ഡോ.മുരളീധരന് നായര്‍
അഥര്‍വവേദീയമായ ആയുര്‍വേദം ശാസ്ത്രീയമാണോ എന്നതില്‍ ചില യുക്തിചിന്തകര്ക്കൊക്കെ സംശയം ഉദിച്ചിരിക്കുന്നു. അവര്‍ക്ക് എന്തും ശാസ്ത്രമാകണമെങ്കില്‍ അത് പാശ്ചാത്യര്‍ കണ്ടെത്തിയതാകണം. എങ്കിലേ അവരുടെയൊക്കെ ചിന്തയില്‍ അവ ശാസ്ത്രീയമാകൂ. ഗണിതശാസ്ത്രത്തിനു വഴിത്തിരിവായ പൂജ്യം കണ്ടെത്തിയത് ഭാരതീയനെന്നതും ആദ്യത്തെ ജ്യോതിശാസ്ത്രജ്ഞര്‍ ബൃഹത്സംഹിത രചിച്ച വരാഹമിഹിരനും, ആര്യഭടീയ കര്‍ത്താവ് ആര്യഭട്ടനും ആണെന്നത് അവരറിയുന്നുണ്ടാവില്ല. ഇപ്പോഴുള്ള സംശയം ആയുര്‍വേദത്തെ കുറിച്ചാണ്. അത് ശാസ്ത്രീയമാണോ എന്ന്.
ചരക സംഹിതപോലും യഥാവിധി പഠിച്ചു ഗ്രഹിക്കാതെയാണ് സംശയം. ഒരു ചികിത്സാവിധി, സൂക്ഷ്മമായി പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി അതിന്റെ ദോഷവശങ്ങളും ഗുണവശങ്ങളും യഥാവിധി മനസിലാക്കി പ്രയോഗിക്കുന്നതാണല്ലോ ശാസ്ത്രീയത. അങ്ങനെയാണെങ്കില്‍ ലോകത്തിലേറ്റവും പഴക്കമേറിയ ആയുര്‍വേദമെന്ന ആയുസ്സിന്റെ വേദം അഥവാ അറിവ് തീര്‍ത്തും ശാസ്ത്രീയം തന്നെയാണെന്ന് നിസ്സംശയം പറയാം. കാരണം അവ കണ്ടെത്തി പ്രയോഗിച്ചു നോക്കുന്നതില്‍ ആചാര്യന്മാര് ബദ്ധശ്രദ്ധരായിരുന്നു. ഇക്കാര്യത്തില്‍ പലവിധ പരീക്ഷണ, നിരീക്ഷണങ്ങള്‍ക്കൊടുവില്‍ മാത്രമാണ് രോഗികളില്‍ പ്രയോഗിച്ചതും അതെഴുതിവെച്ചതും.
മുമ്പൊക്കെ മരുന്ന് നസ്യം ചെയ്താണ് ബോധം കെടുത്താറുള്ളത്. അത് ഏറ്റവും അപകടരഹിതവും ആയിരുന്നു. പക്ഷെ ഇന്ന് ശസ്ത്രക്രിയാമേഖല ആയുര്‍വേദത്തിന് ഉപേക്ഷിക്കേണ്ടിവന്നത് ശുശ്രുതകാലത്തെ ആ വിധിക്കും ഉപകരണങ്ങള്‍ക്കും അതുപോലുള്ള പ്രായോഗികത ഇല്ലാത്തതിനാലാവാം. കൂടാതെ ആധുനിക വൈദ്യശാസ്ത്രം അക്കാര്യത്തില്‍ വളരെ മെച്ചപ്പെട്ട നില കൈവരിച്ചതുമാകാം. ചികിത്സാവിധിയില്‍ മറ്റെല്ലാ മേഖലകളിലും ആയുര്‍വേദം എത്രയോ ശ്രേഷ്ഠവും സുരക്ഷിതവുമാണ്. പ്രയോഗത്തില്‍ വരുന്ന ന്യൂനതകള്‍ അത് ചെയ്യുന്ന വ്യക്തിയുടേത് മാത്രമാണ്. അല്ലാതെ അത് ആയുര്വേദത്തിന്റേതല്ലല്ലോ. ഏതിലും അത്തരം പ്രശ്നങ്ങള്‍ വരാം. ജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും ഗണിതത്തിലുമെല്ലാം ഗണന തെറ്റിയാല്‍ എല്ലാം തെറ്റുമല്ലോ? അതിനും ശാസ്ത്രത്തെ മുഖമടച്ചു കുറ്റം പറയരുതല്ലോ. ആയുര്‍വേദം മനുഷ്യന്റെ ആരോഗ്യത്തിനു നല്കിയ നിര്‍വചനം മറ്റൊരു ചികിത്സാ സമ്പ്രദായത്തിനും ഇല്ലാത്ത അത്രയും മഹനീയമാണോ എന്ന് നോക്കാം
“സമദോഷഃ സമാഗ്നിശ്ച
സമാധാതു മലക്രിയഃ
പ്രസന്നാത്മേന്ദ്രിയ
മനഃസ്വസ്ഥ ഇത്യഭിധിയതേ
ത്രിദോഷങ്ങളും ജഠരാഗ്നിയും സപ്തധാതുക്കളും സമമായിരിക്കുകയും ശരീരത്തിലെ എല്ലാ വിസര്‍ജന പ്രവര്‍ത്തനങ്ങളും നന്നായി നടക്കുകയും ഇന്ദ്രിയങ്ങളും മനസ്സും പ്രസന്നമായിരിക്കുകയും ചെയ്യുന്ന അവസ്ഥയെയാണ് ആരോഗ്യ ലക്ഷണമായി ആയുര്‍വേദം ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ കൂടുതല്‍ ആര്‍ക്കെന്തു പറയാനാകും?
വാക്ഭടാചാര്യരുടെ അഷ്ടാംഗഹൃദയം തന്നെയാണ് ആയുവേദഗ്രന്ഥങ്ങളില്‍ മുഖ്യം. കൂടാതെ ചരക, ശുശ്രുതസംഹിതകളും ഔഷധനിര്മിതിക്കായും മറ്റും സഹസ്രയോഗം, യോഗരത്നാകരം, ആരോഗ്യ കല്പദ്രുമം, ഭൈഷജ്യ രത്നാവാലി, ചികിത്സാമഞ്ജരി, രസേന്ദ്ര സാരസംഗ്രഹം, എന്നിങ്ങനെ ധാരാളം ഗ്രന്ഥങ്ങള്‍ കാണാം. ആയുസ്സിന്റെ വേദമായ ആയുര്‍വേദത്തില്‍ ആയുസ്സും ആരോഗ്യവും ബലപ്പെടുത്തി മനുഷ്യനെ പ്രകൃതിയുമായി സമരസപ്പെടുത്തി ജീവിക്കുന്നതിനുള്ള ഉപദേശങ്ങളാണുള്ളത്. മനുഷ്യമന, ശരീരങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ യോഗ്യമായൊരു ചികിത്സാവിധി ഇല്ലെന്നു തന്നെ പറയാം. അഷ്ടാംഗഹൃദയം എട്ട് അംഗങ്ങളുള്ള ചികിത്സാവിധിയാണ്. കായചികിത്സ, ബാല ചികിത്സ, ഊര്ധ്വ ചികിത്സ, ശല്യ ചികിത്സ, ദംഷ്ട്ര (വിഷ )ചികിത്സ, വൃഷ ചികിത്സ ജരാചികിത്സ, രസായന ചികിത്സ എന്നിവയാണ്. വ്യക്തമായ രോഗനിര്‍ണയം ത്രിദോഷസംബന്ധിയായി നടത്തി, രോഗത്തെ വ്യക്തിഗതമയാണ് ചികിത്സ നിശ്ചയിക്കുന്നത്.
യോഗയാണ് ഇന്ന് ലോകം മുഴുവന്‍ കൂപ്പുകൈയ്യോടെ സ്വീകരിക്കുന്ന മറ്റൊരു പൗരാണിക ഭാരതീയ ശാസ്ത്രം.
യോഗയെന്നാല്‍ സന്തുലിതം എന്നാണര്‍ത്ഥം. അതായത് ശാരീരിക, മാനസിക തലങ്ങള്‍ സന്തുലിതമായി, അരോഗദൃഢമായി നിര്‍ത്തുന്ന പ്രക്രിയയാണ് യോഗ.
അത് രണ്ടു തരമുണ്ട്
1. ഹഠയോഗ എന്ന ശാരീരിക യോഗ
2. ധ്യാനയോഗ അഥവാ മനോതല യോഗ. അഷ്ടാംഗയോഗയെന്നും പറയാം. പതഞ്ജലി മഹര്‍ഷിയാണ് അഷ്ടാംഗ യോഗയുടെ ആചാര്യന്. ഹഠയോഗയില്‍ ശാരീരിക വ്യായാമമെന്ന യോഗാഭ്യാസങ്ങളും ചില പ്രണായാമങ്ങളും നിര്‍ദ്ദേശിക്കുന്നു. ആരോഗ്യമുള്ള മനഃശരീരങ്ങള്ക്കായുള്ളവ.
അഷ്ടാംഗയോഗപൂര്ണമായും മാനസികതലത്തെ ലൗകികതയില്‍ നിന്നും ഉയര്‍ത്തി അഭൗമതലത്തിലേക്കും തദ്വാരാ കൈവല്യത്തിനുമായി യോഗ്യമാക്കുന്ന സാധനാ ക്രമങ്ങളോടു കൂടിയതാണ്. അതീവ ദുഷ്കരവുമാണിത്. യമ, നിയമ, ആസന, പ്രണായാമ, പ്രത്യാഹാര, ധാരണ, ധ്യാന, സമാധികളിലൂടെയുള്ള ഗഹനമായ ചര്യകളാണതില് നിഷ്കര്‍ഷിക്കുന്നത്. തീര്‍ത്തും ഇതൊരു ശ്രേഷ്ഠനായ ഗുരുവില്‍നിന്നും അഭ്യസിക്കേണ്ട വിഷയമാണ്. ലോകാസമസ്താ സുഖിനോ ഭവന്തുഃ എന്ന് മാനസിക തലത്തില്‍ രാഗ,ദ്വേഷ, മദ, മത്സരാദികളില്‍ നിന്നും മുക്തമാകും വിധം മനസ്സിനെ പ്രാപ്തമാക്കി വേണം സ്ഥിരവും സുഖപ്രദവുമായ ആസനനേന (സ്വസ്തികാസനം ശ്രേഷ്ഠം) നാഡീശോധന പ്രണായാമം ചെയ്തു ധാരണ, ധ്യാന സമാധികളിലെത്തുവാന്. ഏറെ ശ്രമകരമാണത്. മുമുക്ഷുക്കള്‍ക്കു മാത്രം സിദ്ധമായത്. അതാണ് അഷ്ടാംഗയോഗയെന്ന യോഗാപദ്ധതി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: