ഒരു പുരുഷായുസ് മുഴുവന്‍ സമൂഹത്തിനായി സമര്‍പ്പിച്ചു എന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ വിജയ രഹസ്യമെന്ന് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന് പിള്ള.
രാഷ്ട്രീയത്തില്‍ സ്ഥിരമായി ശത്രുക്കളില്ല, എതിരാളികളേ ഉള്ളു എന്ന് വിശ്വസിച്ചിരുന്ന അപൂര്‍വം രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ഉമ്മന്‍ ചാണ്ടി. ജനഹിതവും ജനങ്ങളുമായുള്ള ആത്മബന്ധവുമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. പ്രത്യയശാസ്ത്രപരമായി അദ്ദേഹത്തിന്റെ എതിര്‍ചേരിയില്‍ നില്ക്കുന്ന എന്നെപ്പോലെയുള്ള ഒട്ടേറെ പൊതുപ്രവര്‍ത്തകരുടെ മനസ്സില്‍ പ്രകാശിച്ചിരുന്നു ഉമ്മന്‍ചാണ്ടി. അടുത്തിടപഴകാന്‍ കിട്ടിയ സന്ദര്‍ഭങ്ങളിലൊക്കെ വിസ്മയത്തോടെയാണ് അദ്ദേഹത്തെ നോക്കി കണ്ടിരുന്നത്. എന്റെ രണ്ടു മക്കളുടെയും വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹം കോഴിക്കോട്ടെ വീട്ടിലേക്ക് എല്ലാ തിരക്കിനിടയിലും ഓടിയെത്തി. ഉമ്മന്‍ ചാണ്ടിയുടെ സേവനം നാടിനും സമൂഹത്തിനും ഇനിയും ഒരുപാടു ലഭിക്കാന്‍ ബാക്കിയിരിക്കെയാണ് വേര്‍പാട്.
പരിജ്ഞാനത്തിന്റെ ഉറവിടം ഒ. രാജഗോപാല്‍
2016ല്‍ നേമത്ത് നിന്ന് നിയമസഭയില്‍ അംഗമായത് മുതലാണ് ഉമ്മന്‍ ചാണ്ടിയെ കൂടുതല്‍ മനസിലാക്കുന്നത്. വൈവിധ്യമാര്‍ന്ന പരിജ്ഞാനത്തിന്റെ ആകത്തുകയാണ് അദ്ദേഹം. നിയമസഭയില്‍ ഉമ്മന്‍ ചാണ്ടിയെത്തുമ്പോള്‍ ഒരു പ്രത്യേക പരിഗണന ഭരണ പ്രതിപക്ഷ ഭേദമെന്യേ ലഭിച്ചിരുന്നു.
ഏറെക്കാലം നിയമസഭയില്‍ അംഗമായിട്ടുള്ള പരിചയം അദ്ദേഹത്തിനുണ്ട്. അത് മറ്റാര്‍ക്കും അവകാശപ്പെടാനുമില്ല. ഏതെങ്കിലും വിഷയത്തെ പറ്റി പറയാന്‍ ഉമ്മന്‍ ചാണ്ടി കൈപൊക്കിയാല്‍ അത് അവതരിപ്പിക്കാന്‍ ഉടനെ അവസരം കൊടുക്കുന്ന സാഹചര്യം നിയമസഭയില്‍ ഉണ്ടായിരുന്നു. എന്റെ സീറ്റിനടുത്തായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഇരിപ്പിടം. പലകാര്യങ്ങളിലും ഞങ്ങള്‍ ആശയ വിനിമയം നടത്താറുണ്ടായിരുന്നു. സൗഹൃദമായാണ് എന്നോട് സംസാരിച്ചിരുന്നത്. പഴയ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്പീക്കര്‍ ആയാലും മറ്റ് സമാജികരായാലും അദ്ദേഹത്തോട് ചോദിക്കുന്നത് പതിവാണ്. അതിനൊക്കെ വ്യക്തമായ ഉത്തരവും കിട്ടുമായിരുന്നു. എനിക്ക് വ്യക്തിപരമായി ഉമ്മന്‍ചാണ്ടിയോട് മതിപ്പുണ്ടായിരുന്നു. അതുപോലെതന്നെ എന്നോടും.
സാധാരണക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ അദ്ദേഹത്തിന് അസാധാരണ കഴിവ് തന്നെ ഉണ്ടായിരുന്നു. അതാണ് ഉമ്മന്‍ ചാണ്ടിയെ ജനകീയനാക്കിയത്. എന്റെ ജീവചരിത്ര ഗ്രന്ഥമായ ‘ജീവിതാമൃതം’ പ്രകാശനം ചെയ്യാന്‍ ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുത്തത് അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: