കൊച്ചി: ജീവനക്കാര്‍ക്ക് കഴിഞ്ഞമാസത്തെ ശമ്പളം നല്‍കാതിരുന്ന കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. 20ന് ഉച്ചക്ക് ഹര്‍ജി വീണ്ടും പരിഗണിക്കുന്നതിനു മുമ്പ് ശമ്പളം നല്കിയില്ലെങ്കില് എംഡി ഓണ്‍ലൈന്‍ മുഖേന ഹാജരായി വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു. ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ നിര്‍ദ്ദേശം. സര്‍ക്കാരിനോടു സഹായം തേടിയിട്ടുണ്ടെന്നും മുപ്പതു കോടി രൂപ ഉടന്‍ ലഭിക്കാനാണ് സാധ്യതയെന്നും കെഎസ്ആര്‍ടിസിയുടെ അഭിഭാഷക വിശദീകരിച്ചു.
കഠിനാദ്ധ്വാനം ചെയ്തിട്ടും ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്ത സ്ഥിതി ദയനീയമാണെന്ന് കോടതി പറഞ്ഞു. പ്രതിമാസം 220 കോടിയിലേറെ രൂപ വരുമാനം ഉണ്ടാക്കിയിട്ടും ഈ സ്ഥിതിയിലേക്ക് കെഎസ്ആര്‍ടിസി എത്തുന്നതെങ്ങനെയാണെന്ന് മനസിലാകുന്നില്ല. എല്ലാ മാസവും പത്തിനകം ശമ്പളം നല്‍കണമെന്ന ഉത്തരവിനു വിരുദ്ധമാണിത്. ബാധ്യത പൂര്‍ണമായി ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ എത്രനാള്‍ ഇങ്ങനെ മുന്നോട്ടു പോകും? കോടതിയുടെ നിര്‍ദ്ദേശങ്ങളെല്ലാം ബധിരകര്‍ണങ്ങളിലാണ് പതിക്കുന്നത്. ഈ നില തുടരാനാവില്ല. ഒരു വര്‍ഷത്തിലേറെയായി ഈ വിഷയം പരിഗണിക്കുന്നു, കോടതി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: