തിരുവല്ല: ഡെങ്കി കേസുകളും മരണങ്ങളും സംസ്ഥാനമൊട്ടാകെ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ അവഗണിക്കാതെ കൃത്യസമയത്ത് ശരിയായ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) അറിയിച്ചു. അപായ സൂചനകള്‍ തിരിച്ചറിഞ്ഞ് അടിയന്തര ചികിത്സാസഹായം ഉറപ്പാക്കുന്നത് മരണം ഒഴിവാക്കാന്‍ സഹായിക്കും.
പനി ,കഠിനമായ ദേഹവേദന, തലവേദന കണ്ണിനു പുറകില്‍ വേദന സന്ധിവേദന തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ പ്രാരംഭലക്ഷണങ്ങള്‍. രോഗബാധിതര്‍ ചികിത്സയോടൊപ്പം പരിപൂര്‍ണ്ണ വിശ്രമം എടുക്കണം. തുടര്‍ച്ചയായ ചര്‍ദ്ദി വയറുവേദന, ശരീരത്തില്‍ ഏതെങ്കിലും ഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, ശ്വാസംമുട്ട് , ശരീരം ചുവന്നു തടിക്കുക, കഠിനമായ ക്ഷീണം ശ്വാസതടസ്സം രക്തസമ്മര്‍ദ്ദം താഴുക എന്നിവ അപായ സൂചനകളാണ്. എന്തെങ്കിലും അപായ സൂചനകള്‍ ഉണ്ടായാല്‍ അടിയന്തരമായി വിദഗ്ധ ചികിത്സ തേടണം.
കുഞ്ഞുങ്ങള്‍ക്ക് രോഗബാധ ഉണ്ടായാല്‍ ശരീരോഷ്മാവ് കുറയ്ക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായി നല്‍കണം. തിളപ്പിച്ചാറിയ വെള്ളവും മറ്റ് പാനീയങ്ങളും പോഷകാഹാരവും കഴിക്കുകയും ചെയ്യണം. കുഞ്ഞുങ്ങളുടെ ഉയര്‍ന്ന ശരീര താപനില കുറയാതിരിക്കുക, ആഹാരം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനുള്ള അസ്വസ്ഥത നാവ് , വായ, ചുണ്ട് എന്നിവ വരണ്ടു കാണുക , മയക്കം, ക്ഷീണത്തോടെ ഉറക്കം തൂങ്ങി ഇരിക്കുക, മൂത്രത്തിന്റെ അളവ് കുറയുക കഠിനമായ കാല് വേദന,ചര്‍ദില്‍ വയറുവേദന, മോണ പോലെയുള്ള ശരീര ഭാഗങ്ങളില്‍ നിന്ന് രക്തസ്രാവം ഉണ്ടാവുക, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം. പനി മാറിയാലും മൂന്നുനാലു ദിവസം കൂടി ശ്രദ്ധിക്കുകയും ഉപ്പിട്ട കട്ടിയുള്ള കഞ്ഞിവെള്ളം, കരിക്കിന് വെള്ളം, പഴ ചാറുകള്‍ മറ്റു പാനീയങ്ങള്‍ തിളപ്പിച്ചാറിയ വെള്ളം എന്നിവ ധാരാളം കുടിക്കുകയും ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: