ന്യൂദല്‍ഹി : മണിപ്പൂര്‍ അക്രമ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും വെളളിയാഴ്ച പിരിഞ്ഞു. മണിപ്പൂരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ചട്ടം 267 പ്രകാരം തനിക്ക് 47 നോട്ടീസുകള്‍ ലഭിച്ചിട്ടുണ്ടെന്ന് രാജ്യസഭയില്‍ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു.
ഈ വിഷയത്തില്‍ ഹ്രസ്വ ചര്‍ച്ചകള്‍ക്ക് താന്‍ നേരത്തെ സമ്മതിച്ചിട്ടുണ്ടെന്നും സര്‍ക്കാരും ഇതിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജഗ്ദീ ധന്‍ഖര്‍ പറഞ്ഞു. എന്നാല്‍ ചട്ടം 267 പ്രകാരം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ടിഎംസി, കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയ കക്ഷികളില്‍ നിന്നുളള അംഗങ്ങള്‍ ബഹളം വച്ചു.ടിഎംസി എംപി ഡെറക് ഒബ്രിയന്റെ പെരുമാറ്റത്തില്‍ ചെയര്മാന് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.പിന്നീട് സഭ ഇന്നത്തേക്ക് നിര്‍ത്തിവച്ചു. ഈ മാസം വിരമിക്കുന്ന ഗോവയില്‍ നിന്നുള്ള രാജ്യസഭാ എംപി വിനയ് ദിനു ടെണ്ടുല്‍ക്കറിന് നേരത്തെ സഭ യാത്രയയപ്പ് നല്കി.
ലോക്സഭയില്‍ ഉച്ചയ്ക്ക് 12 മണിക്ക് സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയത്തില്‍ മുദ്രാവാക്യം ഉയര്‍ത്തി കോണ്‍ഗ്രസ്, ടിഎംസി, ഡിഎംകെ, ജെഡിയു, തുടങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ പ്രസ്താവന നടത്തണമെന്നായിരുന്നു ആവശ്യം. ബഹളത്തിനിടയിലും സഭ മൂന്ന് നിയമം പാസാക്കി.
ഖനിയും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബില്‍ 2023, നാഷണല്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കമ്മീഷന് ബില്‍ 2023, നാഷണല്‍ ഡെന്റല്‍ കമ്മീഷന് ബില്‍ 2023 എന്നിവയാണ് പാസാക്കിയത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഭേദഗതി) ബില്‍ 2023 സഭയില്‍ അവതരിപ്പിച്ചു. ബഹളം തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
നേരത്തെ, രാവിലെ സഭ സമ്മേളിച്ചപ്പോള്‍ സ്പീക്കര്‍ ഓം ബിര്‍ള ചോദ്യോത്തര മുന്നോട്ട് കൊണ്ടു പോകാന്‍ ശ്രമിച്ചു. എന്നാല്‍ തന്റെ പാര്‍ട്ടി അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തില്‍ സ്പീക്കര്‍ റൂളിംഗ് നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു.അതേസമയം പ്രമേയം അംഗീകരിച്ച് പത്ത് ദിവസത്തിനകം പരിഗണിച്ചാല്‍ മതിയെന്നാണ് ചട്ടം എന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
അവിശ്വാസ പ്രമേയം നേരിടാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും അറിയിച്ചു. എന്നാല്‍ ബഹളം തുടര്‍ന്നതോടെ ഉച്ച വരെ നിര്‍ത്തിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: