ജക്കാര്‍ത്ത: ഏഴരപ്പതിറ്റാണ്ടുകാലം ഇന്ത്യന്‍ സമൂഹത്തെ വരിഞ്ഞുമുറുക്കിയ നിരവധി നിയമങ്ങള്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ മാറ്റിയെന്ന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍. ചരിത്രപരമായ മാറ്റങ്ങളാണ് രാജ്യത്ത് സംഭവിക്കുന്നതെന്ന് ഇന്തോനേഷ്യയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
രാജ്യം ശക്തമായപ്പോള്‍ സാധാരണക്കാരന്റെ ജീവിതവും എളുപ്പമായി. രാജ്യത്തിന്റെ ഈ വികസന യാത്രയില്‍ പങ്കാളികളാകാന്‍ ഓരോ ഇന്ത്യക്കാരനും ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി രാജ്യത്തിന്റെ ഘടികാരം തിരിഞ്ഞുകറങ്ങുകയാണ്. സ്വതന്ത്രഭാരതം ആദ്യപുലരിയില്‍ കൈക്കൊള്ളേണ്ടിയിരുന്ന പല തീരുമാനങ്ങളും ഇപ്പോള്‍ നമ്മള് കൈക്കൊള്ളുന്നു.
ജനജീവിതത്തെ ദുസ്സഹമാക്കിയിരുന്ന നിയമങ്ങള്‍ അഴിച്ചുപണിയുന്നു. മാന്യമായി വ്യവസായം ചെയ്യാനുള്ള സൗകര്യങ്ങളുടെ കാര്യത്തില്‍പോലും ഇന്ത്യ 63 സ്ഥാനങ്ങള്‍ മുന്നോട്ടുകയറി. ഒരു ശരാശരി ഇന്ത്യക്കാരന്റെ ജീവിതം സുഗമമാക്കുന്ന നയങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രോത്സാഹിപ്പിക്കുന്നതും നടപ്പാക്കുന്നതും, ജയശങ്കര്‍ പറഞ്ഞു.
ആസിയാന്‍ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ജയശങ്കര്‍ ജക്കാര്‍ത്തയിലെത്തിയത്. സിംഗപ്പൂരിലെ വിദേശകാര്യമന്ത്രിയും ഇന്ത്യന്‍ വംശജനുമായ വിവിയന്‍ ബാലകൃഷ്ണനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. എന്നോടൊപ്പം സമയം പങ്കിട്ടതിന് വിവിയന്‍ ബാലയ്ക്ക് നന്ദി. ഡിജിറ്റല്‍, ഫിന്‍ടെക്, ഭക്ഷ്യസുരക്ഷ, ഷിപ്പിങ് തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. മ്യാന്മറിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള വീക്ഷണങ്ങള്‍ പങ്കുവച്ചു, ജയശങ്കര്‍ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: