”നൂറുകണക്കിനു പള്ളികള്‍ തകര്‍ക്കപ്പെട്ടു. എങ്കിലും മണിപ്പൂര്‍ കലാപത്തിന്റെ അടിസ്ഥാന കാരണം മതമല്ല. നാഗാ ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെ ആക്രമണമുണ്ടായിട്ടില്ല. സംവരണ വിഷയത്തിലാണ് കലാപം ഉണ്ടായത്. മ്യാന്‍മറില്‍ നിന്നുള്ള കുക്കി അഭയാര്‍ഥികളാണ് തോക്കുമായി വരാന്‍ തുടങ്ങിയത്. കലാപത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ട്, തെരഞ്ഞെടുപ്പില്‍ കുക്കികളുടെ സഹായം തേടിയവരാണു കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി സര്‍ക്കാരുകള്‍. ബിജെപി സ്ഥാനാര്‍ത്ഥികളാണ് കുക്കി മേഖലയില്‍ ജയിച്ചത്”
മണിപ്പൂരിലെ ഏതെങ്കിലും ബിജെപി നേതാവിന്റെ വാക്കുകളാണ് ഇതെന്നു ധരിച്ചാല്‍ തെറ്റ്. മന്ത്രിമാരോ എംഎല്‍എമാരോ പറഞ്ഞതുമല്ല. കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മണിപ്പൂര്‍ സംസ്ഥാന സെക്രട്ടറി ക്ഷത്രിമയും സാന്റാ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയതാണിത്. സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട്.
മണിപ്പൂരില്‍ നടക്കുന്നത് മതത്തിന്റെ പേരിലുള്ള കലാപമല്ലന്നും മെയ്തെയ് വിഭാഗങ്ങള്‍ ക്രിസ്ത്യാനികള്‍ക്കെതിരാണെന്നു വരുത്തിതീര്‍ക്കാന്‍ ശ്രമം നടന്നു വരുന്നതായും മെയ്തെയ് വിഭാഗക്കാരന്‍ കൂടിയായ ക്ഷത്രിമയുംസാന്റാ പറയുന്നു. സത്യം പറയുന്ന കമ്മ്യൂണിസ്റ്റുകളുടെ കുറ്റി മണിപ്പൂരിലെങ്കിലും അറ്റുപോയിട്ടില്ല എന്നു കരുതാം. അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിക്കും പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ ‘സഖാക്ക’ളുടെ മുഖത്തിടിക്കുന്നതുമാണ്.
ആസൂത്രിതമായ ക്രൈസ്തവ വേട്ടയാണ് കലാപത്തിന്റെ മറവില്‍ നടക്കുന്നതെന്ന് വ്യക്തമാണെന്നായിരുന്നു പിണറായി വിജയന്‍ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നത്. ഗോത്രവിഭാഗങ്ങളുടെ ക്രൈസ്തവ ദേവാലയങ്ങള്‍ സംഘടിതമായി ആക്രമിച്ചു തകര്‍ക്കപ്പെടുന്ന നിലയാണെന്നും പിണറായി പറഞ്ഞു. ചുവടുപിടിച്ച് പാര്‍ട്ടി നേതാക്കളും അണികളും അത് ഏറ്റുപാടി. ആര്‍എസ്എസ് ആണ് കലാപത്തിനു പിന്നിലെന്നുപോലും പറഞ്ഞു പരത്തി. സംഘപരിവാറിനെതിരെ കൊലവിളിയുമായി പ്രകടനവും പ്രതിഷേധവും നടത്തി. അതിനൊക്കെയുള്ള കൃത്യമായ മറുപടിയാണ് സിപിഎം മണിപ്പൂര്‍ സംസ്ഥാന സെക്രട്ടറി നല്‍കിയിരിക്കുന്നത്. കലാപത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നു കൂടി ക്ഷത്രിമയും സാന്റാ പറയുമ്പോള്‍ അത് ബിജെപിയുടെ നിലപാട് ശരിവെയ്‌ക്കുക കൂടിയാണ്. ഗോത്രവിഭാഗങ്ങളായ കുക്കികള്‍ക്കെതിരാണ് ബിജെപി എന്നതിന്റെ മുന ഒടിക്കുന്നതുമാണ് സിപിഎം സെക്രട്ടറിയുടെ ആരോപണം.
മണിപ്പൂരില്‍ നടക്കുന്നത് ഹിന്ദു ക്രിസ്ത്യന്‍ കലാപമാണെന്നുള്ള പ്രചാരണമാണ് കേരളത്തില്‍ നടക്കുന്നത്. കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് ഇസ്ലാമിസ്റ്റ് കൂട്ടുകെട്ടായിരുന്നു പിന്നില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, സംഘപരിവാര്‍ അജണ്ടയാണെന്നുംക്രൈസ്തവ വേട്ടയാണ് നടക്കുന്നതെന്നും കയറ്റിപ്പറഞ്ഞു. പിണറായിക്കൊപ്പം പോളിറ്റ്ബ്യൂറോയില്‍ ഇരിക്കുന്ന സുഭാഷണി അലി അവിടെയും നിന്നില്ല, ആര്‍എസ്എസ് വേഷത്തില്‍ നില്‍ക്കുന്ന രണ്ടു പേരുടെ ചിത്രമിട്ട് ഇവരാണ് മണിപ്പൂരിലെ ബലാല്‍സംഗക്കാര്‍ എന്നെഴുതി. പിന്നീട് മാപ്പിരന്ന് തടിതപ്പി.
സിപിഎമ്മിനു ‘കടി’യുണ്ടാകുന്നതിന് കാരണമുണ്ട്. നോര്‍ത്ത് ഈസ്റ്റില്‍ അവരുടെ തട്ടകമായിരുന്നു മണിപ്പൂര്‍. അവിടുത്തെ ആകയുള്ള രണ്ടു സീറ്റില്‍നിന്നും സിപിഐ അംഗങ്ങള്‍ ലോകസഭയെ പ്രതിനിധീകരിച്ചിട്ടുണ്ട്. രണ്ടു പതിറ്റാണ്ടു മുന്‍പ് സിപിഎമ്മിന് എംഎല്‍എമാര്‍ ഉണ്ടായിരുന്നു. സിപിഐക്ക് 8 നിയമസഭാ സീറ്റ് വരെ വിജയിക്കാന്‍ കഴിഞ്ഞിരുന്നു. അവിടെ ബിജെപിയുടെ താമര വിരിയുന്നത് എങ്ങനെ രാഷ്‌ട്രീയമായി സഹിക്കും. അതോടൊപ്പം ഏക തുരുത്തായ കേരളത്തിലും ക്രൈസ്തവര്‍ ബിജപിയോട് ചായുന്നു. അതിനു തടയിടാന്‍ കിട്ടിയ പിടിവള്ളിയാണ് മണിപ്പൂര്‍ എന്ന ചിന്തയില്‍, രണ്ടും കല്പിച്ച് ചാടിയിറങ്ങിയിരിക്കുകയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍. ഒപ്പം ഓരിയിടാന്‍ കുന്തിരിക്കം കയ്യില്‍ കരുതണമെന്ന് ഉപദേശിച്ചവരും ഉണ്ട്. ഓശാന പാടാന്‍ നിലപാടില്ലാത്ത കോണ്‍ഗ്രസും. അത്തരക്കാര്‍ക്കുള്ള ശരിയായ മറുപടിയാണ് മണിപ്പൂര്‍ സിപിഎം സെക്രട്ടറി നല്‍കിയിരിക്കുന്നത്.
ഇന്ത്യയിലെ കത്തോലിക്ക ബിഷപ്പുമാരുടെ കൂട്ടായ്മയായ സിബിസിഐയുടെ മുന്‍ അധ്യക്ഷന്‍ കര്‍ദിനാള്‍ ഓസ്വാള്‍ ഗ്രാഷ്യസും മണിപ്പൂരിന്റെ പേരില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങളുടെ കാറ്റഴിച്ചു വിട്ടിരുന്നു. ‘മണിപ്പൂരില്‍ നടക്കുന്നത് മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമല്ല. ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ വളരെക്കാലമായി നിലനില്‍ക്കുന്ന ശത്രുതയില്‍ നിന്നുടലെടുത്ത ഹീനമായ കലാപമാണ്. പുതുതായി പാസാക്കിയ ചില നിയമങ്ങള്‍ കാരണം അത് അക്രമത്തിലേക്ക് പൊട്ടിത്തെറിച്ചു. നമ്മുടെ രാജ്യമായ ഇന്ത്യയില്‍ സംഭവിക്കാന്‍ പാടില്ലായിരുന്നു. സര്‍ക്കാര്‍ നടപടികള്‍ എടുക്കുന്നുണ്ട്. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നുണ്ട്. സ്ഥിതിഗതികള്‍ വഷളാക്കാന്‍ ഒന്നും ചെയ്യരുത്. ഐക്യവും സമാധാനവും കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ തുടരണം’. കര്‍ദിനാളിന്റെ വാക്കുകള്‍ കുശുമ്പുകാരും കുളംകലക്കികളുമായ ചില കുഞ്ഞാടുകള്‍ക്കുള്ള ഉപദേശം കൂടിയായിരുന്നു.
മറ്റൊരു ബിഷപ്പു പറഞ്ഞ സത്യം ഇന്നലെ ദേശാഭിമാനി പത്രം അറിയാതെ അടിച്ചു. കുത്തിത്തിരിപ്പിനെത്തിയ രാജ്യസഭാഗം എ എ റഹിം, ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ഡോമിനിക് ലൂമോണിനെ കണ്ടതിന്റെ വാര്‍ത്ത പാര്‍ട്ടി പത്രം ചിത്രസഹിതം നല്‍കി. വാര്‍ത്തയില്‍ പറയുന്നത് കത്തോലിക്കാ സഭയുടെ 16 പള്ളികളും മെയ്‌തെയ് വിഭാഗക്കാരുടെ 249 ആരാധനാലയങ്ങളും തകര്‍ത്തതായി റഹിമിനോട് ബിഷപ്പ് പറഞ്ഞതായിട്ടാണ്. അങ്ങനെയെങ്കില്‍ വലിയ കലാപകാരികള്‍ കുക്കികളോ മെയ്തെയ്കളോ.?
സത്യങ്ങള്‍ ഒന്നൊന്നായി പുറത്തു വരുന്നു. പ്രധാനമന്ത്രി മിണ്ടുന്നില്ല എന്നു പറഞ്ഞവര്‍ക്ക് മിണ്ടാട്ടമില്ലാതാകുന്നു. മണിപ്പൂരിനെക്കുറിച്ച് റൂള്‍ 176 പ്രകാരം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട എംപിമാരില്‍ കേരളത്തില്‍ നിന്നുള്ള ജോണ്‍ ബ്രിട്ടാസ്, എ.എ. റഹിം, എളമരം കരീം എന്നിവരും ഉണ്ടായിരുന്നു. ചര്‍ച്ച ചെയ്യാന്‍ ഭരണപക്ഷം ഒരുങ്ങിയപ്പോഴാകട്ടെ ഈ എംപിമാര്‍ ഓടിയൊളിച്ചു. കേരളത്തിലെ ഇടത് എംപിമാര്‍ക്ക് വേണ്ടത് മണിപ്പൂര്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചയല്ല, പകരം അത് ആളിക്കത്തിച്ച് രാഷ്‌ട്രീയലാഭം നേടലാണ്.അതിനിടയില്‍ സത്യങ്ങള്‍ ബിഷപ്പിലൂടെയും സഖാവിലൂടെയും പുറത്തു വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: