കല്ലടിക്കോട്: കരിമ്പ പഞ്ചായത്തില്‍ മൂന്നുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 290 ഡെങ്കിപ്പനി കേസുകള്‍. ജില്ലയില്‍ ആകെയുള്ള 13 മരണങ്ങളില്‍ ആറും കരിമ്പ പഞ്ചായത്തില്‍ നിന്നാണ്. ഈമാസം മാത്രം അറുപതിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, കഴിഞ്ഞമാസത്തെ അപേക്ഷിച്ച് ഇത് കുറവാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.
പഞ്ചായത്തില്‍ ഉറവിട നശീകരണ യജ്ഞത്തിന്റെ നാലാം റൗണ്ട് പുരോഗമിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍, ആശവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ആര്‍ആര്‍ടി രൂപീകരിച്ചാണ് പ്രതിരോധ പ്രവര്‍ത്തനം. മെയ്, ജൂണ്‍ മാസങ്ങളില്‍ മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ പനി ബാധിച്ചവരുള്ള പഞ്ചായത്ത് കരിമ്പയായിരിന്നു. മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ ജനങ്ങള്‍ ഭീതിയിലായി. ഇതോടെയാണ് ഫോഗിങ്, ഉറവിട നശീകരണം, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വലിയതോതിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്.
ഇടവിട്ട മഴ പെയ്തതോടെ, റബ്ബര്‍, കമുക്, ജാതി, കൊക്കോ തോട്ടങ്ങളുള്ള മേഖലയില്‍ അതിവേഗം കൊതുകുകള്‍ പെരുകുന്ന സാഹചര്യമുണ്ടായി. ചിരട്ടകള്‍, കമുകിന്‍പാളകള്‍, ജാതി-കൊക്കോ തോടുകള്‍ എന്നിവിയിലെല്ലാം കൊതുകുകള്‍ മുട്ടിയിട്ട് പെരുകുന്ന സാഹചര്യമാണുള്ളത്.
ജനങ്ങളുടെ സഹകരണമില്ലെങ്കില്‍ മാറി-മാറി വരുന്ന കാലാവസ്ഥയില്‍ സ്ഥിതി മോശമാകാന്‍ സാധ്യതയുള്ളതായി കല്ലടിക്കോട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഷിനോജ് പറഞ്ഞു. പനി വന്നാലുടന്‍ പരിശോധന നടത്തി ഉചിതമായ ചികിത്സ ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: