മണിപ്പൂരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ നടക്കുന്ന കലാപത്തിന്റെ അന്തരീക്ഷത്തില്‍ രണ്ട് വനിതകളെ നഗ്‌നരായി നടത്തിക്കുകയും, അതിലൊരാളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ശക്തമായ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നാലുപേരെ അറസ്റ്റ് ചെയ്യുകയും അതിലൊരാളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ഇയാള്‍ മെയ്‌തേയ് വിഭാഗത്തില്‍പ്പെടുന്നയാളും, അക്രമത്തിനിരയായ സ്ത്രീകള്‍ കുക്കി വിഭാഗക്കാരുമാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് മെയ്‌തേയി സ്ത്രീകള്‍ അക്രമിയുടെ വീട് അഗ്‌നിക്കിരയാക്കുകയും, വീട്ടുകാര്‍ക്ക് നാട്ടില്‍നിന്ന് ഓടിപ്പോകേണ്ടിവരേണ്ട സാഹചര്യമുണ്ടാകുകയും ചെയ്തു. മെയ്‌തേയി വിഭാഗത്തില്‍പ്പെട്ടതായാലും മറ്റ് വിഭാഗത്തില്‍പ്പെട്ടതായാലും വനിതകളെ അപമാനിക്കുന്നത് അംഗീകരിക്കില്ലെന്നും, ഇതു ചെയ്യുന്നവരെ സമൂഹത്തിനു വേണ്ടെന്നും, മുഴുവന്‍ മെയ്‌തേയ് സമുദായത്തിനും നാണക്കേടുണ്ടാക്കുന്ന സംഭവമാണ് നടന്നതെന്നും പ്രതിഷേധിച്ച സ്ത്രീകള്‍ വ്യക്തമാക്കുന്നതില്‍നിന്നുതന്നെ സംഭവത്തിന് മതത്തിന്റെ നിറം കൊടുക്കാന്‍ ശ്രമിക്കുന്നവരുടെ ദുഷ്ടലാക്ക് പുറത്തുവരുന്നുണ്ട്. മെയ് നാലിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങൡല്‍ പ്രചരിച്ചതോടെ രാജ്യവ്യാപകമായ പ്രതിഷേധത്തിന് ഇടയാവുകയായിരുന്നു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയുമുണ്ടായി. ഇതിനു പിന്നാലെയാണ് നാല് അക്രമികളെ അറസ്റ്റ് ചെയ്തത്. ആയിരത്തോളം വരുന്ന സംഘത്തില്‍നിന്ന് അക്രമികളെ തിരിച്ചറിയാന്‍ പ്രയാസമായതിനാലാണ് അറസ്റ്റ് വൈകിയത്.
സംഭവത്തെ അതിശക്തമായ ഭാഷയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചത്. മണിപ്പൂരിലെ അക്രമത്തിനും അതിനിന്ദ്യമായ സംഭവത്തിനും പിന്നിലെ അക്രമികളെ വെറുതെവിടില്ലെന്നു പറഞ്ഞ പ്രധാനമന്ത്രി, മണിപ്പൂരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചതിനോട് ഒരിക്കലും പൊറുക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. വനിതകളുടെ സംരക്ഷണത്തിന് ശക്തമായ നടപടികളെടുക്കാന്‍ എല്ലാ മുഖ്യമന്ത്രിമാരോടും പ്രധാനമന്ത്രി അഭ്യര്‍ത്ഥിക്കുകയുണ്ടായി. സമൂഹമാധ്യമങ്ങളില്‍ നടന്ന അത്യന്തം പ്രകോപനപരവും നിരുത്തരവാദപരവുമായ പ്രചാരണത്തിന്റെ ഫലമായാണ് രണ്ട് വനിതകള്‍ക്കെതിരെ നിന്ദ്യമായ സംഭവം നടന്നതെന്ന് അറിയാന്‍ കഴിയുന്നു. മെയ്‌തേയ് വിഭാഗത്തില്‍പ്പെട്ട വനിതകള്‍ ക്രൂരമായ ബലാല്‍സംഗത്തിനിരയാവുകയാണെന്ന് ഒരു വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി പ്രചരിപ്പിക്കുകയായിരുന്നുവത്രെ. ഇതിന് പ്രതികാരം ചെയ്യാന്‍ മറ്റൊരു വിഭാഗം ഒരുമ്പെടുകയായിരുന്നു. ഒരിക്കലും നടക്കാത്ത സംഭവത്തിന്റെ പേരില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയും, സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യുന്ന രീതിക്ക് ഇതിനു മുന്‍പും വലിയ വില കൊടുക്കേണ്ടിവന്നിട്ടുണ്ട്. കശ്മീരിലെ കത്വയില്‍ ഒരു പിഞ്ചുകുഞ്ഞ് ബലാല്‍സംഗം ചെയ്യപ്പെട്ടു എന്ന തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച് രാജ്യത്ത് പലയിടത്തും അക്രമങ്ങള്‍ കുത്തിപ്പൊക്കുകയുണ്ടായി. ഇതിന്റെ പേരില്‍ കേരളത്തില്‍പോലും വാട്‌സാപ്പ് ഹര്‍ത്താല്‍ നടത്തിയല്ലോ. കത്വ സംഭവം കെട്ടിച്ചമച്ചതാണെന്ന് പിന്നീട് വെളിപ്പെടുകയും, ഇതിനു ശ്രമിച്ച അഭിഭാഷകയടക്കം അറസ്റ്റിലാവുകയും ചെയ്തു. മണിപ്പൂരിലെ വനിതകളെ നഗ്‌നരാക്കി നടത്തുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ട്വിറ്ററിനെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമനടപടിക്കൊരുങ്ങുകയാണ്.
പതിവുപോലെ പ്രശ്‌നം വഷളാക്കുന്നതില്‍ രാജ്യത്തെ പ്രതി പക്ഷ പാര്‍ട്ടികള്‍ വലിയ പങ്കുവഹിച്ചു. മണിപ്പൂരില്‍ ബിജെപി ഭരിക്കുന്നതുകൊണ്ട് രാഷ്‌ട്രീയ മുതലെടുപ്പിനാണ് ഈ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. ഈ ലക്ഷ്യംവച്ച് പാര്‍ലമെന്റിലും അവര്‍ പ്രശ്‌നമുണ്ടാക്കുന്നു. സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും അതിനുള്ള അവസരം അട്ടിമറിക്കുകയാണ് പ്രതിപക്ഷം. ചര്‍ച്ച നടന്നാല്‍ തങ്ങളുടെ കാപട്യം പുറത്താവുമെന്നതിനാലാണിത്. പശ്ചിമബംഗാൡലെ ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ വനിതയെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സുകാര്‍ ബൂത്തില്‍നിന്ന് വലിച്ചിഴച്ച് നഗ്‌നയാക്കി നടത്തിക്കുകയുണ്ടായി. തൃണമൂല്‍ സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ അന്‍പതോളം വരുന്ന സംഘമാണ് ഇത് ചെയ്തത്. ഹൗറ ജില്ലയില്‍ നടന്ന ഈ സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയിട്ടും അക്രമികള്‍ക്കെതിരെ നടപടിയുണ്ടായിട്ടില്ല. ഇതേ തൃണമൂലുകാരാണ് മണിപ്പൂരിലെ വനിതകള്‍ക്കുവേണ്ടി ഒച്ചവയ്‌ക്കുന്നത്. മണിപ്പൂരിലെ ദൗര്‍ഭാഗ്യകരമായ സംഭവം വിറ്റഴിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു സംസ്ഥാനം കേരളമാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ക്രൈസ്തവര്‍ ബിജെപിയെ പിന്തുണയ്‌ക്കുന്ന രീതിയില്‍ ഇവിടുത്തെ ക്രൈസ്തവര്‍ ബിജെപിയോട് അടുക്കുന്നത് തടയാനുള്ള രാഷ്‌ട്രീയ നീക്കത്തിന്റെ ഭാഗമാണിത്. കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷം ജിഹാദി തീവ്രവാദത്തിന്റെ ഇരകളാവുന്നതിനെതിരെ ചെറുവിരലനക്കാത്തവരാണ് മണിപ്പൂരിന്റെ പേരില്‍ ക്രൈസ്തവ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. വാളയാറിലെ പെണ്‍കുട്ടികള്‍ ക്രൂരമായ ബലാല്‍സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തിലെ പ്രതികളെ ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് രക്ഷിക്കാന്‍ ശ്രമിക്കുന്നവരും മണിപ്പൂര്‍ സംഭവത്തിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നതിന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയാതിരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: