കോട്ടയം: തിരുനക്കരയിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡ് പൊളിച്ചുമാറ്റുവാന്‍ ലേലം ഉറപ്പിച്ചു. ഒരു കോടി പത്തുലക്ഷം രൂപയ്ക്കാണ് കൊല്ലത്തെ വ്യാസന് അലയന്‍സ് സ്റ്റീല്‍ എന്ന കമ്പനി ലേലം കൊണ്ടത്.
കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലായിരുന്ന ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചുനീക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നു നിലയുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മുഴുവന്‍ കച്ചവടക്കാരെയും നഗരസഭ ഒഴിപ്പിച്ചിരുന്നു.
ഒഴിപ്പിക്കലിനെതിരെ കച്ചവടക്കാര്‍ സമരം നടത്തുകയും കോടതിയില്‍ കേസ് നല്‍കുകയും ചെയ്തിരുന്നെങ്കിലും കേസ് കോടതി തള്ളുകയായിരുന്നു. തുടര്‍ന്നാണ് കെട്ടിടം പൊളിച്ചുനീക്കുവാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചത്. പഴയകെട്ടിടം പൂര്‍ണ്ണമായും പൊളിച്ചുനീക്കി ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മിക്കാനാണ് നഗരസഭ പദ്ധതിയിടുന്നത്. ഇപ്പോള്‍ ഹോട്ടലും ബാറും പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒഴികെയുള്ള ഭാഗങ്ങളാണ് പൊളിച്ചുനീക്കുന്നത്.
ലേലത്തുകയുടെ 50 ശതമാനം ഇന്നലെ തന്നെകരാറുകാരനു നല്കി. ബാക്കിയുള്ള 50 ശതമാനം ഇന്നു നല്‍കും. മൂന്നു മാസത്തിനുള്ളില്‍ നിലവിലുള്ള നിര്‍മാണങ്ങള്‍ മുഴുവന്‍ പൊളിച്ചുനീക്കാനാണ് കരാറെന്ന് വൈസ് ചെയര്മാന് ബി. ഗോപകുമാര്‍ പറഞ്ഞു. തുടര്‍ന്ന് കൗണ്‍സില്‍ യോഗ തീരുമാനപ്രകാരം പുതിയ കെട്ടിടം നിര്‍മിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: