കൊച്ചി: ശിക്ഷ കൂടിപ്പോയോ കുറഞ്ഞുപോയോ എന്നതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളല്ലെന്ന് പ്രൊഫ. ടി.ജെ. ജോസഫ്. പ്രാകൃത വിശ്വാസങ്ങളില്ലാത്ത ആധുനിക ലോകമാണ് താന്‍ സ്വപ്നം കാണുന്നതെന്നും കൈവെട്ടു കേസിലെ ശിക്ഷാവിധി കേട്ട ശേഷം അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. ”ഈ കേസിലെ എന്റെ ഉത്തരവാദിത്തം സാക്ഷിമൊഴി നല്‍കുക എന്നതു മാത്രമായിരുന്നു. പ്രതികള്‍ക്ക് എന്ത് ശിക്ഷ കിട്ടിയാലും അത് എന്നെ ബാധിക്കുന്ന കാര്യമല്ല. ശിക്ഷ കൂടിപ്പോയോ കുറഞ്ഞോ എന്നൊക്കെയുള്ള കാര്യങ്ങള്‍ നിയമ പണ്ഡിതര്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. പ്രധാന പ്രതി പിടിയിലാവാത്തത് അന്വേഷണ സംഘത്തിന്റെ പോരായ്മ കൊണ്ടോ പ്രതി സമര്ഥനായതുകൊണ്ടോ പ്രതിയെ സംരക്ഷിക്കുന്നവര്‍ സ്വാധീനമുള്ളവരായതുകൊണ്ടോ ആവാം.
ചില ആളുകളുടെ പ്രാകൃതമായ വിശ്വാസ സംഹിതകളുടെ പേരില്‍ ആക്രമിക്കപ്പെട്ടു. അതിന്റെ പേരില്‍ ആരെയെങ്കിലും ശിക്ഷിക്കുകയോ കഷ്ടപ്പെടുത്തുകയോ ചെയ്യുന്നതിനോട് എനിക്ക് താത്പര്യമില്ല. ആക്രമിച്ച സമയത്ത് സ്ഥാപനം ജോലിയില്‍നിന്ന് പിരിച്ചുവിട്ടത് വിഷമമുണ്ടാക്കി. എന്നാല്‍ അക്കാലം കഴിഞ്ഞു. നഷ്ടപരിഹാരം തരികയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്,” അദ്ദേഹം പറഞ്ഞു.
”പ്രാകൃതം, മതനീതി നടപ്പാക്കാനുള്ള ശ്രമം”
കൊച്ചി: പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസില്‍ ശിക്ഷ വിധിച്ച എന്‍ഐഎ കോടതി നടത്തിയത് സുപ്രധാന നിരീക്ഷണങ്ങള്‍. അധ്യാപകന്റെ കൈ വെട്ടിയതിലൂടെ മതനീതി നടപ്പാക്കാനാണ് പ്രതികള്‍ ശ്രമിച്ചത്. അധ്യാപകന് ചെയ്തത് മതനിന്ദയാണെന്ന് പ്രഖ്യാപിച്ച് ശിക്ഷ നടപ്പാക്കി. ഭീകരവാദ പ്രവര്‍ത്തനമാണ് നടന്നതെന്നും പ്രതികളുടെ പ്രവൃത്തി മത സൗഹാര്‍ദത്തിന് പോറലേല്‍പ്പിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികളുടെ പ്രവൃത്തി പ്രാകൃതമെന്നു വിശേഷിപ്പിച്ച കോടതി സമാന സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി വേണമെന്നും പറഞ്ഞു. പ്രതികള്‍ക്ക് മാനസാന്തരമുണ്ടാകുമെന്ന് പറയാന്‍ കഴിയില്ല. ടി.ജെ. ജോസഫ് അനുഭവിച്ച ശാരീരിക-മാനസിക പ്രശ്നങ്ങള്‍ അതിഭീകരമാണ്. ഭാര്യയുടെ വിയോഗം സൃഷ്ടിച്ച മാനസികാഘാതത്തില്‍നിന്ന് അദ്ദേഹം ഇനിയും മുക്തനായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
ചോദ്യ പേപ്പറിലെ മതനിന്ദയാരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി താലിബാന് രീതിയില്‍ വെട്ടി മാറ്റിയെന്നാണ് പ്രോസിക്യൂഷന് കേസ്. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന് വാദം കോടതി ശരിവച്ചു. കേരളത്തില്‍ നടന്ന താലിബാന് ശൈലിയിലുള്ള ആദ്യത്തെ ആക്രമണമായിരുന്നു പ്രൊഫ. ജോസഫിനുനേരേ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: