ആര്‍ട്ടിസ്റ്റ് മദനന്
ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെക്കുറിച്ച് പറയുമ്പോള്‍ ഞാന്‍ ജനിച്ച കാലം മുതല്‍ പറയേണ്ടതുണ്ട്. എന്റെ കണ്ണില്‍ ചിത്രങ്ങളും മറ്റ് പ്രകൃതി ജാലങ്ങളും കണ്ടുതുടങ്ങിയതു മുതല്‍ നമ്പൂതിരി ചിത്രങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ ജനിച്ച 1960 മുതല്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി മാതൃഭൂമിയില്‍ ജോലി ചെയ്തുതുടങ്ങിയിരുന്നു. അദ്ദേഹത്തെ മാതൃഭൂമിയില്‍ കൊണ്ടുവന്നത് ചിത്രകലയിലെ അതികായന്, ഇല്ലസ്ട്രേഷനെ ആധികാരിക രീതിയില്‍ കൊണ്ടുനടന്ന എം.വി. ദേവനായിരുന്നു. എം.വി.ദേവന് ചോളമണ്ഡലത്തെ കെ.സി. എസ്. പണിക്കരുടെ ശിഷ്യനായിരുന്നല്ലോ. അവിടെ വളര്‍ന്നവരാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും എ.എസ്. നായരും. എഎസിനെയും മാതൃഭൂമിയില്‍ കൊണ്ടുവന്നത് എം.വി.ദേവനാണ്. ആ കാലഘട്ടത്തില്‍ ഇവര്‍ വരുന്നതിനു മുന്‍പ് എം.വി. ദേവന് മാതൃഭൂമിയിലെ ആര്‍ട്ടിസ്റ്റായിരുന്നു. വളരെയധികം കഥാപാത്രങ്ങളെ സൃഷ്ടിച്ച ഈ വ്യക്തിത്വങ്ങളെ എപ്പോഴും ഗുരുസ്ഥാനത്താണ് ഞാന്‍ കാണുന്നത്.
എന്റെ കുട്ടിക്കാലം മുതല്‍ ഞാന്‍ ഇവരെ പല രീതിയിലും നോക്കിക്കണ്ടിട്ടുണ്ട്. എന്റെ ജീവിതകാലത്ത് ഇവരുടെ അടുത്തെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഞാന്‍ കോഴിക്കോട് ജില്ലയിലെ വടകരയില്‍ ബിബിഎം ഹൈസ്കൂളില്‍ പഠിക്കുന്ന അവസരത്തിലാണ് കൂടുതലായി ഇവരെ ശ്രദ്ധിച്ചുതുടങ്ങിയത്. അന്ന് കേരളത്തില്‍ ഇന്നത്തെപ്പോലെ പ്രസിദ്ധീകരണങ്ങളില്ല. മാതൃഭൂമി വാരിക, ദേശാഭിമാനി വാരിക, ചന്ദ്രിക വാരിക, ജനയുഗം വാരിക, മലയാള നാട്, കുങ്കുമം എന്നിവയില്‍ മത്സരിച്ച് വരയ്ക്കുന്ന കലാകാരന്മാരുടെ ഒരു വലിയ നിരതന്നെ അന്നുണ്ടായിരുന്നു. ഇതില്‍ തന്നെ ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല പ്രസിദ്ധീകരണം മാതൃഭൂമിയായിരുന്നു. സാഹിത്യത്തിലായാലും വരകളിലായാലും കലകളിലായാലും. എഎസും നമ്പൂതിരിയും പുതിയ തലമുറയ്ക്ക് വളരെ സുപരിചിതരായിരുന്നു; അവരുടെ രേഖാചിത്രങ്ങളും. ദേവന് മാഷ് അറുപതുകളില്‍ മാതൃഭൂമി വിട്ടുപോയശേഷം വായനക്കാര്‍ കണ്ടുതുടങ്ങിയതാണ് ഇവരുടെ ചിതീകരണ രീതി.
നമ്പൂതിരി നമുക്ക് ഒരു ആല്‍ബം പോലെയാണ്. നമ്പൂതിരി ചിത്രങ്ങള്‍ ഒരു ആല്‍ബം പോലെ സൂക്ഷിക്കാനേ നമുക്ക് കഴിയൂ. ഞാന്‍ അത്രയേറെ ആരാധിച്ചിരുന്ന രണ്ടുമൂന്നു വ്യക്തികളാണ് ദേവനും നമ്പൂതിരിയും എഎസും. ഇവര്‍ മാതൃഭൂമിയില്‍ വന്ന കാലഘട്ടത്തില്‍ ഇന്ന് നമുക്ക് കാണാന്‍ പറ്റുന്ന രീതിയിലുള്ള പുതിയ പുതിയ സംഭവവികാസങ്ങളൊന്നും കേരളത്തില്‍ ഇല്ല. നമ്മുടെ ദൃശ്യസംസ്കാരത്തിലുണ്ടായിട്ടില്ല. ടിവി, മൊബൈല്‍, ടാബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ നൂതന സങ്കല്‍പ്പങ്ങളും സാങ്കേതിക വിദ്യയും വാര്‍ത്താവിനിമയ സംവിധാനങ്ങളുമൊന്നുമില്ലാത്ത ഒരു ഇരുളടഞ്ഞ കേരളം. ഈ ബ്ലാക് ആന്‍ഡ് വൈറ്റ് കേരളത്തില്‍ ലൈറ്റും മറ്റും പിന്നീടാണ് വരുന്നത്.
ഈ കാലഘട്ടത്തില്‍ ഒരു നൂറു വര്‍ഷം മുന്‍പ് പൊന്നാനിയില്‍ ജനിച്ചയാളാണ് നമ്പൂതിരി. ആഢ്യനമ്പൂതിരി കുടുംബത്തില്‍ ജനിക്കുകയും, ആ കാലഘട്ടത്തില്‍ കണ്ട വെളിച്ചങ്ങളും ചുറ്റുപാടുകളും ദേവീദേവന്മാരും മുസ്ലിം കഥാപാത്രങ്ങളും എന്നുവേണ്ട സര്‍വ്വതിനെയും അതിസൂക്ഷ്മമായി ഗ്രഹിക്കാനും, അത് മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കാനും കഴിഞ്ഞുവെന്നതാണ് നമ്പൂതിരിയുടെ ഏറ്റവും വലിയ സംഭാവന. പഴയ കേരളം കണ്ടുകൊണ്ട് വരയ്ക്കുക എന്നുപറയുന്നത് ഇനി സാധ്യമല്ല. നമ്പൂതിരി ഒരു നൂറുവര്‍ഷം മുന്‍പുള്ളതൊക്കെ കണ്ടിട്ടുണ്ട്. അതുകൊണ്ട് നമുക്ക് കാണാന്‍ പറ്റിയ ആ ബ്രാഹ്മണ സമൂഹം, അന്തര്ജ്ജനങ്ങളെക്കുറിച്ചുള്ള അറിവുകള്‍, അവരുടെ ഡ്രസ്കോഡുകള്‍, നമ്പൂതിരിമാരുപയോഗിക്കുന്ന വീട്ടുപകരണങ്ങള്‍, പൊന്നാനി ഭാഗത്ത് നൂറുവര്‍ഷം മുന്‍പ് നമ്പൂതിരി കണ്ടുവളര്‍ന്ന മുസ്ലിം കഥാപാത്രങ്ങള്‍, മുസ്ലിങ്ങളുടെ ശാരീരിക ഘടന എന്നിങ്ങനെ അദ്ദേഹത്തിന്റെ ചുറ്റിലൂടെ പോയ്മറഞ്ഞതെന്തും ഹൃദയത്തില്‍ അത്രയധികം ഉറച്ചിരുന്നു. ആ ഓര്‍മകള്‍ കഥകളിലൂടെ ചിത്രീകരണം നടത്തി നമ്മളെ വിസ്മയിപ്പിച്ചു കടന്നുപോവുകയാണ് നമ്പൂതിരി ചെയ്തത്.
ഞാന്‍ 1960 കളിലെ ‘മാതൃഭൂമി’ നോക്കുന്ന അവസരത്തില്‍ നമ്പൂതിരിയും ദേവന് മാഷും എഎസും ഒരേ രീതിയിലായിരുന്നു വരച്ചിരുന്നത്. പിന്നീടാണ് പേരുകൊണ്ടും ചിത്രീകരണംകൊണ്ടും മാറി മാറി വന്നത്. എഎസും നമ്പൂതിരിയും കെ.സി.എസ്. പണിക്കരുടെ ശിഷ്യന്മാരായി വളര്‍ന്നവരാണെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. നമ്പൂതിരി വരുമ്പോള്‍(1960) ഞാന്‍ ജനിച്ചിട്ടേയുള്ളൂ. അന്നുമുതലുള്ള ചിത്രീകരണ രീതികള്‍ ഞാനൊരു അഞ്ചാം ക്ലാസു മുതലാണ് കാണുന്നത്. മഹാത്ഭുതങ്ങളാണ് അവരുടെ വരകളില്‍ എനിക്ക് കാണാന്‍ കഴിഞ്ഞത്. അരവിന്ദന്റെ കാര്‍ട്ടൂണുകളും ആ കാലത്താണ് വന്നിരുന്നത്. എന്നെ സംബന്ധിച്ച് ഇവരെ നേരിട്ട് കാണാന്‍ പറ്റുമോ എന്നൊക്കെയുള്ള ഒരുപാട് ചിന്തകള്‍ കുട്ടിക്കാലത്തുണ്ടായിരുന്നു.
ഞാന്‍ പഠിച്ചിരുന്ന വടകരയില്‍നിന്ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ചിത്രകലാ അദ്ധ്യാപകനായി വന്നതിനുശേഷമാണ് ഈ മഹാരഥന്മാരെ കാണാനും, അവരുടെ കൂടെ ഇരിക്കുവാനും, അവരുടെ വാക്കുകള്‍ കേള്‍ക്കുവാനും എനിക്ക് സാധ്യമായത്. 1980 കളില്‍ ഞാന്‍ വരച്ച കുറച്ചു ചിത്രങ്ങളുമായി ദേശാഭിമാനി വാരികയില്‍ പോവുകയും, എഡിറ്ററായിരുന്ന തായാട്ട് ശങ്കരനെ ചിത്രങ്ങള്‍ കാണിക്കുകയും ചെയ്തു. അന്ന് ദേശാഭിമാനിയില്‍ വരച്ചിരുന്ന പ്രസിദ്ധ ചിത്രകാരന് ചാന്‍സ് എന്നു വിളിച്ചിരുന്ന ചന്ദ്രശേഖരനെ ചിത്രങ്ങള്‍ കാണിക്കുകയും എന്നെ വരപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് എന്റെ രേഖാചിത്രം ആദ്യം മലയാളികളുടെ കണ്മുന്നിലെത്തുന്നത്. എന്നെക്കൊണ്ട് കഴിയുന്നതുപോലെ വരച്ചതാണ് എന്റെ ചിത്രങ്ങള്‍.
1980 ലാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി മാതൃഭൂമി വിട്ടുപോവുന്നത്. ആ ഒഴിവിലേക്ക് അന്ന് മാതൃഭൂമിയുടെ തലപ്പത്തുള്ള എ.എസ്. നായര്‍ ഒരു ചിത്രകാരനെ അന്വേഷിക്കുന്ന അവസരത്തില്‍ എങ്ങനെയോ ചില സുഹൃത്തുക്കള്‍ മുഖേന എന്നെ കാണണമെന്ന് ഒരു താല്പര്യം പ്രകടിപ്പിക്കുകയുണ്ടായി. അന്ന് മാതൃഭൂമിക്ക് മൂന്ന് പ്രസിദ്ധീകരണങ്ങളെ ഉണ്ടായിരുന്നുള്ളൂ. ചിത്രഭൂമി, ഗൃഹലക്ഷ്മി, മാതൃഭൂമി ആഴ്ചപ്പതിപ്പ്. ഈ മൂന്ന് പ്രസിദ്ധീകരണങ്ങളാണ് കേരളത്തില്‍ മുന്നില്‍നിന്നിരുന്നത്. അതില്‍ വരയ്ക്കുക എന്നുള്ളത് ഒരേസമയം ഭയങ്കരമായ റിസ്കും ഒരു അഭിമാനവുമായിരുന്നു. എഎസിനെ നേരിട്ടു കണ്ടപ്പോള്‍ ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനമായ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹൈസ്കൂളില്‍നിന്ന് ജോലി രാജിവച്ചിട്ട് വരാമെങ്കില്‍ നിയമനം തരാമെന്ന് പറഞ്ഞു. ഞാന്‍ രാജിവയ്ക്കാം, വരാം എന്ന് ഉറപ്പു കൊടുത്തു.
കുറച്ചു ദിവസം കഴിഞ്ഞ് മാതൃഭൂമിയില്‍നിന്ന് എനിക്ക് നിയമന ഉത്തരവ് ലഭിച്ചു. അന്ന് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പിന്‍വശത്ത് പെരുന്താന്നിയില്‍ ആയിരുന്നു മാതൃഭൂമി ഓഫീസ്. സ്വന്തമായി കെട്ടിടമുണ്ടായിരുന്നില്ല. വാടകയ്ക്കെടുത്ത ഒരു അതിവിശാലമായ എട്ടുകെട്ടിലായിരുന്നു മാതൃഭൂമി പ്രവര്‍ത്തിച്ചത്. എഎസിന്റെയും സഹായിച്ചിരുന്ന ജെ.ആര്. പ്രസാദിന്റെയും കൂടെ മാതൃഭൂമിയില്‍ 1984 ല്‍ ചേര്‍ന്നു. അടുത്ത വര്‍ഷം ചിത്രഭൂമിയും മാതൃഭൂമി ആഴ്ചപ്പതിപ്പും ഗൃഹലക്ഷ്മിയും വീണ്ടും കോഴിക്കോട്ടേക്ക് മാറ്റുകയുണ്ടായി. അങ്ങനെ ഞാന്‍ കോഴിക്കോട്ട് തിരിച്ചെത്തിയശേഷമാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ നേരില്‍ കാണുന്നത്.
ഞാന്‍ താമസിച്ചിരുന്നത് ആര്‍ട്ടിസ്റ്റ് നമ്പൂതിരി താമസിച്ചിരുന്ന ബിലാത്തിക്കുളത്തെ ശിവക്ഷേത്രത്തിനടുത്തുള്ള ഹൗസിങ് കോളനിയിലായിരുന്നു. ഞാന്‍ ഓഫീസില്‍നിന്ന് മടങ്ങുമ്പോള്‍ നമ്പൂതിരിയെ കാണും. അങ്ങോട്ടും ഇങ്ങോട്ടും പോകുമ്പോള്‍ ശ്രദ്ധിച്ചിട്ടുണ്ട്. നമ്പൂതിരിയുടെ മുന്നില്‍ നില്ക്കാന് അന്ന് സത്യത്തില്‍ എനിക്ക് ഭയമായിരുന്നു. അത്രയും വലിയ ഒരു മനുഷ്യന്റെ മുന്നില്‍ ഞാന്‍ എന്തുപറയാന്‍ എന്നതായിരുന്നു പ്രശ്നം. ഇതിനുശേഷം നമ്പൂതിരി വിരമിച്ച ഒഴിവിലാണ് ഞാന്‍ മാതൃഭൂമിയില്‍ പ്രവര്‍ത്തിച്ചത്. നാല്‍പ്പത് വര്ഷത്തിനുമേലെ നമ്പൂതിരിയുടെകൂടെ, കണ്മുന്നിലാണ് ഞാന്‍ വരച്ചുകൊണ്ടിരുന്നത്. എന്നും കാണുന്നപോലെ അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യാനും എനിക്ക് സാധിച്ചിട്ടുണ്ട്.
ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായി 1990 ല്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തപ്പോള്‍ ഞാനും ലളിതകലാ അക്കാദമിയില്‍ മെമ്പറായിരുന്നു. ഒരുപാട് വേദികളില്‍ ഞങ്ങള്‍ ഒരുമിച്ച് ചിത്രം വരയ്ക്കുകയും ചിത്രത്തെപ്പറ്റിയൊക്കെ സംസാരിക്കുകയും ചടങ്ങുകളിലൊക്കെ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ആ വലിയ മനുഷ്യന്റെ സൂക്ഷ്മമായ നിരീക്ഷണമാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ശ്രദ്ധയോടുകൂടിയാണ് നമ്പൂതിരി എപ്പോഴും വരച്ചത്. ഏറ്റവും ലളിതമെന്നു തോന്നുന്ന ചിത്രങ്ങളെല്ലാം വളരെ ടഫായും, ടഫായിട്ടുള്ള കാര്യങ്ങള്‍ ലളിതമായുമാണ് വരച്ചിരുന്നത്. അദ്ദേഹം കാണുന്ന കാഴ്ചകള്‍ മറ്റുള്ള ചിത്രകാരന്മാര് കാണാത്തതായിരുന്നു. സൂക്ഷ്മമായ പഠനം, ഒബ്സര്‍വേഷന്‍ അദ്ദേഹത്തിന്റെ ചിത്രത്തിലൂടെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത്രയും സൂക്ഷ്മമായി ചിത്രീകരിക്കുന്ന ഒരാള്‍ മലയാളത്തിലുണ്ടോ എന്നുപോലും സംശയമാണ്.
ഇന്നത്തെ ലോകത്ത് നമുക്ക് ടിവി പോലുള്ളവ കാണാന്‍ കഴിയും. ഇതൊന്നും ഇല്ലാതിരുന്ന ഒരു കാലത്ത് തന്റെ നാടായ പൊന്നാനിയിലെ ജനങ്ങളെ, അവരുടെ ജീവിതരീതികളെ, വേഷവിധാനങ്ങളെയൊക്കെ സൂക്ഷ്മമായി നിരീക്ഷിച്ച് വരച്ചയാളാണ് നമ്പൂതിരി. നമ്പൂതിരി കണ്ട ഈ കാഴ്ചകള്‍ ഇന്നത്തെ പുതുതലമുറയ്ക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല, കഴിയുകയുമില്ല.
എന്റെ ജീവിതത്തിലെ എക്കാലത്തേയും ഒരു പ്രതിഭ നമ്പൂതിരിയുടെ വേര്‍പാടോടുകൂടി ഇല്ലാതായിരിക്കുന്നു. ഇനി ആ ശൈലിയും സൂക്ഷ്മതയും ചിത്രീകരണത്തിലുണ്ടാവില്ലെന്ന് തീര്‍ച്ച. നമ്പൂതിരി ഒരു റിസര്‍ച്ച് പുസ്തകം പോലെയാണ് കലാകാരന്മാര്ക്ക് ഭാവിയില്‍ അനുഭവപ്പെടുക. വരയിലെ ഈ പ്രതിഭാധനനോടൊപ്പം എനിക്കും ജോലി ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ഒരു ഭാഗ്യമായി പറയാന്‍ പറ്റുന്നത്. നമ്പൂതിരിയുടെ ഓര്‍മകള്‍ എന്നാളും ഉണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: