കൊയ്‌തെടുത്തു. പോലീസില്‍നിന്നും മാധ്യമരംഗത്തുനിന്നും സര്‍ക്കാര്‍ ഉദ്യോഗം വഹിക്കുന്നവരില്‍നിന്നും ഇവര്‍ക്ക് പിന്തുണ ലഭിച്ചു. സിപിഎമ്മിന്റെയും അനുബന്ധ സംഘടനകളുടെയും പ്രവര്‍ത്തനങ്ങളില്‍ നുഴഞ്ഞുകയറി അവയുടെ നേതാക്കളായിപ്പോലും ജിഹാദി ഭീകരര്‍ മാറുന്ന സ്ഥിതിവന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തെത്തുടര്‍ന്ന് ഇത്തരക്കാരെക്കുറിച്ച് എന്‍ഐഎ അന്വേഷണം നടത്തുകയുണ്ടായി. ചില പോലീസുകാര്‍ സ്വയം വിരമിക്കലിന് തയ്യാറെടുത്തിരിക്കുന്നത് എന്‍ഐഎയുടെ പിടിയിലാവുമെന്ന് ഭയന്നാണത്രേ. പോപ്പുലര്‍ഫ്രണ്ട് നടത്തിയ കൊലപാതകങ്ങള്‍ അപകടമരണങ്ങളാക്കിയ മാധ്യമപ്രവര്‍ത്തകരുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ പണം കൈപ്പറ്റുന്നവരാണ് ഇവരെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെയാണ് ഗ്രീന്‍വാലിക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യപിന്തുണ നല്‍കിയിരുന്നവരെയും പിടികൂടാനാണ് എന്‍ഐഎയുടെ നീക്കമെന്ന് അറിയുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും കേരളത്തില്‍ സിപിഎം സര്‍ക്കാരിന്റെയും തന്ത്രപരമായ പിന്തുണ ഇപ്പോഴും നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് ലഭിക്കുന്നു എന്നതാണ് വാസ്തവം. ഇത് മനസ്സിലാക്കിയാണ് എന്‍ഐഎ ശക്തമായ നടപടികളെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: