കൊല്‍ക്കൊത്ത: ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയം ഉറപ്പാക്കാന്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാര്‍ തിരിമറികള്‍ നടത്തിയെന്ന് ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസും. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ബാലറ്റ് പേപ്പറുകള്‍ തട്ടിയെടുത്തതായി ബാലി ജഗച്ചയിലെ ബ്ലോക്ക് ഡവലപ് മെന്റ് ഓഫീസര്‍ പരമിത ഘോഷ് തന്നെ തുറന്നു സമ്മതിക്കുന്നതായുള്ള വീഡിയോ ഇപ്പോള്‍ വൈറലാണ്.
അതുപോലെ വോട്ടെണ്ണല്‍ സമയത്തെ തെരഞ്ഞെടുപ്പ് ഫലത്തില്‍ മാറ്റം വന്നതെങ്ങിനെ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ കഴിയാതെ വിയര്‍ക്കുന്ന പൂര്‍ബ മെദിനിപൂരിലെ രാം നഗര്‍ 2ലെ ബിഡിഒ ആയ അഖില്‍ മണ്ഡലിന്റെ വീഡിയോയും വൈറലായിരുന്നു. ദക്ഷിണ് ദിനജ്പൂരിലെ ബലുഘറിലെ ബിഡിഒയുമായി ബന്ധപ്പെട്ടതാണ് മറ്റൊരു സംഭവം. ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സിസിടിവിയില്മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതായി പൊലീസ് പരാതിപ്പെട്ടിരിക്കുകയാണ്. ആ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന രീതിയില്‍ ബാലറ്റ് പേപ്പറുകള്‍ മാറ്റിയെന്നാണ് ആരോപണം. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അനുകൂലമായ നൂറുകണക്കിന് ബാലറ്റ് പേപ്പുറുകള്‍ കുളത്തിലും അഴുക്കുചാലുകളിലും കണ്ടെത്തിയിട്ടുണ്ട്. പ്രിസൈഡിങ് ഓഫീസര്‍മാര്‍ ഒപ്പിട്ട ബാലറ്റ് പേപ്പറുകളാണ് ഇവ.
ഇത്തവണത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിഡിഒമാരും തെരഞ്ഞെടുപ്പ് ഫലം തൃണമൂലിന് അനുകൂലമാക്കാന്‍ വ്യാപകമായി തിരിമറികള്‍ നടത്തിയതായി പ്രതിപക്ഷപാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസും ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ ബിഡിഒമാര്‍ ഉള്‍പ്പെടെ തൃണമൂല്‍ സര്‍ക്കാരുമായി കൈകോര്‍ത്തുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാര്‍ പറഞ്ഞു. ബിഡിഒമാര്‍ നടത്തിയ അട്ടിമറികളെക്കുറിച്ച് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു.
അതുപോലെ പല ബൂത്തുകളിലും വോട്ടെടുപ്പ് ദിവസം റെക്കോഡ് ചെയ്ത വോട്ടുകളുടെയും എണ്ണിയ വോട്ടുകളുടെയും സംഖ്യ പൊരുത്തപ്പെടുന്നില്ല. ബിഡിഒ മാര്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ മമത സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. അവധി ദിവസങ്ങളും ആഴ്ചയിലെ ഒഴിവുദിവസങ്ങളും നഷ്ടപ്പെടുന്ന പരിഹരിക്കാന്‍ ഒരു പദ്ധതി മമത സര്‍ക്കാര്‍ നടപ്പാക്കിയിരുന്നതിന് പ്രത്യുപകാരമാണ് ബിഡിഒമാര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ചെയ്യുന്നതെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: