ബംഗളൂരു: സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട് ആയുധങ്ങളുള്‍പ്പെടെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ (സിസിബി) പിടിയിലായ അഞ്ച് പേരും തടിയന്‍റവിട നസീറിന്റെ കൂട്ടാളികളാണെന്ന് ബെംഗളൂരു പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞു.
കാശ്മീർ റിക്രൂട്ട്മെന്‍റ് കേസ്, 2008-ലെ ബംഗളുരു സ്ഫോടന പരമ്പര കേസ്, ഇ.കെ. നായനാർ വധശ്രമക്കേസ്, തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണമുണ്ടാക്കാൻ ചെയ്ത കാച്ചപ്പള്ളി ജൂവലറി കവർച്ച, കോഴിക്കോട് ഇരട്ട സ്ഫോടനക്കേസ്, അബ്ദുൾ നാസർ മഅ്ദനിയുടെ മോചനമാവശ്യപ്പെട്ട് തമിഴ്നാട് സർക്കാരിന്റെ ബസ് കളമശ്ശേരിയിൽ കത്തിച്ച കേസ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായി തടവിൽ കഴിയുന്ന കുറ്റവാളിയാണ് കണ്ണൂർ സ്വദേശിയായ തടിയന്‍റവിട നസീർ അഥവാ ഉമ്മർ ഹാജി എന്നറിയപ്പെടുന്ന നീർച്ചാൽ ബെയ്തുൽ ഹിലാലിൽ തടിയന്‍റവിടെ നസീർ.
ബെംഗളൂരുവിലെ സുല്‍ത്താന്‍പാളയിലെ കനകനഗറില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. സയിദ് സുഹേല്‍, ഉമര്‍, ജാനിദ്, മുദാസിര്‍, സാഹിദ് എന്നിവരാണ് ബുധനാഴ്ച പിടിയിലായത്.
ഈ അഞ്ച് പേരും 2008ലെ ബെംഗളൂരു സ്‌ഫോടനക്കേസിലെ മുഖ്യപ്രതി തടിയന്‍റവിട നസീര്‍ റീക്രൂട്ട് ചെയ്തവരാണെന്ന് പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞു. സംഘം ബംഗളൂരുവില്‍ വന്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി സൂചനയുണ്ട്. തടിയന്‍റവിടെ നസീറിന് ഭീകരവാദ സംഘടനയായ ലഷ്‌കര്‍ ഇ തൊയിബയുമായി അടുത്ത ബന്ധമുണ്ടെന്നും കമ്മീഷണര്‍ പറയുന്നു.
ഇവരുടെ പക്കല്‍ നിന്നും സ്‌ഫോടകവസ്തുക്കളുടെ വന്‍ശേഖരം പിടിച്ചിരുന്നു. ഇവര്‍ക്ക് സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കാന്‍ അടക്കം പരിശീലനം ലഭിച്ചതായിട്ടാണ് വിവരം.നാല് വാക്കിടോക്കികള്‍, ഏഴ് നാടന്‍ പിസ്റ്റളുകള്‍, 42 ലൈവ് ബുള്ളറ്റുകള്‍, രണ്ട് കഠാരകള്‍, രണ്ട് സാറ്റലൈറ്റ് ഫോണുകള്‍, നാല് ഗ്രനേഡുകള്‍ എന്നിവയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
അഞ്ചുപേരും 2017 ലെ ഒരു കൊലപാതകക്കേസ് പ്രതികളാണ്. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയവേ ഇവര്‍ ഭീകരരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി സിസിബി സംശയിക്കുന്നു. തുടര്‍ന്ന് ഭീകര പ്രവര്‍ത്തനത്തിനായി പരിശീലനം പ്രതികള്‍ക്ക് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: