ശ്രീനഗര്‍: ഭീകര പ്രവര്‍ത്തനം, ഗൂഢാലോചന എന്നീ കേസുകളുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ എന്‍ഐഎയുടെ റെയ്ഡ്. മുപ്പത് മണിക്കൂര്‍ നീണ്ട റെയ്ഡില്‍ രണ്ടു ഭീകരര്‍ പിടിയിലായി. കശ്മീര്‍ താഴ്‌വരയില്‍ ഭീകരവാദത്തിന് പിന്തുണ കുറയുന്ന സാഹചര്യത്തില്‍, യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ഭീകരസംഘടനകള്‍ പുതിയ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് എന്‍ഐഎക്ക് വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു റെയ്ഡ്.
അറസ്റ്റിലായ ഭീകരര്‍ കശ്മീര്‍ സ്വദേശികളാണ്. ഷോപ്പിയാന്‍ സ്വദേശികളായ ഫയാസ് ബാബ എന്ന ഷോയിബ്, ഹിലാല്‍ യാക്കൂബ് എന്നിവരാണ് പിടിയിലായത്. പിടിയിലായ രണ്ടുപേരും ദി റെസിസ്റ്റന്‍സ് ഫ്രണ്ട് സംഘടനയിലുള്ളവരാണെന്നും ഇവര്‍ പാക് ഭീകര സംഘടനകളായ അല്‍ഖ്വയ്ദ, ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍മാരുമായി ആശയ വിനിമയം നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ഷോപ്പിയാനില്‍ ജനങ്ങള്‍ക്ക് നേരെ നടന്ന ഭീകരാക്രമണമുള്‍പ്പടെയുള്ള കേസുകളില്‍ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിലാണ് ജമ്മു കശ്മീരില്‍ മുപ്പത് മണിക്കൂറിലധികം നീണ്ടുനിന്ന പരിശോധന ദേശീയ അന്വേഷണ ഏജന്‍സി നടത്തിയത്. ഷോപ്പിയാന്‍, അവന്തിപോര, പുല്‍വാമ എന്നീ മൂന്ന് ജില്ലകളിലെ ഏഴിടങ്ങളിലാണ് പരിശോധന നടത്തിയതെന്ന് എന്‍ഐഎ അറിയിച്ചു.
റെയ്ഡില്‍ കുറ്റകരമായ വിവരങ്ങള്‍ ഉള്‍പ്പെട്ട നിരവധി ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തു. പുതിയ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത് അല്‍ഖ്വയ്ദയുടെ കശ്മീര്‍ പതിപ്പായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ആണെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: