ന്യൂദല്‍ഹി: മണിപ്പൂര്‍ അക്രമ സംഭവങ്ങളെ ചൊല്ലി പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. വിഷയത്തില്‍ രാജ്യസഭയും ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചിരുന്നു.
ലോക്സഭ രാവിലെ സമ്മേളിച്ചപ്പോള്‍, മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ്, ഡിഎംകെ, ജെഡിയു, കക്ഷികളിലെ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തണമെന്ന് അവര്‍ സഭയില്‍ ആവര്‍ത്തിച്ചു.
ബഹളത്തിനിടയില്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ചോദ്യോത്തര സമയം മുന്നോട്ട് കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അദ്ദേഹം സഭ ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവച്ചു. ഉച്ചഭക്ഷണത്തിന് ശേഷം സഭ വീണ്ടും സമ്മേളിച്ചപ്പോള്‍, ഗവണ്മെന്റ് ഓഫ് നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി (ഭേദഗതി) ബില്‍ 2023 ബഹളത്തിനിടയില്‍ അവതരിപ്പിച്ചു. ബഹളം തുടര്‍ന്നതോടെ സഭ ഉച്ചയ്ക്ക് മൂന്ന് മണി വരെ നിര്‍ത്തിവച്ചു. സഭ വീണ്ടും സമ്മേളിച്ചപ്പോള്‍, ജനന-മരണ രജിസ്ട്രേഷന് (ഭേദഗതി) ബില്‍, 2023, ഓഫ്ഷോര്‍ ഏരിയസ് മിനറല്‍ (വികസനവും നിയന്ത്രണവും) ഭേദഗതി ബില്‍ 2023, ഭരണഘടന (പട്ടികജാതി) ഉത്തരവ് ഭേദഗതി ബില്‍ 2023 എന്നിവ പാസാക്കി. ബഹളം തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
രാജ്യസഭ സമ്മേളിച്ചപ്പോള്‍, പ്രതിപക്ഷ അംഗങ്ങള്‍ നല്കിയ അടിയന്തര പ്രമേയ നോട്ടീസിനെക്കുറിച്ച് ചെയര്മാന് ജഗ്ദീപ് ധന്‍ഖര്‍ പരാമര്‍ശിച്ചു. കോണ്‍ഗ്രസ്, ടിഎംസി, ഡിഎംകെ, ആര്‍ജെഡി, ഇടതുപക്ഷം എന്നിവര്‍ മണിപ്പൂര്‍ വിഷയം 267-ാം ചട്ടപ്രകാരം ഉടന്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ചട്ടം 176 പ്രകാരം ഹ്രസ്വ ചര്‍ച്ചയ്ക്ക് താന്‍ ഇതിനകം സമ്മതിച്ചിട്ടുണ്ടെന്നും അതിനായി സമയം അനുവദിച്ചിട്ടുണ്ടെന്നും ചെയര്മാന് പറഞ്ഞു. സഭയില്‍ ക്രമസമാധാനം വേണമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധിച്ച അംഗങ്ങള്‍ മുദ്രാവാക്യം വിളി തുടര്‍ന്നു. ബഹളം തുടര്‍ന്നതോടെ ചെയര്മാന് 12 മണിവരെ സഭ നിര്‍ത്തിവച്ചു. ഉച്ചയ്ക്ക് 12 മണിക്ക് സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ ബഹളത്തിനിടയിലാണ് ചോദ്യോത്തര വേള ആരംഭിച്ചത്. കോണ്‍ഗ്രസ്, ഡിഎംകെ, ടിഎംസി, ഇടതുപക്ഷം, തുടങ്ങിയ അംഗങ്ങള്‍ പ്രതിഷേധം തുടരുകയും പിന്നീട് സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
ഉച്ചഭക്ഷണത്തിന് ശേഷമുള്ള സമ്മേളനത്തില്‍, ഉച്ചയ്ക്ക് 2 മണിക്ക് സഭ സമ്മേളിച്ചപ്പോള്‍, മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, ടിഎംസി, ഇടതുപക്ഷം, ഡിഎംകെ എന്നിവയുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ നിന്ന് വാക്കൗട്ട് നടത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: