ന്യൂദല്‍ഹി : മണിപ്പൂര്‍ കലാപത്തിനെതിരെയെന്ന പേരില്‍ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ഹിന്ദുക്കളെ അമ്പലത്തിനുള്ളില്‍ പച്ചയ്ക്ക് ചുട്ടു കൊല്ലും എന്ന കൊലവിളി പ്രകടനത്തിന് ആഹ്വാനം ചെയ്ത മുസ്ലിംലീഗ് സംസ്ഥാന നേതാക്കള്‍ക്കെതിരെയും കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. കാഞ്ഞങ്ങാട്ടെ കൊലവിളി മുദ്രാവാക്യത്തോടെ മുസ്ലീം ലീഗിന്റെ മുഖംമൂടി അഴിഞ്ഞു വീണു. നേതാക്കളുടെ അറിവോടെയാണ് ഹിന്ദുക്കള്‍ക്കെതിരായ കൊലവിളി നടത്തിയത്. ലീഗ് ഇസ്ലാമിക ഭീകരതക്കൊപ്പമാണ്. തീവ്രവാദികള്‍ക്ക് ലീഗിന്റെ ഉന്നതരുടെ സംരക്ഷണമുണ്ടെന്നത് വ്യക്തമായെന്നും സുരേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു.
ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ അരിയും മലരും കുന്തിരിക്കവും വീട്ടില്‍ കാത്തുവച്ചോ , വരുന്നുണ്ട് നിന്റെ കാലന്മാര് എന്നു വിളിച്ച മുദ്രാവാക്യത്തെ കടത്തിവെട്ടുന്നതാണ് നാഴികയ്ക്ക് നാല്പതുവട്ടം തങ്ങള്‍ മതേതരന്മാരാണെന്ന് അവകാശപ്പെടുന്ന മുസ്ലിംലീഗുകാര്‍ വിളിച്ചത്. ഇന്ത്യാ വിഭജനത്തിന് ആഹ്വാനം ചെയ്ത മുസ്ലിംലീഗല്ല തങ്ങളുടെതെന്നും തങ്ങളുടേത് മതേതര പാര്‍ട്ടിയാണെന്നുമാണ് എപ്പോഴും മുസ്ലിംലീഗ് അവകാശപ്പെടാറുള്ളത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചപ്പോള്‍ മുസ്ലിംലീഗ് ഭീകരവാദം പുറത്തെടുത്തിരിക്കുകയാണോ എന്ന് അതിന്റെ നേതാക്കള്‍ വ്യക്തമാക്കണം. മുസ്ലിംലീഗ് കൂടി ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അവിയല്‍ മുന്നണിക്കും ഹിന്ദുക്കളെ അമ്പലത്തിനുള്ളില്‍ പച്ചയ്ക്ക് ചുട്ടുകൊല്ലും എന്ന അഭിപ്രായം തന്നെയാണോ എന്ന് വ്യക്തമാക്കണം. തങ്ങളുടെ സഖ്യകക്ഷിയായ മുസ്ലിംലീഗിന്റെ നിലപാടിനെ കോണ്‍ഗ്രസ് തള്ളിപ്പറയുന്നുണ്ടോ എന്നുകൂടി അറിയാന്‍ കേരളത്തിലെ ജനങ്ങളാഗ്രഹിക്കുന്നു. മുസ്ലിം ലീഗ് ഇന്ന് യൂഡിഎഫിന്റെ ഭാഗം മാത്രമല്ല ദേശീയ തലത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും നേതൃത്വം കൊടുക്കുന്ന പ്രതിപക്ഷ സഖ്യത്തിലുമുണ്ട്. അതുകൊണ്ട് ഹിന്ദുക്കള്‍ക്കെതിരായ ഭീഷണിയുയര്‍ത്തിയ മുസ്ലിം ലീഗിനെ പരസ്യമായി തള്ളിപ്പറയാന്‍ സിപിഎമ്മും കോണ്‍ഗ്രസും തയ്യാറാവണം. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി ഇത്തരം പ്രവണതകളെ കണ്ടില്ലെന്ന് നടിക്കാനാണ് സംസ്ഥാന സര്‍ക്കാരും ഇടതുപക്ഷമുന്നണിയും ശ്രമിക്കുന്നതെങ്കില്‍ അതിനെതിരെ ശക്തമായി ബി.ജെ.പി പോരാടുമെന്നും കെ.സുരേന്ദ്രന് അറിയിച്ചു.
സ്വീക്കര്‍ എഎന്‍ ഷംസീര്‍ ഹിന്ദു വിശ്വാസങ്ങള്‍ക്കെതിരെ പറഞപ്പോള് സര്‍ക്കാര്‍ നടപടിയെടുക്കാത്തതാണ് ഇത്തരക്കാര്‍ക്ക് പ്രചോദനം. തങ്ങളുടെ സങ്കുചിത രാഷ്ട്രീയ താല്പര്യത്തിനായി കേരളത്തിന്റെ സമാധാന അന്തരീക്ഷവും സാമുദായിക സൗഹാര്‍ദ്ദവും തകര്‍ക്കാനുള്ള ശ്രമത്തില്‍ നിന്ന് തല്പര കക്ഷികള്‍ പിന്മാറണമെന്നും വര്‍ഗീയ സംഘര്‍ഷവും മതവിദ്വേഷവും ഉണ്ടാക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്നും കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: