ന്യൂദല്‍ഹി: ഏറെ സാഹസികമായ യാത്രയിലൂടെ പാകിസ്ഥാനില്‍ നിന്നും നാല് കുഞ്ഞുമക്കളേയും കൊണ്ട് ഇന്ത്യയിലെത്തി ഹിന്ദുവായ ഇന്ത്യന്‍ കാമുകനെ വിവാഹം കഴിച്ച് ഹിന്ദുവായി മാറിയ സീമ ഹൈദറോടുള്ള പക മൂലം തോക്കുധാരികളായ കൊള്ളക്കാരുടെ സംഘം പാകിസ്ഥാനിലെ ഒരു ഹിന്ദു ക്ഷേത്രം ആക്രമിച്ചു. ഞായറാഴ്ച റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ചായിരുന്നു ക്ഷേത്രത്തിന് നേരെ ആക്രമണം.
പാകിസ്ഥാനിലെ തെക്കന്‍ സിന്ധ് പ്രവിശ്യയില്‍ ഹിന്ദുക്കള്‍ ധാരാളമുള്ള പ്രദേശമായ കാഷ്മോറിലാണ് ഹിന്ദുക്ഷേത്രം കൊള്ളക്കാര്‍ തകര്‍ത്തത്. അക്രമികള്‍ ഹിന്ദുക്ഷേത്രം മാത്രമല്ല, അതിന് തൊട്ടരികിലുള്ള ഒരു ഹിന്ദു ഭവനവും തകര്‍ത്തു. ആ പ്രദേശത്തെ ഹിന്ദുക്കള്‍ പണിത ക്ഷേത്രത്തിലേക്ക് അക്രമികള്‍ തുടര്‍ച്ചയായി വെടിയുതിര്‍ത്തതായി പൊലീസ് ഓഫീസര്‍ ഇര്ഫാന് സമ്മോ പറഞ്ഞു. ഏകദേശം എട്ട് മുതല്‍ ഒമ്പതു വരെ തോക്ക്ധാരികളാണ് വെടിയുതിര്‍ത്തത്. വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രം തുറന്നപ്പോഴായിരുന്നു ആക്രമണം. എന്നാല്‍ പൊലീസ് സംഘം എത്തിയതോടെ കൊള്ളക്കാര്‍ ഓടിപ്പോയി.
സീമ ഹൈദര്‍ എന്ന പാകിസ്ഥാന് യുവതി പബ് ജി കളിച്ച് ഇന്ത്യയിലെ ഒരു യുവാവുമായി സ്നേഹത്തിലാവുകയും അവനെ ഇന്ത്യയിലെത്തി വിവാഹം ചെയ്തതിലും ഉള്ള പകയാണ് കൊള്ളക്കാര്‍ തീര്‍ക്കുന്നത്. ക്ഷേത്രം ആക്രമിക്കുമെന്ന് നേരത്തെ കൊള്ളക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ഗംഗാസ്നാനം ചെയ്ത് ഹൈന്ദവരീതിയില്‍ സീമ ഹൈദറും യുപി സ്വദേശിയായ സച്ചിനും തമ്മിലുള്ള വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സച്ചിന്റെ കുടുംബം. ഇപ്പോള്‍ ഇരുവരും ഒരുമിച്ചാണ് താമസം. സീമ ഹൈദര്‍ പാകിസ്ഥാന്‍കാരനായ ആദ്യ ഭര്‍ത്താവിന്റെ പേരായ ഹൈദര്‍ എന്ന ഇസ്ലാം നാമം ഒഴിവാക്കി ഇപ്പോഴത്തെ ഭര്‍ത്താവിന്റെ പേര് ചേര്‍ത്ത് സീമ സച്ചിന് എന്ന് പേര് മാറ്റുകയും ചെയ്തു. നാല് കുട്ടികളുടെ പേരുകള്‍ രാജ്, പ്രിയങ്ക, പാരി, മുന്നി എന്നിങ്ങളെ ഹിന്ദുനാമങ്ങളാക്കി.
ഇപ്പോള്‍ സീമ സച്ചിന് പറയുന്നത് ഹിന്ദുമതവും ഭാരതീയ സംസ്കാരവും തനിക്ക് ഏറെ ഇഷ്ടമായെന്നാണ്. “ഇനി ശിഷ്ടകാലം ഭാരതീയ സ്ത്രീയായി ഭാരതത്തില്‍ ജീവിക്കും. പാകിസ്ഥാനിലേക്ക് മടങ്ങിപ്പോകില്ല. മടങ്ങിപ്പോയാല് ഭര്‍ത്താവും കൂട്ടരും കൊന്നേയ്ക്കുമെന്ന ഭയമുണ്ട്” – സീമ സച്ചിന് പറയുന്നു.
യുപി സ്വദേശി സച്ചിനെ വിവാഹം കഴിയ്ക്കാന്‍ നാലു കുട്ടികളുടെ അമ്മ കൂടിയായ സീമ സച്ചിന് എന്ന പാകിസ്ഥാന് കാരി ഇന്ത്യയിലെത്തിയത് വലിയ വാര്‍ത്തയായിരുന്നു. പബ് ജി എന്ന ഓണ്‍ലൈന്‍ ഗെയിം കളിച്ചാണ് ഇരുവരും പ്രണയബദ്ധരായത്. പാകിസ്ഥാന്‍കാരി സീമയ്ക്ക് വയസ്സ് 30 ആണെങ്കിലും സച്ചിന് വയസ്സ് 25.
ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് സീമ ഹൈദര്‍ എന്ന പാകിസ്ഥാന്‍കാരി ഇന്ത്യയിലെത്തിയത്. തന്റെ സ്ഥലം 12 ലക്ഷം രൂപയ്ക്ക് വിറ്റാണ് സീമ ഹൈദര്‍ യുപിക്കാരനായ കാമുകനെ വിവാഹം കഴിക്കാന്‍ നേപ്പാള്‍ വഴി ഇന്ത്യയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: