കോട്ടയം: രാജ്യത്തെ ക്ഷീരമേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് ‘ദുഗ്ധ് സങ്കല്പ് സാഥി’ മൊബൈല്‍ ആപ്പുമായി കേന്ദ്രസര്‍ക്കാര്‍. പാലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ക്ഷീരസഹകരണ സംഘങ്ങള്‍ ഉള്‍പ്പടെ ഗ്രാമതലത്തില്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്നിവയാണ് ആപ്പിന്റെ ലക്ഷ്യം.
പാലുല്പാദകര്ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ കൈമാറുന്നതിനായി നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. രാജസ്ഥാന് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റ് ലിമിറ്റഡ് (ആര്ഇഐഎല്) ആണ് ആപ്ലിക്കേഷന്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
പാല് ശേഖരണ പ്രക്രിയയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ആപ്പ് പരിഹരിക്കും. ക്ഷീരോല്പാദകര്, ക്ഷീര സഹകരണ സംഘങ്ങള്‍, ക്ഷീര സംഘടനകള്‍, സംസ്ഥാന യൂണിയനുകള്‍ എന്നിവയുള്‍പ്പെടെ എല്ലാവരെയും പങ്കെടുപ്പിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ആപ്ലിക്കേഷന്‍ സഹായിക്കും. ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബി, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ വിവരങ്ങള്‍ നല്‍കും.
പ്രതിദിനം ക്ഷീരസഹകരണ സംഘങ്ങളിലേക്ക് അയയ്ക്കുന്ന പാലിന്റെ ഓണ്‍ലൈന്‍ നിരീക്ഷണം, ക്ലൗഡ് സെര്‍വറില്‍ നിന്നുള്ള പാല് വിലയുടെ തത്സമയ വിവരങ്ങള്‍, പാല് ഉല്പാദകര്ക്ക് പണം നല്കല്, സബ്സിഡി ആനുകൂല്യം നേരിട്ട് കൈമാറുന്നതിനുള്ള സൗകര്യം എന്നിവ ആപ്പിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: